കാന്റോ ഒൻപത്

കാന്റോ ഒൻപത്

ടോണിനോ ഗുവേരടോണിനോ ഗുവേര

നൂറ് ദിവസമെങ്കിലുമായി മഴ പെയ്യുകയായിരുന്നിരിക്കണം,
എല്ലാ ചെടികളുടെയും വേരുകളിൽ
        കുതിർന്നിറങ്ങിയ വെള്ളം
ഗ്രന്ഥശാലയിലെത്തി, മഠത്തിനുള്ളിൽ
അടച്ചുവെച്ച വിശുദ്ധവാക്കുകളെയെല്ലാം നനച്ചു.

കാലാവസ്ഥ നന്നായി വന്നപ്പോൾ
സജാത്-നോവ, ഏറ്റവും ഇളയ സന്യാസി,
ഒരു കോണിയുമെടുത്ത് പുസ്തകമെല്ലാം
മേൽക്കൂരയിലെത്തിച്ചു, വെയിലത്ത്,
താളുകളുണങ്ങുന്നതും കാത്തിരുന്നു.

നല്ല കാലാവസ്ഥയായിരുന്ന ഒരു മാസം,
പുസ്തകങ്ങൾ ജീവന്റെ ലക്ഷണമെന്തെങ്കിലും
നൽകുന്നതും കാത്ത് സന്യാസി
മുറ്റത്ത് മുട്ടുകുത്തിയിരുന്നു.
ഒടുവിൽ ഒരു പ്രഭാതത്തിൽ താളുകൾ
ഇളംകാറ്റിൽ പയ്യെ മർമ്മരമുണ്ടാക്കി തുടങ്ങി.

മേൽക്കൂരയിൽ തേനീച്ചക്കൂട്ടം
വന്നെത്തിയതുപോലെയായിരുന്നു ആ ശബ്ദം,
അവൻ കരയാൻ തുടങ്ങി, കാരണം
പുസ്തകങ്ങൾ സംസാരിക്കുകയായിരുന്നു.

ടോണിനോ ഗുവേര (1920–2012): ഇറ്റാലിയൻ കവിയും എഴുത്തുകാരനും തിരക്കഥാകൃത്തും. ഫെഡറിക്കോ ഫെല്ലിനി, മിക്കലാഞ്ചലോ അന്റോണിയോണി, ആന്ദ്രേ താർക്കോവ്സ്കി, തിയോ ആഞ്ചലോപൗലോസ് തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചു. Amarcord, Blow-Up, L’Avventura, Nostalghia തുടങ്ങിയ ലോകപ്രശസ്ത സിനിമകളുടെ തിരക്കഥാകൃത്ത്.
കിണർ

കിണർ

തദേവുഷ് ഡബ്രോവ്സ്കിതദേവുഷ് ഡബ്രോവ്സ്കി

മഞ്ഞുകാലത്തിന്റെ ചാലിലൂടെ രാത്രിവണ്ടി
ബോബ്‌സ്ലെഡ് പോലെ തെന്നിപ്പായുന്നു,
താഴ്‌വരയിൽ ഉറക്കത്തിന്റെ മങ്ങിയ
പൊൻവെളിച്ചത്തിൽമൂടി പേരില്ലാത്തൊരു
ചെറുപട്ടണം, അവിടെവെച്ചാണ് ഞാൻ
ആദ്യമായി എ.യുടെ മുലകളിൽ തൊട്ടത്,
അതവളെ ഗർഭിണിയാക്കുമോ എന്നുറപ്പില്ലാതെ.
ഡിസംബർ, തൊണ്ണൂറുകളുടെ ഒടുവിൽ.
ക്രിസ്മസ് വിളക്കുകൾ ചിതറിയ
ചന്തയിൽ, മൾഡ് വീഞ്ഞിന്റെ ആവിയിൽ,
കീശയിൽ നിറയെ എഴുതിത്തുടങ്ങിയ
കവിതകളുമായി—അവയാകട്ടെ
ഭാവിയെക്കുറിച്ചോ അർത്ഥത്തെക്കുറിച്ചോ
ഒന്നും ചോദിച്ചിരുന്നില്ല.
ഒരു സംഗീതപ്പെട്ടിക്കുള്ളിലാണെന്നു
ഞങ്ങൾക്കു തോന്നി. പല മുഖങ്ങളുള്ള
ദൈവം അന്ന് ലോകം ഭരിച്ചിരുന്നില്ല.
ഉണ്ടെന്നുള്ളതിന്റെ ഉറപ്പായിരുന്നു സ്പർശം.
രാത്രിവണ്ടി പൂച്ചയെപ്പോലെ
ആ ചെറുപട്ടണത്തിന്റെ വെളിച്ചത്തിൽ
ഉരുമ്മിക്കടന്നുപോകുന്നു, വല്ലാത്ത ധൃതിയിൽ,
തൊണ്ണൂറുകളുടെ ഒടുവിൽ ഞാൻ അവളുടെ
വിളറിയ തുടുത്ത മുലകളിൽ ഉരുമ്മിയതുപോലെ.
ആ വെളിച്ചത്തിലേക്കു ഞാൻ നോക്കുന്നു, ഒന്നും
തോന്നുന്നില്ല. തുരങ്കത്തിലേക്കു കടക്കുന്നു.
ഞാൻ സ്വപ്നം കാണുന്നു, കിണറ്റിലേക്കു
വിളിച്ചുചോദിക്കുന്നതായി: നീ ഇപ്പോഴും
അവിടെയുണ്ടോ? കേൾക്കുന്നു: നീ ഇപ്പോഴും
അവിടെയുണ്ടോ? ഉണ്ട്—ഞാൻ പറയുന്നു.
ഞാൻ കേൾക്കുന്നു: ഉണ്ട്.

തദേവുഷ് ഡബ്രോവ്സ്കി (ജനനം 1979): പോളിഷ് കവി, ഉപന്യാസകാരൻ, സാഹിത്യനിരൂപകൻ. പത്ത് കവിതാസമാഹാരങ്ങളുടെ രചയിതാവ്. കവിതകൾ മുപ്പതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കോഷ്ചെൽസ്കി പുരസ്കാരം, ഹൂബർട്ട് ബുർദ പുരസ്കാരം, ഹോർസ്റ്റ് ബീനക് കവിതാപുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

കത്ത്

കത്ത്

മാർക്ക് സ്ട്രാൻഡ്മാർക്ക് സ്ട്രാൻഡ്

For Richard Howard

ആളുകൾ പാടത്തിനു കുറുകെ ഓടുകയാണ്,
അവരുടെ പോക്കറ്റുകളിൽ നിന്നും പേനകൾ വീഴുന്നു.
നടക്കാനിറങ്ങുന്നവർ അവ എടുത്തുകൊള്ളും.
കത്തുകളെഴുതപ്പെടുന്നതിൻ്റെ ഒരു രീതി ഇതാണ്.

കാര്യങ്ങൾ എങ്ങനെ മറ്റുള്ളവരിലേക്ക് ചെന്നുവീഴുന്നു!
ഇനിമേൽ എൻ്റേതല്ലെന്നാകുന്ന ഞാൻ, ഒരപരിചിതൻ്റെ
നിഴലിൽ ഉറക്കത്തിലാകുന്നു, ഇപ്പോൾ അയാൾക്ക്
ഉടുവസ്ത്രമാകുന്നു, പിന്നെ അവനെയും കൂട്ടിപ്പോകുന്നു.

ഈ കത്ത് ഞാൻ എഴുതുമ്പോൾ ഉച്ചയാണ്.
ആരുടെയോ ജീവിതം എൻ്റെ കൈകളിലായിരിക്കുന്നു.
സൂര്യൻ കെട്ടിടങ്ങളെ വെളുപ്പിച്ചെടുക്കുന്നു.
എനിക്കാകെയുള്ളത് ഇതാണ്, അതെല്ലാം
ഞാൻ നിനക്ക് നൽകുന്നു. നിൻ്റേത്,

മാർക്ക് സ്ട്രാൻഡ് (1934–2014): കനേഡിയയിൽ ജനിച്ച അമേരിക്കൻ കവിയും പരിഭാഷകനും. കവിതയ്ക്കുള്ള പുലിറ്റ്സർ പ്രൈസ്, വാലസ് സ്റ്റീവെൻസ് അവാർഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ നേടി.
ഇത്താക്ക

ഇത്താക്ക

സി. പി. കവാഫിസി. പി. കവാഫി

ഇത്താക്കയിലേക്കു നീ യാത്രതിരിക്കുമ്പോൾ
നിന്റെ വഴി ദൈർഘ്യമേറിയതായിരിക്കട്ടെ,
സാഹസങ്ങളാലും കണ്ടെത്തലുകളാലും നിറയട്ടെ.
ലൈസ്ട്രിഗോണിയന്മാർ, സൈക്ലോപ്‌സ്,
ക്രുദ്ധനായ പൊസൈഡൺ—ആരെയും ഭയപ്പെടേണ്ടതില്ല:
നിൻ്റെ ചിന്തകൾ ഉയർന്നുനിൽക്കുവോളം
നിൻ്റെ ഉടലിലും ആത്മാവിലും
അപൂർവ്വമായോരാവേശം ഇളകിമറിയുവോളം
അവരെ നീ നേരിടേണ്ടതായി വരില്ല.
ലൈസ്ട്രിഗോണിയന്മാർ, സൈക്ലോപ്‌സ്,
ഉഗ്രനായ പൊസൈഡൺ— ഇവരാരെയും
നിൻ്റെ ആത്മാവിനോടൊപ്പം നീ കൊണ്ടുനടക്കുന്നില്ലെങ്കിൽ
നിൻ്റെ മുന്നിൽ നീതന്നെ കൊണ്ടുനിർത്തുന്നില്ലെങ്കിൽ
നിനക്ക് അവരുമായി കൂട്ടിമുട്ടേണ്ടതില്ല.

നിന്റെ വഴി ദൈർഘ്യമേറിയതായിരിക്കട്ടെ.
അനേകം വേനൽപുലരികളുണ്ടാകട്ടെ, അപ്പോൾ,
എന്തെന്നില്ലാത്ത ആവേശത്തോടെയും തൃപ്തിയോടെയും
നീ ആദ്യം കാണുന്ന തുറമുഖങ്ങളിലേക്ക് കടന്നുചെല്ലട്ടെ;
ഫീനീഷ്യൻ വ്യാപാരശാലകളിൽ നിർത്താനാകട്ടെ,
മനോഹരമായ ആ വസ്തുക്കൾ;
മുത്തുച്ചിപ്പി, പവിഴം, ആംബർ, കരിമരം,
എല്ലാത്തരം മാദക സുഗന്ധദ്രവ്യങ്ങളും
കഴിയുന്നത്ര സ്വന്തമാക്കൂ.
ഈജിപ്തിലെ അനേകം നഗരങ്ങൾ സന്ദർശിക്കൂ
അവിടുത്തെ പണ്ഡിതരിൽ നിന്നും പഠിക്കൂ,
പിന്നെയും പഠിച്ചുകൊണ്ടേയിരിക്കൂ.

ഇത്താക്കയെ എപ്പോഴും മനസ്സിൽ സൂക്ഷിക്കൂ.
അവിടെയെത്തിച്ചേരുക തന്നെയാണ് നിൻ്റെ വിധി.
എന്നാൽ യാത്രയിൽ തിടുക്കമരുതേ,
ഏറെക്കാലം നീണ്ടുനിൽക്കുന്നതു തന്നെ നല്ലത്
ദ്വീപിലെത്തുമ്പോഴേക്കും നീ വാർധക്യത്തിലെത്തിയിരിക്കട്ടെ.
വഴിയേ നേടിയതെല്ലാം കൊണ്ട് സമ്പന്നനായവനായി
ഇത്താക്ക നിന്നെ സമ്പന്നനാക്കേണ്ടതുണ്ടെന്ന പ്രതീക്ഷയില്ലാതെ.

ഇത്താക്കയാണ് വിസ്മയകരമായ ഈ യാത്ര നിനക്ക് നൽകിയത്.
അവളില്ലായിരുന്നുവെങ്കിൽ നീ യാത്രതിരിക്കില്ലായിരുന്നു.
നിനക്കായി തരാൻ അവളിൽ മറ്റൊന്നുമിപ്പോൾ ശേഷിക്കുന്നില്ല.

അവളെ നീ ദരിദ്രയായി കണ്ടാലും, ഇത്താക്ക നിന്നെ വഞ്ചിച്ചിട്ടില്ല,
അനുഭവത്താൽ സമ്പന്നനും ജ്ഞാനത്താൽ പക്വതയാർന്നവനുമായ
നീ മനസ്സിലാക്കിയിരിക്കും, ഇത്താക്കകൾ എന്താണെന്ന്.

'Ithaca' by C.P. Cavafy

സി. പി. കവാഫി (1863-1933): ഗ്രീക്ക് കവി. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ 1863 ഏപ്രിൽ 29നായിരുന്നു കോൺസ്റ്റാന്റിൻ പീറ്റർ കവാഫിയുടെ ജനനം. ഒമ്പത് മുതൽ പതിനാറാം വയസ്സ് വരെ ഇംഗ്ലണ്ടിൽ കഴിഞ്ഞ കവാഫി, പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലും ഫ്രാൻസിലും കുറച്ചുകാലം ജീവിച്ചു. 1885ൽ അലകസാൻഡ്രിയയിൽ തിരിച്ചെത്തി. അവിടെ ജലസേചന വകുപ്പിൽ ജീവനക്കാരനായി. ഇക്കാലത്താണ് കവിതയെഴുത്തിൽ സജീവമായത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ഗ്രീക്ക് ചരിത്രത്തിന്റെയും പുരാണത്തിന്റെയും ഭാവനാപരമായ പുനരാഖ്യാനം, സാങ്കൽപ്പിക ഭാഷണങ്ങൾ എന്നിങ്ങനെ ചരിത്രപരവും തത്വചിന്താപരവും മനഃശാസ്‌ത്രപരവുമായ പ്രമേയങ്ങളാണ് കവാഫി കവിതകളുടേത്.

നിങ്ങളോടുതന്നെ നിന്ദ തോന്നുന്നതിന് സ്തുതി

നിങ്ങളോടുതന്നെ നിന്ദ തോന്നുന്നതിന് സ്തുതി

വീസ്വാവ ഷിംബോർസ്കവീസ്വാവ ഷിംബോർസ്ക

കഴുകൻ ഒരിക്കലും കുറ്റമേറ്റുപറയുന്നില്ല.
മനഃസ്സാക്ഷിക്കുത്തിനർത്ഥം പുള്ളിപ്പുലി അറിയുന്നില്ല.
ആക്രമിക്കുമ്പോൾ പിരാനയ്ക്കില്ലൊരു സങ്കോചവും.
കൈകളുണ്ടെങ്കിൽ പാമ്പുകൾ പറഞ്ഞേനെ, അവ ശുദ്ധമെന്ന്.

മനോവേദനയെന്തെന്ന് കുറുക്കൻ അറിയുന്നില്ല.
സിംഹങ്ങൾക്കും പേനിനും മുന്നോട്ടുപോക്കിൽ നിലതെറ്റുന്നില്ല,
എന്തിനു തെറ്റണം, തങ്ങളുടേത് ശരിയാണെന്നറിഞ്ഞിരിക്കെ?

കൊലയാളിത്തിമിംഗലങ്ങളുടെ ഹൃദയങ്ങളുടെ ഭാരം
ആയിരം കിലോയോളം വരുമെങ്കിലും
മറ്റേതൊരുരീതിയിലായാലും അവയെത്ര കുറവ്.

സൂര്യൻ്റെ ഈ മൂന്നാം ഗ്രഹത്തിൽ
മൃഗീയതയുടെ ലക്ഷണങ്ങളിൽ
മങ്ങലില്ലാത്ത മനഃസ്സാക്ഷി തന്നെ ഒന്നാമത്തേത്.

'In Praise of Feeling Bad About Yourself' by Wislawa Szymborska

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

കന്യക

കന്യക

അമൃത പ്രീതംഅമൃത പ്രീതം

നിന്റെ കിടപ്പറയിലേക്കു വന്നുകയറിയപ്പോൾ
ഞാൻ ഒരാളല്ലായിരുന്നു, രണ്ടായിരുന്നു:
ഒരുവൾ വിവാഹിത,
മറ്റവൾ കളങ്കമേൽക്കാത്ത കന്യക.

നിന്റെ കൂടെക്കിടക്കാൻ കന്യകയെ
ബലി നൽകേണ്ടിയിരുന്നു—ഞാനവളെ കൊന്നു.
ചട്ടപ്രകാരം ഇത്തരം കൊലകൾ അനുവദനീയമാണ്,
ഇതോടൊപ്പമുണ്ടാകുന്ന അപമാനമൊഴികെ.
അതിനാൽ അപമാനഭാരം ഞാൻ പേറി.

നേരം വെളുത്തപ്പോൾ,
എന്റെ കൈകളിൽ ഞാൻ രക്തം കണ്ടു,
ശരീരത്തിലുണ്ടാകുന്ന മണങ്ങൾ
കഴുകിക്കളയുന്ന പോലെ
ഞാനത് കഴുകിക്കളഞ്ഞു.

പക്ഷേ, കണ്ണാടിയിൽ നോക്കിയപ്പോൾ
എനിക്കു മുന്നിൽ അതാ അവൾ നിൽക്കുന്നു;
കഴിഞ്ഞ രാത്രി ഞാൻ കൊന്നുകളഞ്ഞെന്ന്
കരുതിയ അതേ അവൾ തന്നെ.

ദൈവമേ! കിടപ്പറയിൽ അത്രയ്ക്കിരുട്ടായിരുന്നോ!
ആരെയാണ് ഞാൻ കൊല്ലേണ്ടിയിരുന്നത്,
ആരെയാണ് ഞാൻ കൊന്നിരിക്കുന്നത്?

അമൃത പ്രീതം (1919-2004): പഞ്ചാബിയിലും ഹിന്ദിയിലും എഴുതിയ കവിയും നോവലിസ്റ്റും. നൂറിലേറെ പുസ്തകങ്ങൾ രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടി. 
പുല്ല്

പുല്ല്

കാൾ സാൻഡ്ബർഗ്കാൾ സാൻഡ്ബർഗ്

ഓസ്റ്റർലിറ്റ്സിലും വാട്ടർലൂവിലും ശവങ്ങൾ അട്ടിയിടുക.
അതിന്മേൽ മണ്ണുകോരിയിട്ടുമൂടുക,
ഇനിയെന്നെ എന്റെ പണിയെടുക്കാൻ വിടുക—
       ഞാൻ പുല്ല്, ഞാനെല്ലാം മൂടിവെക്കുന്നു.

ഗെറ്റിസ്ബർഗിലും വൈപ്രസ്സിലും
വെർഡൂണിലും ശവങ്ങൾ കൂട്ടിയിടുക
അവയ്ക്കുമേൽ മണ്ണിടുക,
       എന്നെ എന്റെ പണിയെടുക്കാൻ വിടുക.

രണ്ട് വർഷം, പത്ത് വർഷം
പിന്നെ യാത്രക്കാർ കണ്ടക്റ്ററോട് ചോദിക്കുകയായി:
       'ഇതേതാണ് സ്ഥലം?'
       'നാമിപ്പോൾ എവിടെയാണ്?'

       ഞാനാണ് പുല്ല്,
       എന്നെ എന്റെ പണിയെടുക്കാൻ വിടുക.

കാൾ സാൻഡ്ബർഗ് (1878—1967): അമേരിക്കൻ കവി. കവിതയ്ക്കുള്ള പുലിറ്റ്സർ പ്രൈസ് രണ്ടുവട്ടം ലഭിച്ചു. 
നമ്മുടെ ഭയം

നമ്മുടെ ഭയം

സ്ബിഗ്നിയെഫ് ഹെർബെർട്ട്സ്ബിഗ്നിയെഫ് ഹെർബെർട്ട്

നമ്മുടെ ഭയം
നിശാവസ്ത്രം ധരിക്കുന്നില്ല,
അതിനില്ല മൂങ്ങയുടെ കണ്ണുകൾ,
അതൊരു പെട്ടിയും തുറക്കുന്നില്ല,
ഒരു മെഴുകുതിരിയും കെടുത്തുന്നില്ല
മരിച്ചവന്റെ മുഖം പോലും അതിനില്ല.

നമ്മുടെ ഭയം
കീശയിൽ കണ്ടെടുക്കുന്ന
ഒരു തുണ്ട് കടലാസ്സാണ്
"ഡ്ളുക തെരുവിൽ അപകടമെന്ന്
വോജ്‌ചിക്കിനു മുന്നറിയിപ്പ് നൽകുക"

നമ്മുടെ ഭയം
കൊടുങ്കാറ്റിന്റെ ചിറകിൽ ഉയരുന്നില്ല,
പള്ളിഗോപുരത്തിന്മേൽ ഇരിക്കുന്നില്ല,
അത് ഭൂമിയോളം താഴെയാണ്.
കമ്പിളിയുടുപ്പും ആയുധങ്ങളും
പലവകസാധനങ്ങളും ചേർത്ത്
തിരക്കിട്ടു കെട്ടിയുണ്ടാക്കിയ
ഭാണ്ഡത്തിന്റെ രൂപമാണതിനുള്ളത്.

നമ്മുടെ ഭയത്തിനു
മരിച്ച ഒരാളുടെ മുഖമില്ല.
മരിച്ചവർ നമ്മോട് സൗമ്യരാണ്
നാമവരെ നമ്മുടെ ചുമലിലേറ്റുന്നു
ഒരേ പുതപ്പിനുള്ളിൽ ഉറങ്ങുന്നു
അവരുടെ കൺകൾ അടയ്ക്കുന്നു
ചുണ്ടുകൾ നേരെയാക്കുന്നു
വരണ്ട ഒരിടം കണ്ടെത്തി
അവരെ കുഴിച്ചിടുന്നു

അധികം ആഴത്തിലല്ല
ആഴം കുറഞ്ഞുമല്ല.

സ്ബിഗ്നിയെഫ് ഹെർബെർട്ട് (1924–1998): പോളിഷ് കവി. നിയമബിരുദധാരിയായ ഹെർബെർട്ടിന്റെ കാവ്യഭാഷ നിയമഭാഷയുടെ പൊതുസ്വഭാവങ്ങളായ ഗഹനമായ ശുഷ്കതയും കണിശതയും ഉൾക്കൊള്ളുന്നു. ചരിത്രവും രാഷ്ട്രീയവും ഹെർബെർട്ടിന്റെ കവിതയിൽ പ്രധാനമാണ്. നാസികൾക്കെതിരെയും സ്റ്റാലിനിസത്തിനെതിരെയും നിലപാടെടുത്ത അദ്ദേഹത്തെ അസ്സൽ രാഷ്ട്രീയകവിയെന്നു വിശേഷിപ്പിക്കാറുണ്ട്.

രണ്ട് തുള്ളികൾ

രണ്ട് തുള്ളികൾ

സ്ബിഗ്നിയെഫ് ഹെർബെർട്ട്സ്ബിഗ്നിയെഫ് ഹെർബെർട്ട്

കാടുകൾ കത്തിയെരിയുകയായിരുന്നു.
അവരോ പരസ്പരം കൈകളാൽ
കഴുത്തിൽ ചുറ്റിപ്പുണരുകയായി,
പനിനീർപ്പൂച്ചെണ്ടുകളെയെന്നപോലെ.

അഭയം തേടിയാളുകൾ ഓടിക്കൊണ്ടിരുന്നു,
തന്റെ പെണ്ണിന്റെ മുടിയുടെ ആഴങ്ങളിൽ
ഒരുവനൊളിക്കാമെന്നവൻ പറഞ്ഞു.

ഒരേ പുതപ്പിനുള്ളിൽ കിടന്നവർ
നാണിപ്പിക്കും വാക്കുകൾ കാതിലോതി,
പ്രേമിക്കുന്നുവരുടേതായ പ്രാർത്ഥന.

സ്ഥിതി പിന്നെയും മോശമായപ്പോൾ
അവർ അന്യോന്യം കണ്ണുകളിലേക്ക് കയറി
കൺപോളകൾ മുറുക്കിയടച്ചു.

കൺപീലികളിൽ തീനാളമെത്തിയതു പോലും
അറിയാത്തവണ്ണം അവരുടെ കണ്ണുകളടഞ്ഞുകിടന്നു.

ഒടുക്കംവരെയും അവർ ധീരർ.
ഒടുക്കംവരെയും അവർ വിശ്വസ്തർ.
ഒടുക്കംവരെയും അവർ സമാനർ.
മുഖത്തിന്റെ വക്കിൽ തങ്ങിനിൽക്കുന്ന
രണ്ട് തുള്ളികൾ പോലെ.

സ്ബിഗ്നിയെഫ് ഹെർബെർട്ട് (1924–1998): പോളിഷ് കവി. നിയമബിരുദധാരിയായ ഹെർബെർട്ടിന്റെ കാവ്യഭാഷ നിയമഭാഷയുടെ പൊതുസ്വഭാവങ്ങളായ ഗഹനമായ ശുഷ്കതയും കണിശതയും ഉൾക്കൊള്ളുന്നു. ചരിത്രവും രാഷ്ട്രീയവും ഹെർബെർട്ടിന്റെ കവിതയിൽ പ്രധാനമാണ്. നാസികൾക്കെതിരെയും സ്റ്റാലിനിസത്തിനെതിരെയും നിലപാടെടുത്ത അദ്ദേഹത്തെ അസ്സൽ രാഷ്ട്രീയകവിയെന്നു വിശേഷിപ്പിക്കാറുണ്ട്.

യുദ്ധം നന്നായി പണിയെടുക്കുന്നു

യുദ്ധം നന്നായി പണിയെടുക്കുന്നു

ദുന്യ മിഖെയിൽദുന്യ മിഖെയിൽ

യുദ്ധം എത്ര ഗംഭീരമാണ്!
എത്ര ഉത്സാഹഭരിതവും കാര്യക്ഷമവും!
അതിരാവിലെത്തന്നെ സൈറണുകളെ ഉണർത്തി,
ആമ്പുലൻസുകളെ പലയിടങ്ങളിലേക്ക് അയക്കുന്നു,
ശവങ്ങളെ വായുവിലൂടെ തൂക്കിയെടുക്കുന്നു,
മുറിവേറ്റവരിലേക്കു സ്ട്രെച്ചറുകൾ ഉരുട്ടുന്നു,
അമ്മമാരുടെ കണ്ണുകളിൽ നിന്നും മഴയെ
വിളിച്ചുവരുത്തുന്നു, ഭൂമിയെ കിളച്ചുമറിക്കുന്നു,
അവശിഷ്‌ടങ്ങളിൽ പലതും പുറത്തെടുക്കുന്നു;
ചിലത് ജീവനറ്റു മിനുങ്ങുന്നവ, മറ്റുള്ളവ
വിളറിവെളുത്ത് മിടിപ്പിനിയും നിലയ്ക്കാത്തവ.

അത് കുട്ടികളുടെ മനസ്സിൽ ഏറെ ചോദ്യങ്ങളുണ്ടാക്കുന്നു,
ആകാശത്തേക്ക് മിസൈലുകളും ബോംബുകളും
തൊടുത്തുവിട്ട് ദൈവങ്ങളെ രസിപ്പിക്കുന്നു,
പോർക്കളങ്ങളിൽ മൈൻ വിതയ്ക്കുന്നു,
തുളകളും പൊള്ളലുകളും ഉണ്ടാക്കിയെടുക്കുന്നു,
കുടിയേറിപ്പോകാൻ കുടുംബങ്ങൾക്ക് പ്രേരണയാകുന്നു,
ചെകുത്താനെ പഴിക്കുന്ന
പുരോഹിതരുടെ അരികത്തു നിൽക്കുന്നു
(പാവം ചെകുത്താൻ, അതിന് പൊള്ളുന്ന തീയ്യിൽ
ഒറ്റക്കൈയ്യുമായി നിൽക്കേണ്ടി വന്നിരിക്കുകയാണ്)
യുദ്ധം പണി തുടർന്നുകൊണ്ടേയിരിക്കുന്നു,
രാവെന്നോ പകലെന്നോയില്ലാതെ.

അത് സ്വേച്ഛാധിപതികൾക്ക് നീണ്ട പ്രസംഗങ്ങൾ
നടത്താൻ പ്രചോദനമാകുന്നു.
സേനാധിപതികൾക്ക് മെഡലുകൾ സമ്മാനിക്കുന്നു,
കവികൾക്ക് എഴുതാൻ പ്രമേയങ്ങൾ നൽകുന്നു,
കൃത്രിമാവയവ നിർമ്മാണ മേഖലയ്ക്ക്
നേട്ടമുണ്ടാക്കാനുള്ള വകയുണ്ടാക്കുന്നു,
ഈച്ചകൾക്ക് തീറ്റ കൊടുക്കുന്നു,
ചരിത്രപുസ്തകങ്ങളുടെ താളുകൾ കൂട്ടുന്നു,
കൊന്നവർക്കും കൊല്ലപ്പെട്ടവർക്കുമിടയിൽ
തുല്യത കൈവരുത്തുന്നു,
കാമുകരെ കത്തെഴുതാൻ പഠിപ്പിക്കുന്നു,
ചെറുപ്പക്കാരികളെ കാത്തിരിക്കാൻ ശീലിപ്പിക്കുന്നു,
ലേഖനങ്ങളും ചിത്രങ്ങളും കൊണ്ട്
പത്രത്താളുകൾ നിറയ്ക്കുന്നു.
അനാഥർക്ക് പുതിയ വീടുകൾ പണിയുന്നു,
ശവപ്പെട്ടിയുണ്ടാക്കുന്നവരെ ഉഷാറാക്കുന്നു,
ശവക്കുഴിവെട്ടുന്നവരെ മുതുകിൽതട്ടി പ്രശംസിക്കുന്നു.
നേതാവിന്റെ മുഖത്ത് ചിരി വരയ്ക്കുന്നു.

എത്ര നിസ്തുലമായ
ചുറുചുറുക്കോടെയാണ്
യുദ്ധം പണിയെടുക്കുന്നത്!
എന്നിട്ടും ഒരാൾക്കും പറയാനില്ല
അതിനോടൊരു നല്ല വാക്ക്.

"The War Works Hard" by Dunya Mikhail

ദുന്യ മിഖെയിൽ (ജനനം 1965): ഇറാഖിലെ ബാഗ്ദാദിൽ ജനനം. കവിയും പരിഭാഷകയും. സദ്ദാം ഹുസ്സൈൻ്റെ ശത്രുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് 1990കളിൽ അമേരിക്കയിലേക്ക് കുടിയേറി. അറബിയിലും ഇംഗ്ലീഷിലും എഴുതുന്നു. 

വീട്

വീട്

നിക്കോള മാദ്‌സിറോവ്‌നിക്കോള മാദ്‌സിറോവ്‌

പട്ടണത്തിൻ്റെ അതിരിലായിരുന്നു എൻ്റെ താമസം
ആരാലും മാറ്റിസ്ഥാപിക്കാത്ത ബൾബുമായി 
നിൽക്കുന്ന തെരുവുവിളക്കുപോലെ.
ചുവരുകളെ മാറാലകൾ ചേർത്തുനിർത്തി,
ഞങ്ങളുടെ ചേർത്തുപിടിച്ച കൈകളെ വിയർപ്പും.
സ്വപ്നങ്ങളിൽ നിന്നും രക്ഷനേടാൻ ഞാൻ
എൻ്റെ ടെഡി ബെയറിനെ കൽഭിത്തിയിലെ
വിടവുകളിൽ ഒളിപ്പിച്ചിരുന്നു.

രാവും പകലും ഞാൻ ഉമ്മറപ്പടിയെ
ആളനക്കമുള്ളതാക്കി നിർത്തി.
പരിചിതമായ പൂവിലേക്കെപ്പോഴും തിരിച്ചെത്തുന്ന 
തേനീച്ചയെപ്പോലെയായിരുന്നു മടക്കം.
ഞാൻ വീടുവിട്ടുപോന്നപ്പോൾ അത് 
സമാധാനമുള്ള സമയമായിരുന്നു.

കടിച്ചുവെച്ച ആപ്പിൾ അതേമട്ടിലിരുന്നു,
കത്തിനുമേലെ ഒരു സ്റ്റാമ്പും, പഴയ വീടോട് കൂടി.

ജനനം മുതൽ ഞാൻ ശാന്തമായ ഇടങ്ങളിലേക്ക്
കുടിയേറിപ്പാർത്തുകൊണ്ടിരുന്നു,
എനിക്കുകീഴെ ശൂന്യത പറ്റിപ്പിടിച്ചു നിന്നു
മണ്ണിൻ്റെ ഭാഗമാണോ 
വായുമണ്ഡലത്തിൻ്റെ ഭാഗമാണോ
എന്നറിയാത്ത മഞ്ഞിനെപ്പോലെ.

'Home' by Nikola Madzirov from Remnants of Another Age

നിക്കോള മാദ്‌സിറോവ്‌ (ജനനം 1973): മാസിഡോണിയൻ കവിയും പരിഭാഷകനും. സമകാലീന യൂറോപ്യൻ കവിതയിലെ ഏറ്റവും പ്രധാനപ്പെട്ട കവികളിൽ ഒരാൾ. മുപ്പതിലേറെ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. 
മൂന്ന് അതിവിചിത്രപദങ്ങൾ

മൂന്ന് അതിവിചിത്രപദങ്ങൾ

വീസ്വാവ ഷിംബോർസ്കവീസ്വാവ ഷിംബോർസ്ക

ഭാവി എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
അതിന്റെ ആദ്യസ്വരം അതിനോടകം
ഭൂതകാലത്തിലേതാകുന്നു.

നിശബ്ദത എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
നിശബ്ദത ഞാൻ ഇല്ലാതാക്കുന്നു.

ഒന്നുമില്ല എന്നു ഞാൻ ഉച്ചരിക്കുമ്പോൾ,
ഇല്ലാത്തവയ്ക്ക് ഉൾക്കൊള്ളാനാവത്തതെന്തോ
ഞാൻ സൃഷ്ടിക്കുന്നു.

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

റെസ്യുമെ തയ്യാറാക്കുമ്പോൾ

റെസ്യുമെ തയ്യാറാക്കുമ്പോൾ

വീസ്വാവ ഷിംബോർസ്കവീസ്വാവ ഷിംബോർസ്ക

എന്താണ് ചെയ്യേണ്ടതായിട്ടുള്ളത്?
അപേക്ഷ പൂരിപ്പിച്ച്
റെസ്യുമെ അതോടൊപ്പം വെക്കുക.

ജീവിതമെത്ര ദൈർഘ്യമേറിയതായാലും
റെസ്യുമെ ചുരുക്കിയെഴുതുന്നതാണ് നല്ലത്.
സംക്ഷിപ്തമാകണം, തെരഞ്ഞെടുത്ത വസ്തുതകൾ മാത്രം.
ചുറ്റുപാടുകൾക്കു പകരം മേൽവിലാസം മാത്രം.
അവ്യക്തമായ ഓർമ്മകൾക്കു പകരം സ്പഷ്ടമായ തീയ്യതികൾ.

പ്രണയങ്ങളിൽ, വിവാഹം മാത്രം സൂചിപ്പിക്കുക.
കുഞ്ഞുങ്ങളിൽ, ജനിച്ചവരെ മാത്രം.

നിങ്ങൾക്കു ആരെ അറിയാം എന്നതിനേക്കാൾ
നിങ്ങളെ ആരറിയും എന്നതിലാണ് കാര്യം.
യാത്രകളിൽ, വിദേശയാത്രകൾ മാത്രം സൂചിപ്പിക്കുക.
എന്തിലൊക്കെ അംഗത്വമുണ്ടെന്നു പറയാം,
എന്തിനാണെന്ന് പറയണ്ട.
ബഹുമതികൾ രേഖപ്പെടുത്താം,
അവ നേടിയെടുത്തവിധം വേണ്ട.

നിങ്ങൾ നിങ്ങളോടു ഇതേവരെ സംസാരിച്ചിട്ടില്ലെന്ന മട്ടിലെഴുതുക.
നിങ്ങളെ എപ്പോഴും ഒരുകൈ അകലെ നിർത്തുക.

നിങ്ങളുടെ പട്ടികൾ, പൂച്ചകൾ, പക്ഷികൾ,
പൊടിപിടിച്ച പ്രിയവസ്തുക്കൾ, കൂട്ടുകാർ, സ്വപ്‌നങ്ങൾ
ഇതേ കുറിച്ചൊന്നും മിണ്ടുകയേ വേണ്ട.

വിലയിടുക, മൂല്യമല്ല.
പദവിയെഴുതുക, ഉള്ളിലെന്തുണ്ടെന്നല്ല.
ചെരുപ്പളവെഴുതുക, എവിടേക്കു പോകുന്നെന്നല്ല,
ആ ഒരാൾ നിങ്ങളായിരിക്കുന്ന പോലെയെഴുതുക.

ഇതിനെല്ലാം പുറമെ,
ഒരു ചെവി കാണുംതരത്തിലുള്ള ഫോട്ടോ ചേർക്കുക.
അതിന്റെ ആകൃതിയിലാണ് കാര്യം, കേൾവിയിലല്ല.
അല്ലെങ്കിലും എന്താണ് കേൾക്കാനുള്ളത്?
ആവശ്യമില്ലാത്ത കടലാസുകൾ കീറിപ്പൊടിക്കുന്ന
യന്ത്രത്തിന്റെ ഒച്ചയല്ലാതെ.

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ബ്രൂഗലിന്റെ രണ്ട് കുരങ്ങുകൾ

ബ്രൂഗലിന്റെ രണ്ട് കുരങ്ങുകൾ

വീസ്വാവ ഷിംബോർസ്കവിസ്ലാവ സിംബോർസ്ക

അവസാന പരീക്ഷയെക്കുറിച്ച്
ഞാൻ കാണുന്ന സ്വപ്നം ഇങ്ങനെ:
ജാലകപ്പടിമേൽ തുടലിലിട്ട
രണ്ട് കുരങ്ങുകൾ ഇരിക്കുന്നു.
അവർക്ക് പിന്നിൽ ഒഴുകുന്ന വാനം,
തിരയടിക്കുന്ന കടൽ.

മനുഷ്യവംശചരിത്രമാണ് പരീക്ഷ.
ഉത്തരം കിട്ടാതെ ഞാൻ വിക്കുന്നു.

ഒരു കുരങ്ങ് എന്നെ തുറിച്ചുനോക്കുകയാണ്,
പുച്ഛഭാവത്തിൽ കേൾക്കുകയാണ്.
മറ്റേ കുരങ്ങ് കിനാവുകണ്ടിരിക്കുകയാകണം
എങ്കിലും എനിക്കു ഉത്തരംമുട്ടുമ്പോൾ
തുടൽ പതിയെ കിലുക്കിക്കൊണ്ടവൻ
ചില സൂചനകൾ നൽകുന്നു.

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഒടുക്കവും തുടക്കവും

ഒടുക്കവും തുടക്കവും

വീസ്വാവ ഷിംബോർസ്കവീസ്വാവ ഷിംബോർസ്ക

ഓരോ യുദ്ധത്തിനു ശേഷവും
ആരെങ്കിലും എല്ലാം വെടിപ്പാക്കേണ്ടതുണ്ട്.
സ്വമേധയാ പഴയപടിയാകാൻ
ഒന്നിനുമാകില്ലല്ലോ.

ശവങ്ങൾ നിറച്ച വണ്ടികൾക്കു
കടന്നുപോകണമെങ്കിൽ
ആരെങ്കിലും കെട്ടിടാവശിഷ്ടങ്ങൾ
റോഡരികിലേക്ക് തള്ളിനീക്കണം.

ചേറിനും ചാരത്തിനും ഇടയിലൂടെ,
സോഫാസ്പ്രിംഗുകൾക്കു ഇടയിലൂടെ,
ചില്ലുകഷ്ണങ്ങൾക്കും രക്തതുണികൾക്കും
ഇടയിലൂടെ ആരെങ്കിലും ഇഴഞ്ഞുപോകണം.

ചുവരുകൾക്കു താങ്ങുകിട്ടാൻ
ഒരാൾ തൂണൊരുക്കി കൊടുക്കണം,
ജനൽ ആരെങ്കിലും മിനുക്കിയെടുക്കണം,
വാതിൽ കട്ടളയിൽ ഉറപ്പിക്കാനും ആളുവേണം.

ശബ്ദശകലങ്ങളില്ല, ഫോട്ടോയെടുക്കാനൊന്നുമില്ല,
അതിനാകട്ടെ ഇനിയും കാലങ്ങളെടുക്കും.
എല്ലാ ക്യാമറകളും മറ്റു യുദ്ധങ്ങളിലേക്ക്
പോയിക്കഴിഞ്ഞു.

പാലങ്ങൾ വീണ്ടും പണിതുണ്ടാക്കണം,
റെയിൽവേസ്റ്റേഷനുകളുമതെ.
കുപ്പായക്കയ്യുകൾ തെരുത്തുകയറ്റിക്കയറ്റി
പിഞ്ഞിക്കീറിപ്പോകും.

അതെങ്ങനെയായിരുന്നെന്നു ഓർത്തെടുത്ത്
കൈയ്യിൽ ചൂലുമായി ഒരാൾ നിൽക്കുകയാണ്.
തകരാതവശേഷിച്ച തന്റെ തലയാട്ടിക്കൊണ്ട്
മറ്റൊരാൾ അതെല്ലാം കേൾക്കുകയാണ്.

ഇതൊക്കെ അൽപ്പം
മടുപ്പുളവാക്കുന്നതാണെന്നു കരുതുന്ന,
തിരക്കുള്ള മറ്റു ചിലരും സമീപത്തുണ്ട്.

ഓരോ കാലത്തും പൊന്തയിൽ നിന്നും
തുരുമ്പിച്ചൊരു വാദം തോണ്ടിയെടുക്കാനും
അത് കുപ്പക്കുഴിയിൽ കൊണ്ടുതള്ളാനും
ഒരാളുണ്ടായിരിക്കണം.

ഇതെല്ലാം എന്തായിരുന്നെന്നു അറിയുന്നവർ
ഇതേക്കുറിച്ചൊന്നും അറിയാത്തവർക്കു
വഴിമാറിക്കൊടുക്കേണ്ടിവരും.
ആദ്യം അധികമൊന്നുമറിയാത്തവർക്ക്
പിന്നെ ഒന്നുമറിയാത്തവർക്കായി,
ഒടുവിൽ ഒന്നുമേ അറിയാത്തവർക്കായി.

കാരണങ്ങളും കെടുതികളും
മൂടിമറച്ചുവളരും പുല്ലിന്മേൽ
മാനംനോക്കിയൊരാൾ കിടക്കേണ്ടതുണ്ട്,
കതിരും കടിച്ചുപിടിച്ച്.

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

നിങ്ങൾക്കാവില്ല

നിങ്ങൾക്കാവില്ല

ഗോപാ‍ല്‍ ഹൊണാല്‍ഗെരെഗോപാ‍ല്‍ ഹൊണാല്‍ഗെരെ

I

ഉറക്കം വരുത്താൻ നിങ്ങൾക്കാവില്ല
നിങ്ങൾക്കത് സ്വപ്നം കാണാനേ കഴിയൂ.
ശീതീകരിച്ച മുറിയിൽ
മൂട്ടയില്ലാത്ത മെത്തയൊരുക്കാനും.

നിങ്ങളുടെ ഉറക്കമില്ലായ്‌മയോട്
എങ്ങനെ ‘ശുഭരാത്രി’ നേരണമെന്നു
പഠിപ്പിക്കാൻ യേശുവിനാകില്ല.

നിങ്ങളുടെ നിദ്രാവിഹീനതയ്ക്കു
എങ്ങനെ താരാട്ടുപാടാമെന്നു
പഠിപ്പിക്കാൻ പുണ്യാളന്മാർക്കും.

മരുന്നുകളും ‘എങ്ങനെ നന്നായി ഉറങ്ങാം’ എന്ന 
അമേരിക്കൻ ബെസ്റ്റ് സെല്ലറും പോലെത്തന്നെ
പ്രാർത്ഥനകളും കുമ്പസാരങ്ങളും വിഫലം.

II

പാപപരിഹാരത്തിന്റെയും
ദൈവത്തിന്റെയും
ഉറക്കത്തിന്റെയും ലളിതമായ വരവിനായി
നിങ്ങൾ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്,
നിങ്ങളെ നിങ്ങളുടെതന്നെ ചുമലിൽ
നിങ്ങൾ ചുമക്കേണ്ടതുണ്ട്...
കരഞ്ഞുകൊണ്ടിരിക്കുന്ന ആ കുഞ്ഞിനെ,
നിങ്ങളുടെ പിരിമുറുക്കങ്ങളെല്ലാം
ജന്മനാ കിട്ടിയിട്ടുള്ള
രോഗിയായ ആ കുഞ്ഞിനെ,
വാത്സല്യപൂര്‍വ്വം തലോടൂ.
അവന് മുത്തശ്ശിക്കഥകൾ പറഞ്ഞുകൊടുക്കൂ
നേഴ്സറി പാട്ടുകൾ പാടികൊടുക്കൂ
ഇരുണ്ട മേഘങ്ങൾ ചന്ദ്രനോടൊത്ത്
കളിക്കുന്നത് കാണിച്ചുകൊടുക്കൂ
നക്ഷത്രങ്ങളെ കാണിച്ചുകൊടുക്കൂ
വേനൽമരങ്ങൾക്കിടയിൽ നക്ഷത്രങ്ങൾ
പൂക്കളെ പോലെ തിളങ്ങുന്നത് കാണിക്കൂ
എന്നിട്ടവനോട് പറയൂ,
എങ്ങനെ ഒരു നല്ലകുട്ടിയായി വളരാമെന്ന്.
അവന് മനസ്സിലായാലും ഇല്ലെങ്കിലും
രാമനെപ്പറ്റി ബുദ്ധനെപ്പറ്റി
യേശുവിനെപ്പറ്റി അവനോട് പറയൂ,
നിങ്ങൾ ഉറക്കത്തിലേക്ക് വീഴുംവരെ.

ഗോപാ‍ല്‍ ഹൊണാല്‍ഗെരെ (1942–2003): കർണ്ണാടകയിൽ നിന്നുള്ള ഇന്ത്യൻ ഇംഗ്ലീഷ് കവിയായിരുന്നു. ആദ്യത്തെ രണ്ട് പുസ്തകങ്ങൾ റൈറ്റേഴ്സ് വർക്ക്ഷോപ്പ് പുറത്തിറക്കി. പിന്നീട് നാല് കവിതാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചുവെങ്കിലും അധികം ആളുകൾക്കിടയിലേക്ക് എത്തിപ്പെട്ടിരുന്നില്ല. സമാഹരിച്ച കവിതകൾ 2020ൽ പോയട്രിവാല പുറത്തിറക്കി.

വിധിയുമൊത്തൊരു പാനോപചാരം

വിധിയുമൊത്തൊരു പാനോപചാരം

ഗോപാ‍ല്‍ ഹൊണാല്‍ഗെരെഗോപാല്‍ ഹൊണാല്‍ഗെര
 
ഓരോ മുന്തിരിക്കുരുവിലും
അത് കുടിക്കേണ്ടയാളുടെ പേര്
എഴുതപ്പെട്ടിരിക്കുന്നു.

പിഴിയാനും അരിച്ചെടുക്കാനും
കൈയ്യിലൊരു വീഞ്ഞുഗ്ലാസ്സ്
ഉയർത്താനും മാത്രമാണ്
നിങ്ങളുടെ മണിയടികളിലൂടെ
സാധിക്കുകയുള്ളൂ.

മുന്തിരിയിൽ എഴുതപ്പെട്ട പേര്
നിങ്ങളുടേത് ആണെങ്കിൽ
നിങ്ങളത് കുടിക്കുന്നു.

അല്ലെങ്കിൽ നിങ്ങളത്
സുഹൃത്തിന് കൈമാറുന്നു;
അങ്ങനെ അതിന്മേൽ
എഴുതപ്പെട്ടിരിക്കുന്ന പേര്
യേശുവിന്റേതാകുന്നു.

ഗോപാ‍ല്‍ ഹൊണാല്‍ഗെരെ (1942–2003): കർണ്ണാടകയിൽ നിന്നുള്ള ഇന്ത്യൻ ഇംഗ്ലീഷ് കവിയായിരുന്നു. ആദ്യത്തെ രണ്ട് പുസ്തകങ്ങൾ റൈറ്റേഴ്സ് വർക്ക്ഷോപ്പ് പുറത്തിറക്കി. പിന്നീട് നാല് കവിതാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചുവെങ്കിലും അധികം ആളുകൾക്കിടയിലേക്ക് എത്തിപ്പെട്ടിരുന്നില്ല. സമാഹരിച്ച കവിതകൾ 2020ൽ പോയട്രിവാല പുറത്തിറക്കി.

പുത്തൻ ചെരുപ്പുകളെ മെരുക്കിയെടുക്കേണ്ടവിധം

പുത്തൻ ചെരുപ്പുകളെ മെരുക്കിയെടുക്കേണ്ടവിധം

ഗോപാ‍ല്‍ ഹൊണാല്‍ഗെരെഗോപാ‍ല്‍ ഹൊണാല്‍ഗെരെ

for tirumalesh

അവരെ ഒരുമിച്ചു നിർത്തരുത്
പരസ്പരം സംസാരിക്കാൻ അനുവദിക്കരുത്
അവരൊരു ട്രേഡ് യൂണിയൻ തുടങ്ങിയേക്കും.

ക്ലോക്ക്, നിയമപുസ്തകങ്ങൾ, കലണ്ടർ,
ദേശീയപതാക, ഗാന്ധിയുടെ ചിത്രം, പത്രം
ഇവയൊന്നിന്റെയും അടുത്തേക്ക് അടുപ്പിക്കരുത്.
സ്വാതന്ത്ര്യദിനം, സത്യാഗ്രഹം, അവധിദിനങ്ങൾ,
തൊഴിൽസമയം, കുറഞ്ഞ വേതനം, അഴിമതി
എന്നിവയെപ്പറ്റിയെല്ലാം അവർ കേട്ടെന്നുവരും.

ദേവാലയത്തിലേക്ക് അവരെ കൂടെക്കൂട്ടരുത്
നിങ്ങളുടെ ദൗർബല്യത്തെയും വ്യാജദൈവത്തെയും
അറിയുന്നതോടെ അവർ നിങ്ങളെ കുത്തിപ്പറയാൻ തുടങ്ങും

തീൻമേശക്കരികിലേക്കും അടുപ്പിക്കരുത്
അവർ ഭക്ഷണം ചോദിച്ചേക്കും അല്ലെങ്കിൽ
നിങ്ങളുടെ വിഭവസമൃദ്ധമായ അത്താഴത്തിലവർ കണ്ണുവെക്കും.

തുടക്കത്തിൽ ചെറിയ നടത്തങ്ങൾക്ക് ഉപയോഗിക്കാം
പിന്നെ പതുക്കെ ദൂരം കൂട്ടിക്കൊണ്ടിരിക്കുക
തങ്ങൾ ചെയ്യേണ്ട ജോലി എത്രയുണ്ടെന്ന് അവർ അറിയരുത്.

മുറുകി കിടക്കുന്ന വാറുകൾ അയച്ചുവെക്കുക
സന്തോഷം എന്തെന്ന് അവർ അറിയട്ടെ
അവർ വളർന്നു വലുതാകുകയാണ്
പരുപരുത്ത വാറുകളിൽ പഴകിയ എണ്ണ അൽപ്പം പുരട്ടുക
തങ്ങൾ മിനുക്കപ്പെടുന്നുണ്ടെന്ന് അവർക്കു തോന്നട്ടെ.

ഇപ്പോൾ അവർ വിധേയരായ തൊഴിലാളികൾ
നിങ്ങളുടെ കൊഴുത്ത കാലിനായി
എത്രനേരം വേണമെങ്കിലും പണിയെടുക്കും.

ഗോപാ‍ല്‍ ഹൊണാല്‍ഗെരെ (1942–2003): കർണ്ണാടകയിൽ നിന്നുള്ള ഇന്ത്യൻ ഇംഗ്ലീഷ് കവിയായിരുന്നു. ആദ്യത്തെ രണ്ട് പുസ്തകങ്ങൾ റൈറ്റേഴ്സ് വർക്ക്ഷോപ്പ് പുറത്തിറക്കി. പിന്നീട് നാല് കവിതാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചുവെങ്കിലും അധികം ആളുകൾക്കിടയിലേക്ക് എത്തിപ്പെട്ടിരുന്നില്ല. സമാഹരിച്ച കവിതകൾ 2020ൽ പോയട്രിവാല പുറത്തിറക്കി.

വായിക്കുന്നയാളെ തിരഞ്ഞെടുക്കൽ

വായിക്കുന്നയാളെ തിരഞ്ഞെടുക്കൽ

റ്റെഡ് കൂസെർറ്റെഡ് കൂസെർ

ആദ്യം, അവളെനിക്ക് സുന്ദരിയാകണം,
ഒരു ഉച്ചകഴിഞ്ഞനേരത്തെ
ഏറ്റവും ഏകാന്തമായ നിമിഷത്തിൽ
എന്റെ കവിതയുടെ അടുക്കലേക്ക്
അവൾ ശ്രദ്ധയോടെ നടന്നെത്തണം,
മുടി കഴുകിയിട്ടുള്ളതിനാൽ
അതിന്റെ നനവുണ്ടാകും കഴുത്തിൽ,
അവളൊരു മഴക്കോട്ട് ധരിച്ചിരിക്കണം,
കഴുകിക്കാൻ കാശില്ലാത്തതിനാൽ
അഴുക്കുപിടിച്ച, പഴക്കംച്ചെന്ന ഒന്ന്.
തന്റെ കണ്ണടകൾ പുറത്തെടുത്ത്
അവിടെ ആ പുസ്തകക്കടയിൽ
അവൾ എന്റെ കവിതകൾക്കുമേൽ
വിരലോടിക്കും, എന്നിട്ട് അത്
ഷെൽഫിലേക്ക് തിരികെവെക്കും,
അവൾ തന്നോടുതന്നെ പറയും:
"ഇത്രയും കാശിനു എനിക്കെന്റെ
മഴക്കോട്ട് കഴുകിക്കിട്ടും."
അങ്ങനെയവൾ അത് ചെയ്യും.
അലറിവിളിക്കൽ

അലറിവിളിക്കൽ

സൈമൺ ആർമിറ്റാജ്സൈമൺ ആർമിറ്റാജ്

ഞങ്ങൾ സ്കൂൾ മുറ്റത്തേക്കു പോയി,
ഞാനും അവനും; അവന്റെ പേരോ
മുഖമോ ഇപ്പോൾ ഓർക്കുന്നില്ല.

മനുഷ്യരുടെ ശബ്ദത്തിന്റെ പരിധി
എത്രത്തോളമെന്നു നോക്കുകയായിരുന്നു
ഞങ്ങൾ: തന്നാലാകുന്നയത്രയും ഉച്ചത്തിൽ
അവന് അലറിവിളിക്കണമായിരുന്നു,
ഞാൻ നിൽക്കുന്നിടത്ത് ഒച്ചയെത്തിയാൽ
ഞാൻ കൈപ്പൊക്കിക്കാണിക്കണം.

കളിസ്ഥലത്തിന്റെ അറ്റത്തു നിന്നുമവൻ
അലറിവിളിച്ചു; ഞാൻ കൈപ്പൊക്കി.
കളിസ്ഥലത്തിനപ്പുറത്തെ റോഡിനറ്റത്തു
നിന്നും അവൻ ഉച്ചത്തിൽ കൂവി,

അടിവാരത്തുനിന്നും ഫ്രെട്ട്വെൽ ഫാമിന്റെ
കാവൽമാടത്തിൽ നിന്നും അവൻ കൂവി—
അപ്പോഴൊക്കെ ഞാൻ കൈപ്പൊക്കിക്കാണിച്ചു.

പിന്നീട് അവൻ നാടുവിട്ടുപോയി,
വെസ്റ്റേൺ ഓസ്ട്രേലിയയിൽ, ഇരുപതുവർഷം.
അണ്ണാക്കിൽ വെടിയേറ്റ തുളയോടെ അവൻ മരിച്ചു.

എനിക്കു പേരോ മുഖമോ ഓർത്തെടുക്കാനാകാത്ത
ചെറുക്കാ, അലറിവിളിക്കുന്നത് നിനക്കിപ്പോ നിർത്താം,
എനിക്കിപ്പോഴും നിന്നെ കേൾക്കാനാകുന്നുണ്ട്.

"The Shout" by Simon Armitage from 'The Shout: Selected Poems'

സൈമൺ ആർമിറ്റാജ് (ജനനം1963): യുകെയുടെ ആസ്ഥാന കവി. ഇരുപതിലേറെ കവിതാസമാഹാരങ്ങൾ. ഫോർവേഡ് പോയട്രി പ്രൈസ്, ലന്നൻ അവാർഡ്, കവിതയ്ക്കുള്ള കീറ്റ്സ്-ഷെല്ലി പ്രൈസ്, രാജ്ഞിയുടെ ഗോൾഡ് മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. 

« »