കന്യക

കന്യക

അമൃത പ്രീതംഅമൃത പ്രീതം

നിന്റെ കിടപ്പറയിലേക്കു വന്നുകയറിയപ്പോൾ
ഞാൻ ഒരാളല്ലായിരുന്നു, രണ്ടായിരുന്നു:
ഒരുവൾ വിവാഹിത,
മറ്റവൾ കളങ്കമേൽക്കാത്ത കന്യക.

നിന്റെ കൂടെക്കിടക്കാൻ കന്യകയെ
ബലി നൽകേണ്ടിയിരുന്നു—ഞാനവളെ കൊന്നു.
ചട്ടപ്രകാരം ഇത്തരം കൊലകൾ അനുവദനീയമാണ്,
ഇതോടൊപ്പമുണ്ടാകുന്ന അപമാനമൊഴികെ.
അതിനാൽ അപമാനഭാരം ഞാൻ പേറി.

നേരം വെളുത്തപ്പോൾ,
എന്റെ കൈകളിൽ ഞാൻ രക്തം കണ്ടു,
ശരീരത്തിലുണ്ടാകുന്ന മണങ്ങൾ
കഴുകിക്കളയുന്ന പോലെ
ഞാനത് കഴുകിക്കളഞ്ഞു.

പക്ഷേ, കണ്ണാടിയിൽ നോക്കിയപ്പോൾ
എനിക്കു മുന്നിൽ അതാ അവൾ നിൽക്കുന്നു;
കഴിഞ്ഞ രാത്രി ഞാൻ കൊന്നുകളഞ്ഞെന്ന്
കരുതിയ അതേ അവൾ തന്നെ.

ദൈവമേ! കിടപ്പറയിൽ അത്രയ്ക്കിരുട്ടായിരുന്നോ!
ആരെയാണ് ഞാൻ കൊല്ലേണ്ടിയിരുന്നത്,
ആരെയാണ് ഞാൻ കൊന്നിരിക്കുന്നത്?

അമൃത പ്രീതം (1919-2004): പഞ്ചാബിയിലും ഹിന്ദിയിലും എഴുതിയ കവിയും നോവലിസ്റ്റും. നൂറിലേറെ പുസ്തകങ്ങൾ രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടി. 
»