നമ്മുടെ ഭയം

നമ്മുടെ ഭയം

സ്ബിഗ്നിയെഫ് ഹെർബെർട്ട്സ്ബിഗ്നിയെഫ് ഹെർബെർട്ട്

നമ്മുടെ ഭയം
നിശാവസ്ത്രം ധരിക്കുന്നില്ല,
അതിനില്ല മൂങ്ങയുടെ കണ്ണുകൾ,
അതൊരു പെട്ടിയും തുറക്കുന്നില്ല,
ഒരു മെഴുകുതിരിയും കെടുത്തുന്നില്ല
മരിച്ചവന്റെ മുഖം പോലും അതിനില്ല.

നമ്മുടെ ഭയം
കീശയിൽ കണ്ടെടുക്കുന്ന
ഒരു തുണ്ട് കടലാസ്സാണ്
"ഡ്ളുക തെരുവിൽ അപകടമെന്ന്
വോജ്‌ചിക്കിനു മുന്നറിയിപ്പ് നൽകുക"

നമ്മുടെ ഭയം
കൊടുങ്കാറ്റിന്റെ ചിറകിൽ ഉയരുന്നില്ല,
പള്ളിഗോപുരത്തിന്മേൽ ഇരിക്കുന്നില്ല,
അത് ഭൂമിയോളം താഴെയാണ്.
കമ്പിളിയുടുപ്പും ആയുധങ്ങളും
പലവകസാധനങ്ങളും ചേർത്ത്
തിരക്കിട്ടു കെട്ടിയുണ്ടാക്കിയ
ഭാണ്ഡത്തിന്റെ രൂപമാണതിനുള്ളത്.

നമ്മുടെ ഭയത്തിനു
മരിച്ച ഒരാളുടെ മുഖമില്ല.
മരിച്ചവർ നമ്മോട് സൗമ്യരാണ്
നാമവരെ നമ്മുടെ ചുമലിലേറ്റുന്നു
ഒരേ പുതപ്പിനുള്ളിൽ ഉറങ്ങുന്നു
അവരുടെ കൺകൾ അടയ്ക്കുന്നു
ചുണ്ടുകൾ നേരെയാക്കുന്നു
വരണ്ട ഒരിടം കണ്ടെത്തി
അവരെ കുഴിച്ചിടുന്നു

അധികം ആഴത്തിലല്ല
ആഴം കുറഞ്ഞുമല്ല.

സ്ബിഗ്നിയെഫ് ഹെർബെർട്ട് (1924–1998): പോളിഷ് കവി. നിയമബിരുദധാരിയായ ഹെർബെർട്ടിന്റെ കാവ്യഭാഷ നിയമഭാഷയുടെ പൊതുസ്വഭാവങ്ങളായ ഗഹനമായ ശുഷ്കതയും കണിശതയും ഉൾക്കൊള്ളുന്നു. ചരിത്രവും രാഷ്ട്രീയവും ഹെർബെർട്ടിന്റെ കവിതയിൽ പ്രധാനമാണ്. നാസികൾക്കെതിരെയും സ്റ്റാലിനിസത്തിനെതിരെയും നിലപാടെടുത്ത അദ്ദേഹത്തെ അസ്സൽ രാഷ്ട്രീയകവിയെന്നു വിശേഷിപ്പിക്കാറുണ്ട്.

« »