ഒരാൾക്ക് അയാളുടെ ജീവിതത്തിൽ

ഒരാൾക്ക് അയാളുടെ ജീവിതത്തിൽ

യഹൂദ അമിഹായ്
യഹൂദ അമിഹായ്

ഒരാൾക്ക് അയാളുടെ ജീവിതത്തിൽ
എല്ലാത്തിനും സമയം കണ്ടെത്താൻ സമയമില്ല.
എല്ലാ കാര്യത്തിനുമുള്ള കാലത്തിനായി
ആവശ്യത്തിന് ഋതുക്കളില്ല.
മതഗ്രന്ഥങ്ങൾ അക്കാര്യത്തിൽ
തെറ്റായിരുന്നു.

ഒരേ നിമിഷം തന്നെ ഒരാൾക്ക്
സ്നേഹിക്കുകയും വെറുക്കുകയും വേണം,
ചിരിക്കുന്ന അതേ കണ്ണുകൾ കൊണ്ട് കരയണം,
കല്ലുകളെടുത്തെറിയുന്ന അതേ കൈകൾ കൊണ്ട്
അവ പെറുക്കിക്കൂട്ടുകയും വേണം,
യുദ്ധത്തിൽ പ്രേമിക്കണം
പ്രേമത്തിൽ യുദ്ധം ചെയ്യണം,
വെറുക്കണം പൊറുക്കണം
ഓർക്കണം മറക്കണം,
ഒരുക്കണം കുഴയ്ക്കണം,
കഴിക്കണം ദഹിപ്പിക്കണം,
ചരിത്രം വർഷങ്ങളെടുത്ത്
വർഷങ്ങൾ കൊണ്ട് ചെയ്യുന്നതെന്തോ
അതെല്ലാം ചെയ്യണം.

അയാൾക്കില്ല സമയം.
നഷ്ടമാകുമ്പോൾ അവൻ തേടുന്നു,
കണ്ടുകിട്ടുമ്പോൾ അവൻ മറക്കുന്നു,
മറക്കുമ്പോൾ അവൻ സ്നേഹിക്കുന്നു,
സ്നേഹിക്കുമ്പോൾ അവൻ
മറക്കാൻ തുടങ്ങുന്നു.

അവന്റേത് പാകംചെന്ന ആത്മാവ്,
യോഗ്യതയൊത്തത്.
അവന്റെ ശരീരം മാത്രം എന്നും
കുട്ടിക്കളി മാറാതെ നിൽക്കും.
അത് ശ്രമിക്കുന്നു, കിട്ടാതെപോകുന്നു,
എല്ലാം താറുമാറാക്കുന്നു, എന്നാൽ
ഒന്നും പഠിക്കുകയില്ല,
സുഖത്തിലും വേദനയിലും
അന്ധനും മദോന്മത്തനുമാകുന്നു.

ശരത്കാലത്തെ അത്തിപോലെ
അവൻ മരിക്കും, ചുളുങ്ങി,
തന്നെത്താൽ നിറഞ്ഞ്, മധുരിച്ച്
ഇലകൾ നിലത്ത് വീണുണങ്ങി.
ഇലയറ്റ ചില്ലകൾ ഒരിടം ചൂണ്ടിക്കാട്ടും
എല്ലാത്തിനും സമയമുള്ള ഒരിടം.

യഹൂദ അമിഹായ് (1924-2000): ഇസ്രയേലി കവി. ഹിറ്റ്ലറുടെ കാലത്ത് പലസ്തീനിലേക്ക് കുടിയേറി. 1948-ലെ അറബ്-ഇസ്രയേലി യുദ്ധകാലത്ത് അദ്ദേഹം ഇസ്രയേലി പ്രതിരോധ സേനയുടെ ഭാഗമായിരുന്നു. ഇക്കാലത്തെയും രണ്ടാം ലോകമഹായുദ്ധ കാലത്തെയും അനുഭവങ്ങൾ പല കവിതകളിലും കാണാം. ജർമ്മൻ ആയിരുന്നു കുടുംബത്തിന്റെ മാതൃഭാഷയെങ്കിലും പലസ്തീനിലേക്ക് കുടിയേറിയതിൽപ്പിന്നെ ഹീബ്രൂവിൽ എഴുത്തും വായനയും തുടരാനാണു അമിഹായി താല്പര്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹീബ്രൂ യൂണിവേഴ്സിറ്റിൽ പഠനം പൂർത്തിയാക്കി. കാവ്യഭാഷയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചതിനു 1982-ൽ അമിഹായിക്ക് കവിതയ്ക്കുള്ള ഇസ്രയേലി പ്രൈസ് ലഭിച്ചു.
സാധാരണ ജീവിതം

സാധാരണ ജീവിതം

ആദം സഗയെവ്സ്കി
ആദം സഗയെവ്സ്കി

നമ്മുടെ ജീവിതം സാധാരണം,
ഇരിപ്പിടത്തിൽ ചുരുട്ടിയുപേക്ഷിച്ച
കടലാസ്സിൽ ഞാൻ വായിച്ചു.
നമ്മുടെ ജീവിതം സാധാരണമാണ്,
തത്ത്വചിന്തകർ പറഞ്ഞു.
സാധാരണ ജീവിതം,
സാധാരണ ദിനങ്ങൾ, കരുതൽ,
സംഗീതക്കച്ചേരി, സംസാരം,
പട്ടണാതിരിലെ അലസനടത്തങ്ങൾ,
നല്ല വാർത്തകൾ, മോശവും—
പക്ഷേ, വസ്തുക്കളും ചിന്തകളും
ഏതെങ്കിലും തരത്തിൽ അപൂർണ്ണമാണ്,
പോരായ്മകളുള്ള ആദ്യരൂപങ്ങൾ.
വീടുകളും മരങ്ങളും
കൂടുതലായെന്തോ മോഹിച്ചു,
വേനലിലെ പച്ച പുല്‍ത്തകിടികൾ
അഗ്നിപർവ്വതസമാനമായ ഗ്രഹത്തെ മൂടി
കടലിനുമേലെയെറിഞ്ഞ മേലങ്കിപോലെ.
കറുത്ത സിനിമകൾ വെളിച്ചപ്പെടാൻ കൊതിച്ചു.
കാടുകൾ ആവേശത്തോടെ ശ്വാസമെടുത്തു,
മേഘങ്ങൾ മന്ദഗതിയിൽ പാടി,
മഞ്ഞക്കിളി മഴയ്ക്കായി ധ്യാനിച്ചു.

സാധാരണ ജീവിത മോഹങ്ങൾ.

Ordinary Life by Adam Zagajewski

ആദം സഗയെവ്സ്കി (1945-2021): പോളിഷ് കവിയും നോവലിസ്റ്റും ഗദ്യകാരനും. 1945ൽ പോളണ്ടിലെ ലിവിവ് നഗരത്തിൽ ജനനം. സാഹിത്യത്തിനുള്ള നോയ്സ്റ്റാറ്റ് അന്താരാഷ്ട്ര പുരസ്കാരം, ഗ്രിഫിൻ കവിതാപുരസ്കാരം അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.1970കളുടെ മധ്യത്തിൽ സഗായെവ്സ്കിയുടെ എഴുത്തുകൾക്ക് പോളണ്ടിൽ വിലക്ക് ഏർപ്പെടുത്തപ്പെട്ടു. ക്രൊകോവിൽ കഴിയുകയായിരുന്ന അദ്ദേഹം 1982-ൽ നാടുവിട്ടു. പിന്നീട് ഹൂസ്റ്റൻ, ചിക്കാഗോ സർവ്വകലാശാലകളിൽ അദ്ധ്യാപകനായിരുന്നു. 2002-ൽ തിരികെ നാട്ടിലെത്തി. 2021 മാർച്ച് 21 ന് എഴുപത്തിയഞ്ചാം വയസ്സിൽ അന്തരിച്ചു.
നിന്റെ നഗരം വിടുന്നു

നിന്റെ നഗരം വിടുന്നു

അഘ ഷാഹിദ് അലി
അഘ ഷാഹിദ് അലി

നിശാബാറിൽ, നിന്റെ നിശ്വാസം
എനിക്കുമേൽ വീണു

നിന്റെ ചിരിയുടെ തുമ്പിൽ
പിടിച്ചു ഞാൻ വീഴാതെ നിന്നു.

നിന്റെ വാക്കുകളിൽ മുറുകെപ്പിടിച്ച്
ഇരുണ്ട പടികൾ കയറി

അതീവശ്രദ്ധയോടെ,
നിന്റെ ഫർണിച്ചറുകൾ മരണത്തിനായി
ഒരുക്കിയിട്ടിരിക്കുകയായിരുന്നു.

നിലാവിനു മേലുരസി നീ
കത്തിക്കു മൂർച്ചകൂട്ടി,
ഉന്മാദവെള്ളിപൂശിയതിനെ മിനുക്കി.

കരുണാർദ്രയായിരുന്നു നീ,
കുടിച്ചുകുഴഞ്ഞ നാവിനാൽ കവിത ചൊല്ലി.
ഞാൻ ആലോചിച്ചു: അവസാനമായിരിക്കുന്നു!

ഇപ്പോൾ നിന്റെ ഓർമ്മയ്ക്കകത്തും പുറത്തുമായി
ഞാൻ അലഞ്ഞുതിരിയുകയാണ്,

എവിടെപ്പോയാലും നിന്നോട് മിണ്ടുന്നു.

ഞാനെന്റെ ഇല്ലായ്മയിലേക്ക് ചുരുങ്ങി
നീയോ മറ്റൊരു രാജ്യത്തുനിന്നുള്ള
അശാന്തമായ സ്വപ്നത്തിലേക്കും
അവിടത്തെ കടലിന് മതിപ്പേറും നീലിമ

എന്റെ വിരൽത്തുമ്പിൽ, നിന്റെ ഫോൺനമ്പർ,
വിളിക്കുകയാണ് ആ രാത്രിയെ.

അങ്ങനെ നിന്റെ നഗരം എന്നെ പിന്തുടരുന്നു
അതിന്റെ തരിവെട്ടങ്ങൾ എന്റെ കണ്ണിലൊടുങ്ങുന്നു.

"Leaving Your City" from 'The Veiled Suite: The Collected Poems'

അഘ ഷാഹിദ് അലി (1949-2001): കാശ്മീരി-അമേരിക്കൻ കവി. 1949 ഫെബ്രുവരി നാലിന് ന്യൂ ഡൽഹിയിൽ ജനിച്ച് കാശ്മീരിൽ വളർന്ന അഘ ഷാഹിദ് അലി, കശ്മീരിലും ഡെൽഹി സർവകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കി. 1984ൽ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും പി.എച്.ഡി. നേടി. 1985ൽ അരിസോണ സർവ്വകലാശാലയിൽ നിന്നും എം.എഫ്.എ. നേടി. ഇന്ത്യയിലെയും യു.എസിലെയും സർവകലാശാലകളിൽ അദ്ധ്യാപകൻ ആയിരുന്നു.
പൂജ്യത്തെപ്പറ്റി ഒരു കവിത

പൂജ്യത്തെപ്പറ്റി ഒരു കവിത

ലോർണ ക്രോസിയർ
ലോർണ ക്രോസിയർ

സ്കൂളിൽ വെച്ച് നമുക്ക് മനസ്സിലാകാതെ
പോകുന്ന ഒന്നാണ് പൂജ്യം,
എന്തിനോട് ഗുണിച്ചാലും അത്
ഒന്നുമാകാതെ നിൽക്കുന്നു.

അലങ്കാരശാസ്ത്രം പഠിക്കുന്ന
ഗണിതജ്ഞനായ സുഹൃത്തിനോട്
ഞാൻ ചോദിച്ചു: പൂജ്യം ഒരു സംഖ്യയാണോ?
അതെ എന്ന അവന്റെ മറുപടി
എനിക്ക് വലിയ ആശ്വാസം നൽകി.

അതൊരു പ്രകൃതിദൃശ്യമാണെങ്കിൽ
മരുഭൂമിയാകുമായിരുന്നു,
ശരീരഘടനയിൽ അതിനെന്തെങ്കിലും
ചെയ്യാനുണ്ടെങ്കിൽ അതൊരു വായയോ
ഇല്ലാതെപോയ ശരീരഭാഗമോ
നഷ്ടമായ അവയവമോ ആയേനെ.

Ø

ഒന്നിനുമൊന്നിനും ഇടയിൽ
പൂജ്യം അതിന്റെ വഴി തുളയ്ക്കുന്നു,
എല്ലാം മാറ്റിമറിക്കുന്നു.
അത് ഇംഗ്ലീഷ് അക്ഷരമാലയുടെ
അകത്തേക്ക് വഴുതിക്കയറുന്നു,
ഒച്ചയില്ലാത്ത നാവിൽ അത് സ്വരാക്ഷരം,
അന്ധന്റെ കണ്ണിലെ കൃഷ്ണമണി,
അവൻ വിരൽത്തുമ്പിൽ പിടിക്കുന്ന
മുഖത്തിന്റെ വടിവ്.

Ø

വറ്റിയ കിണറിന്റെ അടിയിൽ നിന്നും
മുകളിലേക്ക് നോക്കുമ്പോൾ
നിങ്ങൾ കാണുന്നതാണ് പൂജ്യം,
അതിന്റെ ഉഗ്രമായ നീലിമ.

നിങ്ങളുടെ കുതികാൽ
ചിറകിനായി വെമ്പുമ്പോൾ
നിങ്ങൾ നിങ്ങളുടെ കഴുത്തിനു ചുറ്റും
കെട്ടുന്ന കയറാണത്.

തൂവലുകൾ കത്തുന്ന മണമറിഞ്ഞ്
കടലിലേക്ക് പതിക്കുമ്പോൾ
ഇക്കാറസിനു മനസ്സിലായി
പൂജ്യം എന്തെന്ന്.

Ø

കുന്നിൽ നിന്നും താഴേക്ക് നിങ്ങൾ
പൂജ്യത്തെ ഉരുട്ടിവിട്ടാൽ അത് വളരും,
പട്ടണങ്ങളും കൃഷിയിടങ്ങളും വിഴുങ്ങും
മേശമേൽ പൂജ്യംവെട്ടിക്കളിക്കുന്നവരെയും.

കാനഡയിലെ ഗോത്രത്തലവന്മാർ
ഉടമ്പടികളിൽ ഒപ്പുവെച്ചപ്പോൾ
അവരുടെ പേരിനൊപ്പം X എന്നെഴുതി,
ഇംഗ്ലീഷിൽ, X എന്നാൽ പൂജ്യം.

Ø

അലങ്കാരശാസ്ത്രജ്ഞനും
ഗണിതം പഠിക്കുന്നവനുമായ
സുഹൃത്തിനോട് ഞാൻ ചോദിച്ചു:
ലളിതമായി പറഞ്ഞാൽ
എന്താണ് പൂജ്യത്തിനർത്ഥം?
ഒന്നുമില്ല, അവൻ പറഞ്ഞു.

Ø

പൂജ്യം അശ്ലീലകലാകാരന്റെ അക്കമാണ്,
അയാൾ അതൊരു കള്ളപ്പേരിൽ
കത്തുകളിലൂടെ വരുത്തിക്കുന്നു.
അത് മരിക്കാനുള്ളവരുടെ നിരയിലെ
അവസാന മനുഷ്യന്റെ അക്കമാണ്,
ഗർഭം അലസിപ്പിക്കാൻ മൂന്ന് നിലകൾ
ചാടുന്നവളുടെ എണ്ണമാണ്.

Ø

പൂജ്യം തുടങ്ങുന്ന ഇടത്തുതന്നെ
ഒടുങ്ങുന്നു, പ്രയറി പുൽമേടുകളിലൂടെ
ദിവസം മുഴുവൻ കറങ്ങിയിട്ടും
എവിടെയുമെത്തിയില്ലല്ലോ എന്ന
തോന്നലിനോട് ചിലർ ഇതിനെ
താരതമ്യപ്പെടുത്തുന്നു.

Ø

ആദിയിൽ ദൈവം
പൂജ്യം സൃഷ്ടിച്ചു.

'Poem about Nothing' from the book Before the First Word

ലോർണ ക്രോസിയർ (1948-): കനേഡിയൻ കവി. ഇരുപത്തിയഞ്ചിലേറെ പുസ്തകങ്ങൾ. 1992 ലെ ഗവർണർ ജനറൽ അവാർഡ്, കവിതയ്ക്കുള്ള കനേഡിയൻ ഓതേഴ്‌സ് അസോസിയേഷൻ അവാർഡ്, നാഷണൽ മാഗസിൻ അവാർഡ് (സ്വർണ്ണ മെഡൽ) എന്നിവ ലഭിച്ചിട്ടുണ്ട് .
മേരി ഒലിവറിൻ്റെ ഒരു കവിത, രണ്ട് പരിഭാഷ

മേരി ഒലിവറിൻ്റെ ഒരു കവിത, രണ്ട് പരിഭാഷ

മേരി ഒലിവർ
മേരി ഒലിവറിൻ്റെ ‘How I go to the woods’ എന്ന കവിതയുടെ രണ്ടുതരം മലയാള പരിഭാഷകൾ. സ്രോതഭാഷയിൽ ഗദ്യകവിതയുടെ രൂപമാണ് ഈ കവിതയ്ക്ക്. ആദ്യത്തെ പരിഭാഷയിൽ ആ രൂപം മാറ്റിയിരിക്കുന്നു, സ്വരചേർച്ചയ്ക്കും ഒഴുക്കിനും പ്രാധാന്യം നൽകിയിരിക്കുന്നു. രണ്ടാമത്തെ പരിഭാഷയിൽ ഇങ്ങനെയുള്ള അമിതസ്വാതന്ത്ര്യം എടുത്തിട്ടില്ല. 

കാട്ടിൽ ഞാൻ പോകുന്നവിധം


കാട്ടിൽ തനിയെ പോകുന്നു ഞാൻ,
കൂട്ടരിലൊരാളെയും കൂട്ടാതെ;
കളിചിരിയും പറച്ചിലുമായി കഴിയു
മവർ കാടിനുചേരില്ലെന്നിരിക്കെ.

കിളികളോട് മിണ്ടും വന്മരത്തെ പുൽകും
എന്നെയാരും കാണാതിരിക്കട്ടെ.
ധ്യാനിക്കുവാൻ എനിക്കുണ്ട് ഒരു വഴി,
നിങ്ങൾക്ക് നിങ്ങളുടേതെന്നപോലെ.

തനിച്ചെന്നാൽ ആരുമേ
കാണില്ലെന്നുമാകാം.

മൺതിട്ടമേൽ പാഴ്ച്ചെടികളെന്നപോൽ
ഇരിക്കാമെനിക്ക്, നിശ്ചലം,
ഞാനിരിപ്പില്ലവിടെയെന്നോണം
കുറുനരികൾ പോകുവോളം.
കേൾക്കാം, പൂവുകൾ പാടുന്നതിൻ
കേൾവിപ്പെടാത്തൊരീണം.

കാട്ടിൽ എനിക്കൊപ്പം വന്നുവെങ്കിൽ
നിങ്ങൾ എനിക്കേറെ പ്രിയമുള്ളയാൾ.

കാട്ടിൽ ഞാൻ പോകുന്നത്


സാധാരണ, ഞാൻ കാട്ടിൽ പോകുന്നത് തനിച്ചാണ്, ഒരു സുഹൃത്തിനെയും കൂടെക്കൂട്ടില്ല, അവർ ചിരിയും പറച്ചിലുമായ് നടക്കുന്നവർ, അതുകൊണ്ടുതന്നെ കാടിന് ചേരാത്തവർ.

പാടുന്ന പക്ഷികളോട് ഞാൻ മിണ്ടുന്നതോ പ്രായംചെന്ന ആ ഇരുണ്ട വലിയ ഓക്കുമരത്തെ കെട്ടിപ്പിടിക്കുന്നതോ ആരും കാണരുതെന്നുണ്ട്. പ്രാർത്ഥിക്കാൻ എനിക്ക് എൻ്റെ രീതിയുണ്ട്, നിങ്ങൾക്കു നിങ്ങളുടേതും.

തന്നെയുമല്ല, തനിച്ചാകുമ്പോൾ എനിക്ക് അദൃശ്യയുമാകാം. ഒരു മൺകൂനയ്ക്കു മുകളിൽ അനങ്ങാതെയിരിക്കാം, കാട്ടുചെടികൾ എഴുന്നുനിൽക്കുംപോല, കുറുനരികൾ എന്നെയറിയാതെ പോകുവോളം. പൂവുകൾ പാടുന്ന കേൾവിപ്പെടാത്തൊരീണം കേൾക്കാം.

നിങ്ങൾ എന്നെങ്കിലും എനിക്കൊപ്പം കാട്ടിൽ വന്നുവെങ്കിൽ, ഞാൻ നിങ്ങളെ അത്രയേറെ സ്നേഹിച്ചിരിക്കും.

How I go to the woods

― Mary Oliver

Ordinarily, I go to the woods alone, with not a single friend, for they are all smilers and talkers and therefore unsuitable.

I don’t really want to be witnessed talking to the catbirds or hugging the old black oak tree. I have my way of praying, as you no doubt have yours.

Besides, when I am alone I can become invisible. I can sit on the top of a dune as motionless as an uprise of weeds, until the foxes run by unconcerned. I can hear the almost unhearable sound of the roses singing.

If you have ever gone to the woods with me, I must love you very much.

മേരി ഒലിവർ (1935-2019): അമേരിക്കൻ കവി. നാഷണൽ ബുക്ക് അവാർഡ്, പുലിറ്റ്സർ പ്രൈസ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങൾ. സമീപകാലത്ത് അമേരിക്കയിൽ ഏറ്റവും അധികം വിൽക്കപ്പെട്ട കവിതാപുസ്തകങ്ങൾ മേരി ഒലിവറുടേതാണ്.
»