നിങ്ങൾക്കാവില്ല

നിങ്ങൾക്കാവില്ല

ഗോപാ‍ല്‍ ഹൊണാല്‍ഗെരെഗോപാ‍ല്‍ ഹൊണാല്‍ഗെരെ

I

ഉറക്കം വരുത്താൻ നിങ്ങൾക്കാവില്ല
നിങ്ങൾക്കത് സ്വപ്നം കാണാനേ കഴിയൂ.
ശീതീകരിച്ച മുറിയിൽ
മൂട്ടയില്ലാത്ത മെത്തയൊരുക്കാനും.

നിങ്ങളുടെ ഉറക്കമില്ലായ്‌മയോട്
എങ്ങനെ ‘ശുഭരാത്രി’ നേരണമെന്നു
പഠിപ്പിക്കാൻ യേശുവിനാകില്ല.

നിങ്ങളുടെ നിദ്രാവിഹീനതയ്ക്കു
എങ്ങനെ താരാട്ടുപാടാമെന്നു
പഠിപ്പിക്കാൻ പുണ്യാളന്മാർക്കും.

മരുന്നുകളും ‘എങ്ങനെ നന്നായി ഉറങ്ങാം’ എന്ന 
അമേരിക്കൻ ബെസ്റ്റ് സെല്ലറും പോലെത്തന്നെ
പ്രാർത്ഥനകളും കുമ്പസാരങ്ങളും വിഫലം.

II

പാപപരിഹാരത്തിന്റെയും
ദൈവത്തിന്റെയും
ഉറക്കത്തിന്റെയും ലളിതമായ വരവിനായി
നിങ്ങൾ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്,
നിങ്ങളെ നിങ്ങളുടെതന്നെ ചുമലിൽ
നിങ്ങൾ ചുമക്കേണ്ടതുണ്ട്...
കരഞ്ഞുകൊണ്ടിരിക്കുന്ന ആ കുഞ്ഞിനെ,
നിങ്ങളുടെ പിരിമുറുക്കങ്ങളെല്ലാം
ജന്മനാ കിട്ടിയിട്ടുള്ള
രോഗിയായ ആ കുഞ്ഞിനെ,
വാത്സല്യപൂര്‍വ്വം തലോടൂ.
അവന് മുത്തശ്ശിക്കഥകൾ പറഞ്ഞുകൊടുക്കൂ
നേഴ്സറി പാട്ടുകൾ പാടികൊടുക്കൂ
ഇരുണ്ട മേഘങ്ങൾ ചന്ദ്രനോടൊത്ത്
കളിക്കുന്നത് കാണിച്ചുകൊടുക്കൂ
നക്ഷത്രങ്ങളെ കാണിച്ചുകൊടുക്കൂ
വേനൽമരങ്ങൾക്കിടയിൽ നക്ഷത്രങ്ങൾ
പൂക്കളെ പോലെ തിളങ്ങുന്നത് കാണിക്കൂ
എന്നിട്ടവനോട് പറയൂ,
എങ്ങനെ ഒരു നല്ലകുട്ടിയായി വളരാമെന്ന്.
അവന് മനസ്സിലായാലും ഇല്ലെങ്കിലും
രാമനെപ്പറ്റി ബുദ്ധനെപ്പറ്റി
യേശുവിനെപ്പറ്റി അവനോട് പറയൂ,
നിങ്ങൾ ഉറക്കത്തിലേക്ക് വീഴുംവരെ.

ഗോപാ‍ല്‍ ഹൊണാല്‍ഗെരെ (1942–2003): കർണ്ണാടകയിൽ നിന്നുള്ള ഇന്ത്യൻ ഇംഗ്ലീഷ് കവിയായിരുന്നു. ആദ്യത്തെ രണ്ട് പുസ്തകങ്ങൾ റൈറ്റേഴ്സ് വർക്ക്ഷോപ്പ് പുറത്തിറക്കി. പിന്നീട് നാല് കവിതാസമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചുവെങ്കിലും അധികം ആളുകൾക്കിടയിലേക്ക് എത്തിപ്പെട്ടിരുന്നില്ല. സമാഹരിച്ച കവിതകൾ 2020ൽ പോയട്രിവാല പുറത്തിറക്കി.

« »