കാന്റോ ഒൻപത്

കാന്റോ ഒൻപത്

ടോണിനോ ഗുവേരടോണിനോ ഗുവേര

നൂറ് ദിവസമെങ്കിലുമായി മഴ പെയ്യുകയായിരുന്നിരിക്കണം,
എല്ലാ ചെടികളുടെയും വേരുകളിൽ
        കുതിർന്നിറങ്ങിയ വെള്ളം
ഗ്രന്ഥശാലയിലെത്തി, മഠത്തിനുള്ളിൽ
അടച്ചുവെച്ച വിശുദ്ധവാക്കുകളെയെല്ലാം നനച്ചു.

കാലാവസ്ഥ നന്നായി വന്നപ്പോൾ
സജാത്-നോവ, ഏറ്റവും ഇളയ സന്യാസി,
ഒരു കോണിയുമെടുത്ത് പുസ്തകമെല്ലാം
മേൽക്കൂരയിലെത്തിച്ചു, വെയിലത്ത്,
താളുകളുണങ്ങുന്നതും കാത്തിരുന്നു.

നല്ല കാലാവസ്ഥയായിരുന്ന ഒരു മാസം,
പുസ്തകങ്ങൾ ജീവന്റെ ലക്ഷണമെന്തെങ്കിലും
നൽകുന്നതും കാത്ത് സന്യാസി
മുറ്റത്ത് മുട്ടുകുത്തിയിരുന്നു.
ഒടുവിൽ ഒരു പ്രഭാതത്തിൽ താളുകൾ
ഇളംകാറ്റിൽ പയ്യെ മർമ്മരമുണ്ടാക്കി തുടങ്ങി.

മേൽക്കൂരയിൽ തേനീച്ചക്കൂട്ടം
വന്നെത്തിയതുപോലെയായിരുന്നു ആ ശബ്ദം,
അവൻ കരയാൻ തുടങ്ങി, കാരണം
പുസ്തകങ്ങൾ സംസാരിക്കുകയായിരുന്നു.

ടോണിനോ ഗുവേര (1920–2012): ഇറ്റാലിയൻ കവിയും എഴുത്തുകാരനും തിരക്കഥാകൃത്തും. ഫെഡറിക്കോ ഫെല്ലിനി, മിക്കലാഞ്ചലോ അന്റോണിയോണി, ആന്ദ്രേ താർക്കോവ്സ്കി, തിയോ ആഞ്ചലോപൗലോസ് തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചു. Amarcord, Blow-Up, L’Avventura, Nostalghia തുടങ്ങിയ ലോകപ്രശസ്ത സിനിമകളുടെ തിരക്കഥാകൃത്ത്.
»