വീട്

വീട്

നിക്കോള മാദ്‌സിറോവ്‌
നിക്കോള മാദ്‌സിറോവ്‌

പട്ടണത്തിൻ്റെ അതിരിലാണ് ഞാൻ ജീവിച്ചിരുന്നത്
ആരാലും മാറ്റിസ്ഥാപിക്കാത്ത ബൾബുമായി 
നിൽക്കുന്ന തെരുവുവിളക്കുപോലെ.
ചുവരുകളെ ചേർത്തുനിർത്തിയത് മാറാലയായിരുന്നു,
ഞങ്ങളുടെ കൈകളെ വിയർപ്പും.
സ്വപ്നങ്ങളിൽ നിന്നും രക്ഷിക്കാനായി ഞാൻ
എൻ്റെ കരടിപ്പാവയെ പരുക്കൻ ഭിത്തിയിലെ
വിടവുകളിൽ ഒളിപ്പിച്ചിരുന്നു.

രാവും പകലും ഞാൻ ഉമ്മറപ്പടിയെ
ആളനക്കമുള്ളതാക്കി നിർത്തി.

മുമ്പത്തെ പൂവിലേക്കെപ്പോഴും മടങ്ങുന്ന
തേനീച്ചയെപ്പോലെയൊരു മടക്കം.
ഞാൻ വീടുവിട്ടു പോയപ്പോൾ
അത് സമാധാനമുള്ള സമയമായിരുന്നു:

കടിച്ചുവെച്ച ആപ്പിൾ അതേമട്ടിലിരുന്നു,
കത്തിൽ ഒഴിഞ്ഞ വീടോടു കൂടിയ ഒരു സ്റ്റാമ്പും.

ജനനം മുതൽ ഞാൻ ശാന്തമായ ഇടങ്ങളിലേക്ക്
കുടിയേറിപ്പാർത്തുകൊണ്ടിരുന്നു,
എനിക്കുകീഴെ ശൂന്യത പറ്റിപ്പിടിച്ചു നിന്നു
മണ്ണിൻ്റെ ഭാഗമാണോ വായുവിൻ്റെ ഭാഗമാണോ
എന്നറിയാത്ത മഞ്ഞിനെപ്പോലെ.

'Home' by Nikola Madzirov from Remnants of Another Age

നിക്കോള മാദ്‌സിറോവ്‌ (ജനനം 1973): മാസിഡോണിയൻ കവിയും പരിഭാഷകനും. സമകാലീന യൂറോപ്യൻ കവിതയിലെ ഏറ്റവും പ്രധാനപ്പെട്ട കവികളിൽ ഒരാൾ. മുപ്പതിലേറെ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. 
« »