— സി. പി. കവാഫിഇത്താക്കയിലേക്കു നീ യാത്രതിരിക്കുമ്പോൾ
നിന്റെ വഴി ദൈർഘ്യമേറിയതായിരിക്കട്ടെ,
സാഹസങ്ങളാലും കണ്ടെത്തലുകളാലും നിറയട്ടെ.
ലൈസ്ട്രിഗോണിയന്മാർ, സൈക്ലോപ്‌സ്,
ക്രുദ്ധനായ പൊസൈഡൺ—ആരെയും ഭയപ്പെടേണ്ടതില്ല:
നിൻ്റെ ചിന്തകൾ ഉയർന്നുനിൽക്കുവോളം
നിൻ്റെ ഉടലിലും ആത്മാവിലും
അപൂർവ്വമായോരാവേശം ഇളകിമറിയുവോളം
അവരെ നീ നേരിടേണ്ടതായി വരില്ല.
ലൈസ്ട്രിഗോണിയന്മാർ, സൈക്ലോപ്‌സ്,
ഉഗ്രനായ പൊസൈഡൺ— ഇവരാരെയും
നിൻ്റെ ആത്മാവിനോടൊപ്പം നീ കൊണ്ടുനടക്കുന്നില്ലെങ്കിൽ
നിൻ്റെ മുന്നിൽ നീതന്നെ കൊണ്ടുനിർത്തുന്നില്ലെങ്കിൽ
നിനക്ക് അവരുമായി കൂട്ടിമുട്ടേണ്ടതില്ല.
നിന്റെ വഴി ദൈർഘ്യമേറിയതായിരിക്കട്ടെ.
അനേകം വേനൽപുലരികളുണ്ടാകട്ടെ, അപ്പോൾ,
എന്തെന്നില്ലാത്ത ആവേശത്തോടെയും തൃപ്തിയോടെയും
നീ ആദ്യമായി കാണുന്ന തുറമുഖങ്ങളിലേക്ക് കടന്നുചെല്ലട്ടെ;
ഫീനീഷ്യൻ വ്യാപാരശാലകളിൽ നിർത്താനാകട്ടെ,
മനോഹരമായ ആ വസ്തുക്കൾ;
മുത്തുച്ചിപ്പി, പവിഴം, ആംബർ, കരിമരം,
എല്ലാത്തരം മാദക സുഗന്ധദ്രവ്യങ്ങളും
കഴിയുന്നത്ര സ്വന്തമാക്കൂ.
ഈജിപ്തിലെ അനേകം നഗരങ്ങൾ സന്ദർശിക്കൂ
അവിടുത്തെ പണ്ഡിതരിൽ നിന്നും പഠിക്കൂ,
പിന്നെയും പഠിച്ചുകൊണ്ടേയിരിക്കൂ.
ഇത്താക്കയെ എപ്പോഴും മനസ്സിൽ സൂക്ഷിക്കൂ.
അവിടെയെത്തിച്ചേരുക തന്നെയാണ് നിൻ്റെ വിധി.
എന്നാൽ യാത്രയിൽ തിടുക്കമരുതേ,
ഏറെക്കാലം നീണ്ടുനിൽക്കുന്നതു തന്നെ നല്ലത്
ദ്വീപിലെത്തുമ്പോഴേക്കും നീ വാർധക്യത്തിലെത്തിയിരിക്കട്ടെ.
വഴിയേ നേടിയതെല്ലാം കൊണ്ട് സമ്പന്നനായവനായി
ഇത്താക്ക നിന്നെ സമ്പന്നനാക്കേണ്ടതുണ്ടെന്ന പ്രതീക്ഷയില്ലാതെ.
ഇത്താക്കയാണ് വിസ്മയകരമായ ഈ യാത്ര നിനക്ക് നൽകിയത്.
അവളില്ലായിരുന്നുവെങ്കിൽ നീ യാത്രതിരിക്കില്ലായിരുന്നു.
നിനക്കായി തരാൻ അവളിൽ മറ്റൊന്നുമിപ്പോൾ ശേഷിക്കുന്നില്ല.
അവളെ നീ ദരിദ്രയായി കണ്ടാലും, ഇത്താക്ക നിന്നെ വഞ്ചിച്ചിട്ടില്ല,
അനുഭവത്താൽ സമ്പന്നനും ജ്ഞാനത്താൽ പക്വതയാർന്നവനുമായ
നീ മനസ്സിലാക്കിയിരിക്കും, ഇത്താക്കകൾ എന്താണെന്ന്.
'Ithaca' by C.P. Cavafy
സി. പി. കവാഫി (1863-1933): ഗ്രീക്ക് കവി. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ 1863 ഏപ്രിൽ 29നായിരുന്നു കോൺസ്റ്റാന്റിൻ പീറ്റർ കവാഫിയുടെ ജനനം. ഒമ്പത് മുതൽ പതിനാറാം വയസ്സ് വരെ ഇംഗ്ലണ്ടിൽ കഴിഞ്ഞ കവാഫി, പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലും ഫ്രാൻസിലും കുറച്ചുകാലം ജീവിച്ചു. 1885ൽ അലകസാൻഡ്രിയയിൽ തിരിച്ചെത്തി. അവിടെ ജലസേചന വകുപ്പിൽ ജീവനക്കാരനായി. ഇക്കാലത്താണ് കവിതയെഴുത്തിൽ സജീവമായത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ഗ്രീക്ക് ചരിത്രത്തിന്റെയും പുരാണത്തിന്റെയും ഭാവനാപരമായ പുനരാഖ്യാനം, സാങ്കൽപ്പിക ഭാഷണങ്ങൾ എന്നിങ്ങനെ ചരിത്രപരവും തത്വചിന്താപരവും മനഃശാസ്‌ത്രപരവുമായ പ്രമേയങ്ങളാണ് കവാഫി കവിതകളുടേത്.