
ഓരോ യുദ്ധത്തിനു ശേഷവും
ആരെങ്കിലും എല്ലാം വെടിപ്പാക്കേണ്ടതുണ്ട്.
സ്വമേധയാ പഴയപടിയാകാൻ
ഒന്നിനുമാകില്ലല്ലോ.
ശവങ്ങൾ നിറച്ച വണ്ടികൾക്കു
കടന്നുപോകണമെങ്കിൽ
ആരെങ്കിലും കെട്ടിടാവശിഷ്ടങ്ങൾ
റോഡരികിലേക്ക് തള്ളിനീക്കണം.
ചേറിനും ചാരത്തിനും ഇടയിലൂടെ,
സോഫാസ്പ്രിംഗുകൾക്കു ഇടയിലൂടെ,
ചില്ലുകഷ്ണങ്ങൾക്കും രക്തതുണികൾക്കും
ഇടയിലൂടെ ആരെങ്കിലും ഇഴഞ്ഞുപോകണം.
ചുവരുകൾക്കു താങ്ങുകിട്ടാൻ
ഒരാൾ തൂണൊരുക്കി കൊടുക്കണം,
ജനൽ ആരെങ്കിലും മിനുക്കിയെടുക്കണം,
വാതിൽ കട്ടളയിൽ ഉറപ്പിക്കാനും ആളുവേണം.
ശബ്ദശകലങ്ങളില്ല, ഫോട്ടോയെടുക്കാനൊന്നുമില്ല,
അതിനാകട്ടെ ഇനിയും കാലങ്ങളെടുക്കും.
എല്ലാ ക്യാമറകളും മറ്റു യുദ്ധങ്ങളിലേക്ക്
പോയിക്കഴിഞ്ഞു.
പാലങ്ങൾ വീണ്ടും പണിതുണ്ടാക്കണം,
റെയിൽവേസ്റ്റേഷനുകളുമതെ.
കുപ്പായക്കയ്യുകൾ തെരുത്തുകയറ്റിക്കയറ്റി
പിഞ്ഞിക്കീറിപ്പോകും.
അതെങ്ങനെയായിരുന്നെന്നു ഓർത്തെടുത്ത്
കൈയ്യിൽ ചൂലുമായി ഒരാൾ നിൽക്കുകയാണ്.
തകരാതവശേഷിച്ച തന്റെ തലയാട്ടിക്കൊണ്ട്
മറ്റൊരാൾ അതെല്ലാം കേൾക്കുകയാണ്.
ഇതൊക്കെ അൽപ്പം
മടുപ്പുളവാക്കുന്നതാണെന്നു കരുതുന്ന,
തിരക്കുള്ള മറ്റു ചിലരും സമീപത്തുണ്ട്.
ഓരോ കാലത്തും പൊന്തയിൽ നിന്നും
തുരുമ്പിച്ചൊരു വാദം തോണ്ടിയെടുക്കാനും
അത് കുപ്പക്കുഴിയിൽ കൊണ്ടുതള്ളാനും
ഒരാളുണ്ടായിരിക്കണം.
ഇതെല്ലാം എന്തായിരുന്നെന്നു അറിയുന്നവർ
ഇതേക്കുറിച്ചൊന്നും അറിയാത്തവർക്കു
വഴിമാറിക്കൊടുക്കേണ്ടിവരും.
ആദ്യം അധികമൊന്നുമറിയാത്തവർക്ക്
പിന്നെ ഒന്നുമറിയാത്തവർക്കായി,
ഒടുവിൽ ഒന്നുമേ അറിയാത്തവർക്കായി.
കാരണങ്ങളും കെടുതികളും
മൂടിമറച്ചുവളരും പുല്ലിന്മേൽ
മാനംനോക്കിയൊരാൾ കിടക്കേണ്ടതുണ്ട്,
കതിരും കടിച്ചുപിടിച്ച്.
വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.