റെസ്യുമെ തയ്യാറാക്കുമ്പോൾ

റെസ്യുമെ തയ്യാറാക്കുമ്പോൾ

വീസ്വാവ ഷിംബോർസ്കവീസ്വാവ ഷിംബോർസ്ക

എന്താണ് ചെയ്യേണ്ടതായിട്ടുള്ളത്?
അപേക്ഷ പൂരിപ്പിച്ച്
റെസ്യുമെ അതോടൊപ്പം വെക്കുക.

ജീവിതമെത്ര ദൈർഘ്യമേറിയതായാലും
റെസ്യുമെ ചുരുക്കിയെഴുതുന്നതാണ് നല്ലത്.
സംക്ഷിപ്തമാകണം, തെരഞ്ഞെടുത്ത വസ്തുതകൾ മാത്രം.
ചുറ്റുപാടുകൾക്കു പകരം മേൽവിലാസം മാത്രം.
അവ്യക്തമായ ഓർമ്മകൾക്കു പകരം സ്പഷ്ടമായ തീയ്യതികൾ.

പ്രണയങ്ങളിൽ, വിവാഹം മാത്രം സൂചിപ്പിക്കുക.
കുഞ്ഞുങ്ങളിൽ, ജനിച്ചവരെ മാത്രം.

നിങ്ങൾക്കു ആരെ അറിയാം എന്നതിനേക്കാൾ
നിങ്ങളെ ആരറിയും എന്നതിലാണ് കാര്യം.
യാത്രകളിൽ, വിദേശയാത്രകൾ മാത്രം സൂചിപ്പിക്കുക.
എന്തിലൊക്കെ അംഗത്വമുണ്ടെന്നു പറയാം,
എന്തിനാണെന്ന് പറയണ്ട.
ബഹുമതികൾ രേഖപ്പെടുത്താം,
അവ നേടിയെടുത്തവിധം വേണ്ട.

നിങ്ങൾ നിങ്ങളോടു ഇതേവരെ സംസാരിച്ചിട്ടില്ലെന്ന മട്ടിലെഴുതുക.
നിങ്ങളെ എപ്പോഴും ഒരുകൈ അകലെ നിർത്തുക.

നിങ്ങളുടെ പട്ടികൾ, പൂച്ചകൾ, പക്ഷികൾ,
പൊടിപിടിച്ച പ്രിയവസ്തുക്കൾ, കൂട്ടുകാർ, സ്വപ്‌നങ്ങൾ
ഇതേ കുറിച്ചൊന്നും മിണ്ടുകയേ വേണ്ട.

വിലയിടുക, മൂല്യമല്ല.
പദവിയെഴുതുക, ഉള്ളിലെന്തുണ്ടെന്നല്ല.
ചെരുപ്പളവെഴുതുക, എവിടേക്കു പോകുന്നെന്നല്ല,
ആ ഒരാൾ നിങ്ങളായിരിക്കുന്ന പോലെയെഴുതുക.

ഇതിനെല്ലാം പുറമെ,
ഒരു ചെവി കാണുംതരത്തിലുള്ള ഫോട്ടോ ചേർക്കുക.
അതിന്റെ ആകൃതിയിലാണ് കാര്യം, കേൾവിയിലല്ല.
അല്ലെങ്കിലും എന്താണ് കേൾക്കാനുള്ളത്?
ആവശ്യമില്ലാത്ത കടലാസുകൾ കീറിപ്പൊടിക്കുന്ന
യന്ത്രത്തിന്റെ ഒച്ചയല്ലാതെ.

വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

« »