
അവസാന പരീക്ഷയെക്കുറിച്ച്
ഞാൻ കാണുന്ന സ്വപ്നം ഇങ്ങനെ:
ജാലകപ്പടിമേൽ തുടലിലിട്ട
രണ്ട് കുരങ്ങുകൾ ഇരിക്കുന്നു.
അവർക്ക് പിന്നിൽ ഒഴുകുന്ന വാനം,
തിരയടിക്കുന്ന കടൽ.
മനുഷ്യവംശചരിത്രമാണ് പരീക്ഷ.
ഉത്തരം കിട്ടാതെ ഞാൻ വിക്കുന്നു.
ഒരു കുരങ്ങ് എന്നെ തുറിച്ചുനോക്കുകയാണ്,
പുച്ഛഭാവത്തിൽ കേൾക്കുകയാണ്.
മറ്റേ കുരങ്ങ് കിനാവുകണ്ടിരിക്കുകയാകണം
എങ്കിലും എനിക്കു ഉത്തരംമുട്ടുമ്പോൾ
തുടൽ പതിയെ കിലുക്കിക്കൊണ്ടവൻ
ചില സൂചനകൾ നൽകുന്നു.
വിസ്ലാവ ഷിംബോസ്ക (1923-2012): 1996ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാര ജേതാവായ പോളിഷ് കവി. സാഹിത്യത്തിനായുള്ള ക്രാക്കോ നഗര പുരസ്കാരം, പോളിഷ് മന്ത്രാലയത്തിന്റെ കൾച്ചറൽ പ്രൈസ്, ഗൊയ്ഥെ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.