
വർണ്ണാഭമായ കിനാവുകണ്ട് ഉറങ്ങുന്നവന്റെ
മുഖത്ത് പകൽവെട്ടം പതിച്ചു.
അവനുണർന്നില്ല.
കഠിനവെയിലേറ്റ്, മറ്റു പലർക്കുമൊപ്പം
നടന്നുപോകുന്നവന്റെ മുഖത്ത്
ഇരുൾ വീണു.
പേമാരിയിലെന്നപോലെ പൊടുന്നനെ ഇരുട്ട്.
ഓരോ നിമിഷവും അടക്കം ചെയ്ത മുറിയിൽ
ഞാൻ നിന്നു— അതൊരു ശലഭമ്യൂസിയം.
സൂര്യൻ മുമ്പെന്നപോലെ കനത്തുനിന്നു.
അതിന്റെ അക്ഷമരാം ബ്രഷുകൾ
ലോകത്തിന് നിറം നൽകുകയായി.
"Secrets of the Way" by Tomas Tranströmer
റ്റൊമാസ് ട്രാൻസ്ട്രോമർ (1931-2015): 1931 ഏപ്രില്‍ 15 ന് സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ട്രാൻസ്ട്രോമർ, സാഹിത്യചരിത്രത്തിലും പിന്നീട് മനഃശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. സാന്ദ്രമായ ബിംബങ്ങളിലൂടെ, യാഥാർഥ്യത്തിലേക്കുള്ള പുത്തൻ വാതായനം തുറന്ന ട്രാൻസ്ട്രോമർക്ക് 2011ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അറുപതിലേറെ ഭാഷകളിലേക്ക് ട്രാൻസ്ട്രോമറുടെ കവിതകൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.