പ്രാന്തപ്രദേശം

പ്രാന്തപ്രദേശം

റ്റൊമാസ് ട്രാൻസ്ട്രോമർറ്റൊമാസ് ട്രാൻസ്ട്രോമർ

കിടങ്ങിൽ നിന്നുള്ള മണ്ണിന്റെ അതേ നിറത്തിൽ
പണിക്കുപ്പായങ്ങളിൽ ആളുകൾ.
ഇത് മാറിക്കൊണ്ടിരിക്കുന്ന ഒരിടം,
നഗരമോ ഗ്രാമമോ അല്ലാതെ, സ്തംഭനാവസ്ഥ.
ഭൂമിയ്ക്കുമേലെ നിൽക്കും ക്രെയിനുകൾ
വൻകുതിപ്പിനൊരുങ്ങുന്നു,
ഘടികാരങ്ങൾ അതിനെതിർ നിൽക്കുന്നു.
വരണ്ട നാവിനാൽ വെളിച്ചം നക്കിക്കൊണ്ട്
കോൺക്രീറ്റ് പൈപ്പുകൾ ചിതറികിടക്കുന്നു.
കളപ്പുരകൾ വാഹനഭാഗങ്ങൾ വിൽക്കുന്ന
കടകളായിരിക്കുന്നു.
ചന്ദ്രോപരിതലത്തിലെ വസ്തുക്കളെ പോലെ
കല്ലുകൾ നിഴൽ വിരിക്കുന്നു.
ജൂദാസിന്റെ വെള്ളികൊണ്ട് വാങ്ങിയ
നിലം പോലെ ഇവിടം വലുതായിക്കൊണ്ടിരിക്കുന്നു:
'അന്യരെ അടക്കം ചെയ്യാൻ ഒരു കുശവന്റെ പാടം'.

"Outskirts" by Tomas Tranströmer

റ്റൊമാസ് ട്രാൻസ്ട്രോമർ (1931-2015): 1931 ഏപ്രില്‍ 15 ന് സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ട്രാൻസ്ട്രോമർ, സാഹിത്യചരിത്രത്തിലും പിന്നീട് മനഃശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. സാന്ദ്രമായ ബിംബങ്ങളിലൂടെ, യാഥാർഥ്യത്തിലേക്കുള്ള പുത്തൻ വാതായനം തുറന്ന ട്രാൻസ്ട്രോമർക്ക് 2011ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അറുപതിലേറെ ഭാഷകളിലേക്ക് ട്രാൻസ്ട്രോമറുടെ കവിതകൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

« »