
സന്ധ്യയ്ക്ക് അങ്ങാടിക്കവലയിൽ, പരിചയമില്ലാത്ത
ആളുകളുടെ തിളങ്ങുന്ന മുഖങ്ങൾ ഞാൻ കണ്ടു.
ആർത്തിയോടെ അവരുടെ മുഖത്തേക്ക്
നോക്കി: ഓരോന്നും വ്യത്യസ്തം,
എന്തോക്കെയോ പറഞ്ഞ്, വശപ്പെടുത്തി,
ചിരിച്ച്, ഉള്ളിലടക്കി ആ മുഖങ്ങൾ.
നഗരം ഉണ്ടാക്കിയിരിക്കുന്നത് വീടുകളാലോ
കവലകളാലോ നടപ്പാതകളാലോ ഉദ്യാനങ്ങളാലോ
വിപുലമായ തെരുവുകളാലോ അല്ല, മറിച്ച്
വിളക്കുകൾ പോലെ തിളങ്ങുന്ന മുഖങ്ങൾ
കൊണ്ടാണെന്നെനിക്കു തോന്നി
രാത്രി, തീപ്പൊരികളുടെ മേഘങ്ങൾക്കുള്ളിൽ
ഉരുക്കു വിളക്കിച്ചേർക്കുന്ന വെൽഡറുടെ
ടോർച്ചുകൾ പോലുള്ള മുഖങ്ങൾ കൊണ്ട്.
Faces by Adam Zagajewski
ആദം സഗയെവ്സ്കി (1945-2021): പോളിഷ് കവിയും നോവലിസ്റ്റും ഗദ്യകാരനും. 1945ൽ പോളണ്ടിലെ ലിവിവ് നഗരത്തിൽ ജനനം. സാഹിത്യത്തിനുള്ള നോയ്സ്റ്റാറ്റ് അന്താരാഷ്ട്ര പുരസ്കാരം, ഗ്രിഫിൻ കവിതാപുരസ്കാരം അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. 1970കളുടെ മധ്യത്തിൽ സഗായെവ്സ്കിയുടെ എഴുത്തുകൾക്ക് പോളണ്ടിൽ വിലക്ക് ഏർപ്പെടുത്തപ്പെട്ടു. ക്രൊകോവിൽ കഴിയുകയായിരുന്ന അദ്ദേഹം 1982-ൽ നാടുവിട്ടു. പിന്നീട് ഹൂസ്റ്റൻ, ചിക്കാഗോ സർവ്വകലാശാലകളിൽ അദ്ധ്യാപകനായിരുന്നു. 2002-ൽ തിരികെ നാട്ടിലെത്തി. 2021 മാർച്ച് 21 ന് എഴുപത്തിയഞ്ചാം വയസ്സിൽ അന്തരിച്ചു.