
ആ ഇരുണ്ട ചിത്രത്തിനു മുന്നിൽ
മൗനിയായി ഞാൻ നിന്നു.
ഒരു കാൻവാസ് ആകുന്നതിനുമുന്നെ
അതിന് കോട്ടോ ഷർട്ടോ പതാകയോ
ആകാമായിരുന്നു, എന്നാലത്
ലോകം തന്നെയായി മാറി.
മൗനിയായി ഞാൻ നിന്നു,
ആ ഇരുണ്ട ചിത്രത്തിനു മുന്നിൽ.
സന്തോഷത്താലും കലഹത്താലും
ഉത്തേജിതനായി, ഞാൻ ആലോചിച്ചു:
ചിത്ര, ജീവിത കലകളെക്കുറിച്ച്; ഒഴിഞ്ഞ,
കയ്പ്പേറിയ അനേക ദിനങ്ങളെപ്പറ്റി,
നിസ്സഹായ സന്ദർഭങ്ങളെപ്പറ്റി
ഒപ്പം എന്റെ വിറകൊള്ളും ഭാവനയെപ്പറ്റി
അതാകട്ടെ ഒരു മണിയുടെ നാവ്,
ആടുമ്പോൾ മാത്രം ജീവൻവെക്കുന്നത്
അത് സ്നേഹിക്കുന്നതിൽ ചെന്നടിക്കുന്നു
ചെന്നടിക്കുന്നതിനെ സ്നേഹിക്കുന്നു.
പിന്നെ എനിക്ക് തോന്നി, ഈ കാൻവാസിന്
ശവക്കച്ച പോലുമാകാമായിരുന്നല്ലോയെന്ന്.
Canvas by Adam Zagajewski
ആദം സഗയെവ്സ്കി (1945-2021): പോളിഷ് കവിയും നോവലിസ്റ്റും ഗദ്യകാരനും. 1945ൽ പോളണ്ടിലെ ലിവിവ് നഗരത്തിൽ ജനനം. സാഹിത്യത്തിനുള്ള നോയ്സ്റ്റാറ്റ് അന്താരാഷ്ട്ര പുരസ്കാരം, ഗ്രിഫിൻ കവിതാപുരസ്കാരം അടക്കം നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. 1970കളുടെ മധ്യത്തിൽ സഗായെവ്സ്കിയുടെ എഴുത്തുകൾക്ക് പോളണ്ടിൽ വിലക്ക് ഏർപ്പെടുത്തപ്പെട്ടു. ക്രൊകോവിൽ കഴിയുകയായിരുന്ന അദ്ദേഹം 1982-ൽ നാടുവിട്ടു. പിന്നീട് ഹൂസ്റ്റൻ, ചിക്കാഗോ സർവ്വകലാശാലകളിൽ അദ്ധ്യാപകനായിരുന്നു. 2002-ൽ തിരികെ നാട്ടിലെത്തി. 2021 മാർച്ച് 21 ന് എഴുപത്തിയഞ്ചാം വയസ്സിൽ അന്തരിച്ചു.