കത്തുന്ന മെഴുകുതിരികളുടെ നിരപോലെ
വരാനിരിക്കുന്ന ദിനങ്ങൾ നമുക്കു മുന്നിൽ—
സുവർണ്ണജ്വാലകൾ, ജീവിതോഷ്മളം.
അവയ്ക്കു പിന്നിലായി കഴിഞ്ഞകാല ദിനങ്ങൾ.
എരിഞ്ഞടങ്ങിയ തിരികളുടെ പരിതാപകരമായ നിര.
ഒടുവിലെരിഞ്ഞവയിൽ നിന്നും പുകയുയരുന്നു.
ഉരുകിയൊലിച്ച്, രൂപം മാറിയ മെഴുകുതിരികൾ.
എനിക്കവ കാണേണ്ടതില്ല, അവയെന്നെ ദുഃഖത്തിലാക്കുന്നു.
അവയ്ക്കുണ്ടായിരുന്ന ശോഭയോർക്കേണ്ടിവരുന്നു.
മുന്നിൽ കത്തിനിൽക്കുന്നവയെ ഞാൻ നോക്കുന്നു,
തിരിഞ്ഞുനോക്കാൻ ഞാൻ ഭയപ്പെടുന്നു.
എത്രവേഗമാണ് വെളിച്ചമറ്റ വരിയുടെ നീളമേറുന്നത്.
എത്രവേഗത്തിലാണ് എരിഞ്ഞടങ്ങിയ
മെഴുകുതിരികളുടെ എണ്ണമേറുന്നത്.
സി. പി. കവാഫി (1863-1933): ഗ്രീക്ക് കവി. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ 1863 ഏപ്രിൽ 29നായിരുന്നു കോൺസ്റ്റാന്റിൻ പീറ്റർ കവാഫിയുടെ ജനനം. ഒമ്പത് മുതൽ പതിനാറാം വയസ്സ് വരെ ഇംഗ്ലണ്ടിൽ കഴിഞ്ഞ കവാഫി, പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലും ഫ്രാൻസിലും കുറച്ചുകാലം ജീവിച്ചു. 1885ൽ അലകസാൻഡ്രിയയിൽ തിരിച്ചെത്തി. അവിടെ ജലസേചന വകുപ്പിൽ ജീവനക്കാരനായി. ഇക്കാലത്താണ് കവിതയെഴുത്തിൽ സജീവമായത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ഗ്രീക്ക് ചരിത്രത്തിന്റെയും പുരാണത്തിന്റെയും ഭാവനാപരമായ പുനരാഖ്യാനം, സാങ്കൽപ്പിക ഭാഷണങ്ങൾ എന്നിങ്ങനെ ചരിത്രപരവും തത്വചിന്താപരവും മനഃശാസ്‌ത്രപരവുമായ പ്രമേയങ്ങളാണ് കവാഫി കവിതകളുടേത്.