![റോബർട്ടോ ഹുവാറോസ് റോബർട്ടോ ഹുവാറോസ്](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIXykvRHFys6IsBdPJ5dwfhFB01GHJ1dItqsD-Ewh23Oyjv9oXqABOe9QGSJjA7Eb65jLL16dv9qFXTKHpLnulrdLjzZrvYd92J6Yyl0wR6jYEkdcnSiH7jP4DPJSrHWqLTPMzBuHCx3aLf1_U835HXO_mw8lp9lflZCvjiH4g_PDGatrAjxSvKz5FDdE/s16000/Juarroz-kL7B-U140901483073EXE-1248x770@Diario%20Sur-min.jpg)
ആകാശത്തിന്റെ പശ്ചാത്തലത്തിൽ ചില്ലയെന്നപോലെ
ചിന്തകളെ നമുക്കു വരയ്ക്കാനാകുമെങ്കിൽ
ആ ചിന്തയിൽ എന്തെങ്കിലും വന്നെത്താതിരിക്കില്ല,
ചില്ലകളിൽ കിളികളെന്ന പോലെ.
നമ്മുടെ സത്തയിൽ തന്നെയുള്ള പിശകിനെയാണ്
നമ്മൾ കെട്ടിവലിച്ചു നടക്കുന്നത്.
നമ്മെ ചുറ്റിപ്പൊതിഞ്ഞ വലയ്ക്കുള്ളിൽ
കുറേക്കൂടി കനമുള്ള
പദാർത്ഥമാകേണ്ടിയിരുന്നു നമ്മൾ.
ഈ കുറവ് നികത്താനാകണം
അലഞ്ഞുതിരിയുന്ന ബിംബങ്ങളെ
ആകാശത്തിന്റെ പശ്ചാത്തലത്തിൽ
ചില്ലയെന്നപോലെ വരച്ചിടുന്നത്.
***
അയാൾ എല്ലായിടത്തും ജാലകങ്ങൾ വരച്ചു.
പരുക്കൻ ചുവരുകൾക്ക് മുകളിൽ, താഴെ,
മുക്കിലും മൂലയിലും, വായുവിലും.
മേൽക്കൂരയിൽപോലും.
കിളികളെ വരച്ചിടും പോലെ
അയാൾ ജാലകങ്ങൾ വരച്ചു.
തറയിൽ, രാത്രിയിൽ,
തൊട്ടറിയുംവിധം ബധിരമാം നോട്ടങ്ങളിൽ,
മരണത്തിൻ പ്രാന്തപ്രദേശങ്ങളിൽ,
കല്ലറകളിൽ, മരങ്ങളിൽ.
വാതിലുകൾക്കുമേൽ പോലും
അയാൾ ജാലകങ്ങൾ വരച്ചു,
എന്നാൽ ഒരിടത്തും വാതിൽ വരച്ചില്ല.
അയാൾക്ക് അകത്തുകടക്കുകയോ
പുറത്തുപോകുകയോ വേണ്ടിയിരുന്നില്ല,
അതിനാകില്ലെന്നും അയാൾക്കറിയാം.
അയാൾക്കെല്ലാം കാണണമായിരുന്നു:
കാണുകയേ വേണ്ടിയിരുന്നുള്ളൂ,
***
നട്ടുച്ചയ്ക്ക്
കത്തിച്ചുവെച്ച വിളക്ക്.
വെളിച്ചം വെളിച്ചത്തിൽ നഷ്ടമാകുന്നു.
പ്രകാശസിദ്ധാന്തം തെറ്റുന്നു:
കൂടിയ പ്രകാശം അതാണ് പിൻവലിയുന്നത്,
കായിൽ നിന്നും വേർപെട്ട് മരം വീഴുന്നപോലെ.
***
ഏതൊരു ചലനവും
എന്തിനെയെങ്കിലും
ഇല്ലാതെയാക്കുന്നു.
അത് ഇല്ലാതെയാക്കുന്നു:
ഉപേക്ഷിക്കപ്പെട്ടൊരിടത്തെ,
ഒരു ചേഷ്ടയെ,
തിരികെകിട്ടാത്തൊരു സ്ഥാനത്തെ,
നാമറിയാത്ത ചില ജീവികളെ,
ഒരു ആംഗ്യത്തെ, ഒരു നോട്ടത്തെ,
തിരികെയെത്തിയ പ്രേമത്തെ,
ഒരു സാന്നിധ്യത്തെ അല്ലെങ്കിൽ അസാന്നിധ്യത്തെ,
മറ്റാരുടെയോ ആയ ജീവിതത്തെ, അല്ലെങ്കിൽ
മറ്റുള്ളവരുടേത് ഒഴിച്ച് സ്വന്തം ജീവിതത്തെ.
ഇവിടെയാകുക എന്നാൽ
ചലിക്കുക എന്നാകുന്നു,
ഇവിടെയാകുക എന്നാൽ
ഇല്ലാതെയാക്കുകയെന്നും.
എന്തിനേറെ
മരിച്ചവ പോലും ചലിക്കുന്നു,
മരിച്ചവ പോലും എന്തിനെയെങ്കിലും
ഇല്ലാതെയാക്കുന്നു.
അന്തരീക്ഷത്തിൽ കുറ്റകൃത്യത്തിന്റെ മണം.
അങ്ങകലെ നിന്നാണ് മണം വരുന്നത്,
എന്തിനേറെ മണം പോലും ചലിക്കുന്നു.
***
ചിലപ്പോൾ രാത്രി നമുക്കിടം നൽകാതെ
ശിലാഖണ്ഡങ്ങളെ പോലെ
ഉറഞ്ഞുപോകുന്നു.
നമ്മുടെ മരണത്തെ പ്രതിരോധിക്കാനായി
എന്റെ കൈയ്ക്കപ്പോൾ
നിന്നെ തൊടാനാകില്ല.
നമ്മുടെ സാന്നിധ്യം ഉറപ്പുവരുത്താനായി
എനിക്കെന്നെ പോലും തൊടാനാകില്ല.
അതേശിലയിൽ നിന്നുണ്ടാകുന്ന ഒരു ഞരമ്പ്
എന്നെ എന്റെ ചിന്തയിൽ നിന്നും വേർപെടുത്തുന്നു.
ഈ വിധം രാത്രി നമ്മുടെ ആദ്യത്തെ
കല്ലറയായി മാറുന്നു.
***
ഓരോ വാക്കും ഒരു സംശയം,
ഓരോ മൗനവും മറ്റൊരു സംശയം.
എന്നിരുന്നാലും
രണ്ടും കൂടിപ്പിണഞ്ഞ്
ശ്വസിക്കാൻ ഇടനൽകുന്നു.
ഉറക്കം ഒരു മുങ്ങിത്താഴൽ,
ഉണർച്ചയോ മറ്റൊരു മുങ്ങൽ
എന്നിരുന്നാലും
രണ്ടും കൂടിപ്പിണഞ്ഞ് നമ്മെ
ഉയർത്തെഴുന്നേൽപ്പിക്കുന്നു.
ജീവിതം അപ്രത്യക്ഷമാകലിന്റെ രൂപം,
മരണം മറ്റൊരു രൂപം.
എന്നിരുന്നാലും
രണ്ടും കൂടിപ്പിണഞ്ഞ് നമ്മെ
ശൂന്യതയിൽ ഒരു അടയാളമാക്കുന്നു
റോബർട്ടോ ഹുവാരോസും ലംബകവിതയുംകവിതയുടെ (ഭാഷയുടെയും) പരിമിതികൾ മറികടന്നു കവിതയ്ക്കു മറ്റൊരു മേച്ചിൽപ്പുറം കണ്ടെത്താനുള്ള റോബർട്ടോ ഹുവാറോസിന്റെ ശ്രമമായിരുന്നു ലംബകവിതകൾ. ഒരു പ്രത്യേകകാലത്തെ വൈയക്തികവും രാഷ്ട്രീയപരവുമായ വിഷയങ്ങൾക്കു പകരം എക്കാലത്തെയും വിഷയങ്ങളായിരുന്നു ലംബകവിതയുടേത്. ചുറ്റുപാടുമുള്ള, തിരശ്ചീനമായ പരപ്പിനു പകരം ആഴവും ഉയരവുമുള്ള തത്വവിചാരങ്ങൾ കവിതയായപ്പോൾ, വൈകാരികതയ്ക്കുള്ള ഇടമതിൽ ചുരുങ്ങി, ഒരുപക്ഷേ ഇല്ലെന്നുതന്നെയായി. ശൂന്യതയും അഗാധതയും നിറഞ്ഞു.'ലംബകവിത' എന്ന തലക്കെട്ടിൽ 1958ലാണ് റോബർട്ടോ ഹുവാറോസ് തന്റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിലെ കവിതകൾക്കൊന്നും തലക്കെട്ട് ഇല്ലായിരുന്നു. തുടർന്നിറങ്ങിയ എല്ലാ കവിതാപുസ്തകങ്ങളും ലംബകവിത എന്ന പേരിൽ തന്നെയായിരുന്നു. ഒരേ ശൈലിയിൽ എഴുതാൻ റോബർട്ടോ ഹുവാറോസിനു ജീവിതകാലമത്രയും സാധിച്ചു.ലളിതമായ ഭാഷ, മൂർത്തമായ ബിംബങ്ങൾ ഉപയോഗിച്ച് അമൂർത്തതയെ ആവിഷ്കരിക്കൽ, സെൻകവിതകളിൽ കാണുന്നതരം തെളിച്ചം, ഹൈക്കുവിലേതു പോലെ വാക്കുകളുടെ മിതത്വം എന്നിവ ലംബകവിതയുടെ പൊതുസവിശേഷതകളാണ്. വേദവാക്യങ്ങൾ പോലെയോ കടങ്കഥകൾ പോലെയോ ആണ് ഹുവാറോസിന്റെ ലംബകവിതകൾ.1929ൽ ബ്യൂണോ എയ്റസിലെ ചെറുപട്ടണമായ കൊറോണൽ ഡോറെഗോയിൽ ജനിച്ച റോബർട്ടോ ഹുവാറോസ്, യൂണിവേഴ്‌സിറ്റി ഓഫ് ബ്യൂണോ എയ്റസിൽ ലൈബ്രേറിയനും പിന്നീട് ലൈബ്രറി സയൻസ് പ്രൊഫസറും ആയി സേവനമനുഷ്ഠിച്ചു. 1995ൽ അന്തരിച്ചു.