നാടുവിട്ട് നിൽക്കുന്നവരെ ഞാൻ
ഇപ്പോഴും സ്തുതിയ്ക്കുന്നു,
ജനിച്ച അന്നുമുതൽ വീട് തേടി
ദൂരങ്ങൾ താണ്ടാൻ തീരുമാനിച്ചവരെ.
തങ്ങൾ എവിടെയാണെന്ന്
നക്ഷത്രങ്ങളിലൂടെ അവർ അറിയുന്നു,
സാങ്കൽപ്പിക ആകാശത്തിന്റെ അറ്റത്ത്
അവരുടെ വേര് പടരുന്നു.
ജീവിതം അവർക്ക് വളവുതിരിവുള്ള യാത്ര,
തങ്ങുന്ന ഇടമെല്ലാം മറ്റൊരു യാത്രാരംഭം,
അവർക്കറിയാം പാതയിൽ
താനില്ലാതാകുമെന്ന്, അപ്പോഴും
ജീവിച്ചിരിക്കുന്നിടത്തോളം കാലം
ചെന്നെത്താനാഗ്രഹിക്കുന്നിടത്തേക്ക്
മരണം അവർക്കു കൂട്ടുചേരും,
എങ്കിലും, ആരുടെയൊക്കെ
വഴിതേടും ഭൂപടങ്ങളാണ്
തങ്ങളുടെ പാദമുദ്രകളാൽ
മെച്ചപ്പെടാൻ ഇടയുള്ളതെന്നതിനെപ്പറ്റി
അവർക്ക് ഒരു ധാരണയുമില്ല.
"The Detached" By Ha Jin from A Distant Center
ഹാ ജിൻ (ജനനം 1956): ചൈനീസ് കവിയും നോവലിസ്റ്റും ചെറുകഥാകൃത്തും. പീപ്പിൾസ് ആർമിയിൽ അംഗമായിരുന്നു. കുറച്ചു കാലം ടെലഗ്രാഫ് ഓപ്പറേറ്റരുടെ തൊഴിൽ ചെയ്തു. പിന്നീട് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം പിഎച്ച്ഡി ചെയ്യുന്നതിനായി അമേരിക്കയിൽ എത്തി. തന്റെ സമകാലീനരായ മിക്ക എഴുത്തുകാരെയും പോലെ ടിയാമെൻ സ്‌ക്വയർ കൂട്ടക്കൊലയ്ക്ക് ശേഷം നാടുവിട്ട് ജീവിക്കാൻ തീരുമാനിച്ചു. ബോസ്റ്റൻ സർവ്വകലാശാലയിൽ അദ്ധ്യാപകനായ ഹാ ജിനിന്റെ കവിതകൾ മുപ്പതിലേറെ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.