അവബോധ സിദ്ധാന്തത്തിലേക്കൊരു മാതൃക

അവബോധ സിദ്ധാന്തത്തിലേക്കൊരു മാതൃക

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ

ഇതാ നിങ്ങൾക്കായൊരു പെട്ടി,
പെട്ടി എന്ന് എഴുതിയിരിക്കുന്ന
ഒരു വലിയ പെട്ടി.
അത് തുറക്കൂ,
അതിനുള്ളിൽ നിങ്ങൾ
ഒരു പെട്ടി കണ്ടെത്തും,
പെട്ടി എന്ന് എഴുതിയ പെട്ടിയിലെ
പെട്ടി എന്നെഴുതിയ പെട്ടി.
അതിനുള്ളിൽ നോക്കൂ
(അതായത് ഈ പെട്ടിയിൽ,
മറ്റേ പെട്ടിയിലല്ല),
നിങ്ങൾ ഒരു പെട്ടി കണ്ടെത്തും
എഴുതിയിട്ടുള്ളതുതന്നെ,
അങ്ങനെ ഇതുതന്നെ
നിങ്ങൾ തുടരുകയാണെങ്കിൽ
എണ്ണമറ്റ ശ്രമങ്ങൾക്ക് ഒടുവിൽ
എണ്ണമറ്റ ചെറിയ പെട്ടി
നിങ്ങൾ കണ്ടെത്തും,
അത്രയും കുഞ്ഞതായ അക്ഷരത്തിൽ
നിങ്ങളുടെ കണ്മുന്നിൽ അത്
മാഞ്ഞുമാഞ്ഞുപോകുന്നു.
നിങ്ങളുടെ ഭാവനയിൽ മാത്രം
നിലനിൽക്കുന്ന പെട്ടി.
പൂർണ്ണമായും ശൂന്യമായ പെട്ടി.

Model toward a Theory of Cognition by Hans Magnus Enzensberger

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ (1929-2022): ജർമ്മൻ കവിയും പരിഭാഷകനും ബുദ്ധിജീവിയും. 1929ൽ സ്വാബിയ എന്ന ചെറുപട്ടണത്തിൽ ജനനം. ജർമ്മൻ സാഹിത്യത്തിലും തത്വചിന്തയിലും ഉപരിപഠനം. അദ്ദേഹത്തിൻ്റെ കൗമാരപ്രായത്തിലായിരുന്നു നാസി ജർമ്മനിയുടെ തകർച്ച. രണ്ടാം ലോകമഹായുദ്ധാനന്തര ജർമ്മൻ സമൂഹത്തിൽ ഹിറ്റ്ലർ അനുകൂലികളോടും അവസരവാദികളോടും എതിരിട്ടും ഇടപഴകിയും രൂപപ്പെട്ട ബൗദ്ധികജീവിതമായിരുന്നു എൻസെൻസ്ബെർഗറുടേത്. പലതരം വിഷയങ്ങളും ശൈലികളും കവിതയിൽ ഉപയോഗപ്പെടുത്തിയ ഹെൻസെൻസ്ബെർഗർ, രണ്ടാം ലോകമഹായുദ്ധാനന്തര ജർമ്മൻ കവിതയിൽ ഏറ്റവും പ്രധാനപ്പെട്ട സ്വരമായി കണക്കാക്കപ്പെടുന്നു. 2022 നവംബറിൽ അന്തരിച്ചു.

« »