കാൽവയ്പ്പ്

കാൽവയ്പ്പ്

ബേ ദാവോബേ ദാവോ

മേച്ചിൽപ്പുറത്ത് വീഴുന്ന പഗോഡയുടെ നിഴൽ
ഒരു ചൂണ്ടിക്കാണിക്കലാകുന്നു;
ചിലപ്പോൾ നിന്നിലേക്ക്, ചിലപ്പോൾ എന്നിലേക്ക്.
വേർപിരിയാനായാലും വീണ്ടുമടുക്കാനായാലും
ഒരൊറ്റ കാൽവയ്പ്പകലത്തിൽ നാം,
എല്ലായിപ്പോഴും ഇതുതന്നെ ആവർത്തിക്കുന്ന കാര്യം.
വെറുക്കപ്പെട്ടവ വെറും ഒരു കാൽവയ്പ്പകലെ
ഭീതിയുടെ അടിത്തറമേൽ നിന്നാടുന്നു ആകാശം.
എല്ലാ ദിക്കിലേക്കും തുറന്നിട്ട ജാലകങ്ങളുമായി ഒരു കെട്ടിടം
നാമതിനു അകത്തോ പുറത്തോ ജീവിക്കുന്നു:
മരണം ഒരു കാൽവയ്പ്പകലെ.
ചുവരിനോട് സംസാരിക്കേണ്ടത് എങ്ങനെയെന്നു
കുഞ്ഞുങ്ങൾ പഠിച്ചിരിക്കുന്നു
ഈ നഗരത്തിന്റെ ചരിത്രം ഒരു വയസ്സന്റെ
ഹൃദയത്തിൽ അടച്ചുവെച്ചിരിക്കുന്നു:
വാർദ്ധക്യദൈന്യത ഒരു കാൽവയ്പ്പകലെ.

'A Step' by Bei Dao from The Anchor Book of Chinese Poetry

ബേ ദാവോ (1948-): പാശ്ചാത്യ ആധുനികതയുടെയും സിംബോളിസത്തിന്റെയും സർറിയലിസത്തിന്റെയും സ്വാധീനത്താൽ ചൈനീസ് കവിതയിൽ രൂപപ്പെട്ട പ്രസ്ഥാനമായ മിസ്റ്റി കവിതയിൽ പ്രമുഖനാണ് ബേ ദാവോ. 1949ൽ ബെയ്‌ജിംഗിൽ ജനിച്ച ബേ ദാവോയുടെ വിദ്യാഭ്യാസം സാംസ്കാരിക വിപ്ലവത്തെ തുടർന്നു തടസ്സപ്പെട്ടു. പതിനേഴാം വയസ്സിൽ സാംസ്കാരിക വിപ്ലവത്തിന്റെ ഭാഗമായിരുന്ന റെഡ് ഗാർഡ് മൂവ്മെന്റിൽ പങ്കുചേർന്നു. പിന്നീട് ഈ പ്രവർത്തനങ്ങളിൽ നിരാശനായി ഗ്രാമപ്രദേശങ്ങളിൽ നിർമ്മാണതൊഴിലാളിയായി ജോലി ചെയ്തു. 1980നൊടുവിൽ ബേ ദാവോ ചൈനീസ് റൈറ്റേഴ്‌സ് അസോസിയേഷനിൽ അംഗമായി. 1989ൽ അദ്ദേഹം ബെർലിനിൽ എഴുത്തുകാരുടെ സമ്മേളത്തിനു പങ്കെടുക്കാൻ എത്തിയ സമയത്താണ് ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊല നടക്കുന്നത്. ഇതേതുടർന്ന് സ്വദേശം വിട്ടു ജീവിക്കാൻ തീരുമാനിച്ചു.

« »