വാതിലുകൾ

വാതിലുകൾ

ഹാ ജിൻഹാ ജിൻ

നിങ്ങൾ കടന്നുപോയതിനു പിന്നാലെ
അടയ്ക്കപ്പെടുന്ന അനേകം വാതിലുകളുണ്ട്,
വന്നവഴിയുടെ അടയാളങ്ങൾ അറിയാൻ
പിന്തിരിഞ്ഞു നോക്കാതിരിക്കുക,
എത്ര അലറിവിളിച്ചാലും കരഞ്ഞാലും
ആ വാതിലുകൾ ഒരു തരിപോലും തുറക്കില്ല.

നിങ്ങൾ പടികടന്നതിനു തൊട്ടുപിന്നാലെ
കനത്ത ഒച്ചയോടെ അടയ്ക്കപ്പെടുന്ന
വാതിലുകളുണ്ട്, ഇരുണ്ട ഇടനാഴികളിലൂടെ
നിങ്ങൾക്ക് മുന്നോട്ട് പോയേ പറ്റൂ.
എവിടെയെങ്കിലും ഒരു തുണ്ട് വെട്ടം
കണ്ടേക്കുമെന്ന പ്രതീക്ഷയോടെ.

നിങ്ങൾ പിന്നിലുപേക്ഷിച്ച് പോരുന്നതോടെ
ഇല്ലാതാകുന്ന അനേകം വാതിലുകളുണ്ട്.
എങ്കിലും 'എവിടെ നിന്നാണ് വരുന്നതെന്ന്
മറക്കാതിരിക്കുക'യെന്ന് ചില ശബ്ദങ്ങൾ
നിങ്ങളെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കും,

നിങ്ങൾ അനേകം വാതിലുകളിലൂടെ
കടന്നുപോയിരിക്കുന്നു, അവയെല്ലാം
അനായാസം അടച്ചുപൂട്ടാൻ പഠിച്ചിരിക്കുന്നു.
സൂക്ഷിച്ച് വെക്കേണ്ടിയിരുന്ന താക്കോൽ
ആവശ്യം വന്നാൽ എറിഞ്ഞുകളയാനും.

സ്വന്തം വഴി കണ്ടെത്തുക
നിങ്ങൾക്ക് ശീലമായിരിക്കുന്നു.

"Doors" By Ha Jin from A Distant Center

ഹാ ജിൻ (ജനനം 1956): ചൈനീസ് കവിയും നോവലിസ്റ്റും ചെറുകഥാകൃത്തും. പീപ്പിൾസ് ആർമിയിൽ അംഗമായിരുന്നു. കുറച്ചു കാലം ടെലഗ്രാഫ് ഓപ്പറേറ്റരുടെ തൊഴിൽ ചെയ്തു. പിന്നീട് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം പിഎച്ച്ഡി ചെയ്യുന്നതിനായി അമേരിക്കയിൽ എത്തി. തന്റെ സമകാലീനരായ മിക്ക എഴുത്തുകാരെയും പോലെ ടിയാമെൻ സ്‌ക്വയർ കൂട്ടക്കൊലയ്ക്ക് ശേഷം നാടുവിട്ട് ജീവിക്കാൻ തീരുമാനിച്ചു. ബോസ്റ്റൻ സർവ്വകലാശാലയിൽ അദ്ധ്യാപകനായ ഹാ ജിനിന്റെ കവിതകൾ മുപ്പതിലേറെ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

« »