
ഒന്നായിരുന്ന നാളുകളിൽ നമ്മൾ
ഉപയോഗമുള്ള കത്രിക പോലെ.
പിരിഞ്ഞതിൽപ്പിന്നെ വീണ്ടും
മൂർച്ചയുള്ള കത്തികളായി;
ലോകത്തിൻ മാംസത്തിൽ തറച്ച്,
അതാതിന്റെ ഇടങ്ങളിൽ ഉറച്ച്.
യഹൂദ അമിഹായ് (1924-2000): ഇസ്രയേലി കവി. ഹീബ്രു ഭാഷയിലെഴുതുന്ന യഹൂദ അമിഹായിയുടെ കവിതകൾ നാൽപ്പതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1924-ൽ ജർമ്മനിയിൽ ആയിരുന്നു ജനനം. ഹിറ്റ്ലറുടെ കാലത്ത് പലസ്തീനിലേക്ക് കുടിയേറി. 1948-ലെ അറബ്-ഇസ്രയേലി യുദ്ധകാലത്ത് അദ്ദേഹം ഇസ്രയേലി പ്രതിരോധ സേനയുടെ ഭാഗമായിരുന്നു. ഇക്കാലത്തെയും രണ്ടാം ലോകമഹായുദ്ധ കാലത്തെയും അനുഭവങ്ങൾ പല കവിതകളിലും കാണാം. ജർമ്മൻ ആയിരുന്നു കുടുംബത്തിന്റെ മാതൃഭാഷയെങ്കിലും പലസ്തീനിലേക്ക് കുടിയേറിയതിൽപ്പിന്നെ ഹീബ്രൂവിൽ എഴുത്തും വായനയും തുടരാനാണു അമിഹായി താല്പര്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹീബ്രൂ യൂണിവേഴ്സിറ്റിൽ പഠനം പൂർത്തിയാക്കി. കാവ്യഭാഷയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചതിനു 1982-ൽ അമിഹായിക്ക് കവിതയ്ക്കുള്ള ഇസ്രയേലി പ്രൈസ് ലഭിച്ചു.