
യുദ്ധങ്ങൾക്കും തകർച്ചയ്ക്കും ശേഷം
പുറംചുവർ ആകപ്പെടുന്ന
വീടിന്റെ അകചുവർ പോലെ,
പൊടുന്നനെ ഞാനെന്നെ കണ്ടെത്തി,
ജീവിതത്തിൽ പെട്ടെന്നായിരുന്നത്,
അകത്തായിരിക്കുമ്പോൾ
എങ്ങനെയാണെന്നത് ഞാനിപ്പോൾ
ഏതാണ്ട് പൂർണ്ണമായും മറന്നു.
ഇനി അതെന്നെ നോവിക്കില്ല;
ഞാനത് ഇഷ്ടപ്പെടുന്നുമില്ല.
അടുത്തോ അകലെയോ –
രണ്ടും എന്നിൽ നിന്നേറെ
അകലെയാണ്,
ഒരേ അകലത്തിൽ.
നിറങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന്
ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല,
അതേപോലെ മനുഷ്യർക്കും:
തിളങ്ങുന്ന നീലിമ
രാത്രിയുടെയും കടുത്തനീലയുടെയും
ഓർമ്മയ്ക്കകത്ത് മയങ്ങുന്നു,
കടുംചുവപ്പ് സ്വപ്നത്തിൽ നിന്ന്
വിളറിവെളുത്ത ഏങ്ങലുകളും.
സ്വന്തമായി മണമില്ലാത്ത ഇളംകാറ്റ്
അങ്ങ് ദൂരേ നിന്നും
മണവും വഹിച്ച് വരുന്നു.
വെളുത്ത പൂവുകൾക്ക് മുൻപേ
ലില്ലിച്ചെടികളിൽ ഇലകൾ കൊഴിയുന്നു,
വസന്തത്തിന്റെ പച്ചപ്പും
ഗൂഢമായ പ്രേമവും അതറിയുന്നില്ല.
ഞാൻ കുന്നുകൾക്ക് നേരെ
എന്റെ കണ്ണുകൾ ഉയർത്തിനോക്കി,
കണ്ണുകൾ ഉയർത്തി നോക്കേണ്ടതിന്റെ
അർത്ഥം ഇപ്പോൾ എനിക്കറിയാം,
എന്തൊരു കനത്ത ഭാരമാണത്!
പക്ഷേ, ഈ തീവ്രാഭിലാഷങ്ങൾ,
ഹോ! ഇനിയൊരിക്കലും
അകത്താകില്ലെന്ന വേദന.
യഹൂദ അമിഹായ് (1924-2000): ഇസ്രയേലി കവി. ഹീബ്രു ഭാഷയിലെഴുതുന്ന യഹൂദ അമിഹായിയുടെ കവിതകൾ നാൽപ്പതിലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1924-ൽ ജർമ്മനിയിൽ ആയിരുന്നു ജനനം. ഹിറ്റ്ലറുടെ കാലത്ത് പലസ്തീനിലേക്ക് കുടിയേറി. 1948-ലെ അറബ്-ഇസ്രയേലി യുദ്ധകാലത്ത് അദ്ദേഹം ഇസ്രയേലി പ്രതിരോധ സേനയുടെ ഭാഗമായിരുന്നു. ഇക്കാലത്തെയും രണ്ടാം ലോകമഹായുദ്ധ കാലത്തെയും അനുഭവങ്ങൾ പല കവിതകളിലും കാണാം. ജർമ്മൻ ആയിരുന്നു കുടുംബത്തിന്റെ മാതൃഭാഷയെങ്കിലും പലസ്തീനിലേക്ക് കുടിയേറിയതിൽപ്പിന്നെ ഹീബ്രൂവിൽ എഴുത്തും വായനയും തുടരാനാണു അമിഹായി താല്പര്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹീബ്രൂ യൂണിവേഴ്സിറ്റിൽ പഠനം പൂർത്തിയാക്കി. കാവ്യഭാഷയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചതിനു 1982-ൽ അമിഹായിക്ക് കവിതയ്ക്കുള്ള ഇസ്രയേലി പ്രൈസ് ലഭിച്ചു.