പാത

പാത

റ്റൊമാസ് ട്രാൻസ്ട്രോമർറ്റൊമാസ് ട്രാൻസ്ട്രോമർ

രാത്രി രണ്ടുമണി: നിലാവ്. പാടത്തിനു നടുവിലായി
വന്നുനിർത്തിയിട്ട തീവണ്ടി. ചക്രവാളത്തിൽ
വിദൂരനഗരത്തിൽ നിന്നുള്ള തരിവെട്ടങ്ങൾ മിന്നിമങ്ങുന്നു.

കിനാവിന്റെ ആഴത്തിലേക്ക് പോകുന്നൊരാൾ
തിരിച്ചു മുറിയിലെത്തി നോക്കുമ്പോൾ
അവിടെയുണ്ടായിരുന്നു താനെന്നത് ഓർക്കാത്തതുപോലെ.

രോഗത്തിന്റെ കയത്തിലേക്കൊരാൾ വീഴുമ്പോൾ
അയാളുടെ ദിനങ്ങളെല്ലാം മിന്നിമങ്ങുന്ന തരിവെട്ടങ്ങളാകുന്ന പോലെ,
ചക്രവാളത്തിൽ തണുത്ത് മങ്ങി, ഒരു കൂട്ടം.

പൂർണ്ണമായും ചലനമറ്റു കിടക്കുന്ന തീവണ്ടി.
രാത്രി രണ്ടുമണി: കനത്തനിലാവ്, ഏതാനും നക്ഷത്രങ്ങൾ.

"Track" by Tomas Tranströmer

റ്റൊമാസ് ട്രാൻസ്ട്രോമർ (1931-2015): 1931 ഏപ്രില്‍ 15 ന് സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ട്രാൻസ്ട്രോമർ, സാഹിത്യചരിത്രത്തിലും പിന്നീട് മനഃശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. സാന്ദ്രമായ ബിംബങ്ങളിലൂടെ, യാഥാർഥ്യത്തിലേക്കുള്ള പുത്തൻ വാതായനം തുറന്ന ട്രാൻസ്ട്രോമർക്ക് 2011ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അറുപതിലേറെ ഭാഷകളിലേക്ക് ട്രാൻസ്ട്രോമറുടെ കവിതകൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

« »