നമുക്ക് പരാതിപ്പെടാനാകുന്നില്ല.
നമ്മൾ തൊഴിലില്ലാത്തവരല്ല.
നമ്മൾ വിശക്കുന്നവരാകുന്നില്ല.
നമ്മൾ കഴിക്കുന്നു.
വളരുന്നുണ്ട് പുല്ല്,
സാമൂഹ്യനിർമ്മിതി,
നഖം,
കഴിഞ്ഞകാലം.
തെരുവുകൾ വിജനം.
കച്ചവടമെല്ലാം കഴിഞ്ഞു.
സൈറണുകൾ നിലച്ചു.
എല്ലാം കഴിഞ്ഞുപോകും.
മരിച്ചവർ ഒസ്യത്തുകളെഴുതി.
മഴ ചാറൽ മാത്രമായി.
യുദ്ധം ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
അതിന് തിരക്കൊട്ടുമില്ല.
നമ്മൾ തിന്നുന്നു പുല്ല്,
സാമൂഹ്യനിർമ്മിതി,
നഖം,
കഴിഞ്ഞകാലം.
നമുക്ക് മൂടിവെക്കാനൊന്നുമില്ല.
നമുക്ക് ഇല്ലെന്നുതോന്നാനൊന്നുമില്ല.
നമുക്ക് പറയാൻ പറയേണ്ടതായൊന്നുമില്ല.
നമുക്ക് ഇല്ലാതില്ല.
വാച്ചിൽ സമയംകൊടുത്തുവെച്ചിരിക്കുന്നു.
ബില്ലുകളെല്ലാം അടച്ചിരിക്കുന്നു.
പാത്രമെല്ലാം കഴുകിക്കഴിഞ്ഞിരിക്കുന്നു.
അവസാന ബസ്സ് കടന്നുപോകുന്നു.
അത് കാലിയാണ്.
നമുക്ക് പരാതിപ്പെടാനാകുന്നില്ല.
നമ്മൾ എന്തിനായിട്ടാണ് കാക്കുന്നത്?
Middle Class Blues by Hans Magnus Enzensberger
ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ (1929-2022): ജർമ്മൻ കവിയും പരിഭാഷകനും ബുദ്ധിജീവിയും. 1929ൽ സ്വാബിയ എന്ന ചെറുപട്ടണത്തിൽ ജനനം. ജർമ്മൻ സാഹിത്യത്തിലും തത്വചിന്തയിലും ഉപരിപഠനം. അദ്ദേഹത്തിൻ്റെ കൗമാരപ്രായത്തിലായിരുന്നു നാസി ജർമ്മനിയുടെ തകർച്ച. രണ്ടാം ലോകമഹായുദ്ധാനന്തര ജർമ്മൻ സമൂഹത്തിൽ ഹിറ്റ്ലർ അനുകൂലികളോടും അവസരവാദികളോടും എതിരിട്ടും ഇടപഴകിയും രൂപപ്പെട്ട ബൗദ്ധികജീവിതമായിരുന്നു എൻസെൻസ്ബെർഗറുടേത്. പലതരം വിഷയങ്ങളും ശൈലികളും കവിതയിൽ ഉപയോഗപ്പെടുത്തിയ ഹെൻസെൻസ്ബെർഗർ, രണ്ടാം ലോകമഹായുദ്ധാനന്തര ജർമ്മൻ കവിതയിൽ ഏറ്റവും പ്രധാനപ്പെട്ട സ്വരമായി കണക്കാക്കപ്പെടുന്നു. 2022 നവംബറിൽ അന്തരിച്ചു.