പക്ഷികൾ

പക്ഷികൾ

വാർസൻ ഷയർവാർസൻ ഷയർ

കല്യാണരാത്രി സോഫിയ പ്രാവിന്റെ രക്തം ഉപയോഗിച്ചു.
അടുത്ത ദിവസം, ഫോണിലൂടെ അവൾ എന്നോട് പറഞ്ഞു
കിടക്കവിരി കണ്ട് ഭർത്താവ് ചിരിച്ചതിനെപ്പറ്റി,
അയാൾ അതെടുത്ത് തന്റെ മൂക്കിനോട് ചേർത്തു,
കണ്ണുകളടച്ച്, ആ രക്തക്കറമേൽ നക്കി,

തന്റെ ഘനഗംഭീര ശബ്ദത്തിൽ അയാൾ
അവളുടെ പേര് ചെവിയിൽ മന്ത്രിച്ചത്
അവൾ അനുകരിച്ച് കേൾപ്പിച്ചു– സോഫിയ,
വിശുദ്ധ, കന്യക, ആരുംതൊടാതിരുന്നവൾ.
ഞങ്ങൾ നിന്നിടത്തുനിന്ന് അമർത്തിച്ചിരിച്ചു.
അയാൾ അവളെ വാഴ്ത്തിയപ്പോൾ,
അവൾ ചിരിച്ചുകൊണ്ട് അയാളുടെ തല തിരുമ്മി,

പട്ടണം മൊത്തം ആ വിരിപ്പുകൾ കാണിച്ച്,
ബാൽക്കണികളിലേക്ക് വീശി, അഭിമാനത്താൽ
ഉടലാകെ വീർത്ത്, അയാളുടെ അമ്മ
വീട്ടിൽ തിരിച്ചെത്തുന്നത് സങ്കല്പിച്ചു,

അവരുടെ മാംസളമായ കൈകൾ
ഉടലിൽ ബന്ധിതമായ ചിറകുകൾ
പറക്കാൻ അറിയാത്തവ.

'Birds' by Warsan Shire from Teaching My Mother How To Give Birth

വാർസൻ ഷയർ (1988-): കെനിയയിൽ സൊമാലി ദമ്പതികളുടെ മകളായി ജനനം. വാർസൻ ഷയറിന് ഒരു വയസ്സുള്ളപ്പോൾ കുടുംബം യുകെയിലേക്ക് കുടിയേറി. ക്രിയേറ്റീവ് റൈറ്റിങ്ങിൽ ബിരുദം നേടി. Teaching My Mother How To Give Birth എന്ന പേരിൽ 2011-ൽ ഒരു ചാപ്പ്ബുക്ക് പ്രസിദ്ധീകരിച്ചു. Her Blue Body (2015), Bless the Daughter Raised by a Voice in Her Head (2022) എന്നിവ കവിത സമാഹാരങ്ങൾ. ബ്രുണൽ സർവ്വകലാശാലയുടെ പ്രഥമ ആഫ്രിക്കൻ പോയട്രി പ്രൈസ് 2013-ൽ വാർസൻ ഷയറിനായിരുന്നു. ഇതേവർഷം ലണ്ടന്റെ ആസ്ഥാന യുവകവിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിൽ അംഗമായി.

« »