മഞ്ഞുതിരും സന്ധ്യയിൽ, കാടതിരിൽ

മഞ്ഞുതിരും സന്ധ്യയിൽ, കാടതിരിൽ

റോബർട്ട് ഫ്രോസ്റ്റ്റോബർട്ട് ഫ്രോസ്റ്റ്

ഈ കാട,താരുടേതെന്നെനിക്കറിഞ്ഞേക്കാം.
അയാൾക്കു വീട് ഗ്രാമത്തിലെന്നിരിക്കെ
മഞ്ഞുപൊതിയും മരങ്ങളെ നിന്നുനോക്കും
എന്നെ അയാൾ കാണാനിടവരുന്നില്ല.

ഈയാണ്ടിലെയേറ്റവും ഇരുണ്ട സന്ധ്യയിൽ
കാടിനു,മുറഞ്ഞ തടാകത്തിനുമിടയിൽ,
കളപ്പുരയൊന്നുമില്ലാത്തിടത്തു നിന്നതിൽ
എന്റെ കുഞ്ഞൻകുതിര ആശ്ചര്യപ്പെട്ടിരിക്കും.

പിശകെന്തേലും പറ്റിയോ,യെന്നവൻ
കുടമണി കിലുക്കത്താൽ ചോദിക്കുന്നു.
വീശുമിളങ്കാറ്റും പൊഴിയുമീ മഞ്ഞുമേ
മറ്റൊരു ഒച്ചയായി കേൾക്കാനുള്ളൂ.

ഇരുണ്ടഗാധം മനോഹരം ഈ കാടെ,-
ങ്കിലും പാലിക്കാനുണ്ടേറെ വാക്കെനിക്ക്,
നാഴികയേറെ താണ്ടാനുണ്ടുറങ്ങുംമുമ്പ്
നാഴികയേറെ താണ്ടാനുണ്ടുറങ്ങുംമുമ്പ്.

Stopping by Woods on a Snowy Evening” from 'The Poetry of Robert Frost'

റോബർട്ട് ഫ്രോസ്റ്റ് (1874–1963): അമേരിക്കൻ കവി. ഫ്രോസ്റ്റിന്റെ രചനകളിൽ ലളിതമായ ഭാഷയിൽ നർമ്മവും ദാർശനികതയും ചേർന്നു നിൽക്കുന്നു. നാല് തവണ കവിതയ്ക്കുള്ള പുലിറ്റ്സർ പ്രൈസ് ലഭിച്ചു.
« »