പണ്ടൊരുകാലത്ത്‌

പണ്ടൊരുകാലത്ത്‌

ഗബ്രിയേൽ ഒകാര
ഗബ്രിയേൽ ഒകാര

മകനേ, പണ്ടൊരുകാലത്ത് അവർ
മനസ്സുതുറന്നു ചിരിക്കുമായിരുന്നു
കണ്ണുകൾ കൊണ്ടു ചിരിക്കുമായിരുന്നു;
എന്നാലിപ്പോൾ അവർ ചിരിക്കുന്നത്
പല്ലുകൾകൊണ്ടു മാത്രം, അവരുടെ
വികാരമറ്റ കണ്ണുകൾ ആ സമയം
എന്റെ നിഴലിൽ പരതുകയാകും.

മനസ്സുകൊണ്ട് ഹസ്‌തദാനം ചെയ്തിരുന്ന
ഒരു കാലവും ഉണ്ടായിരുന്നു മകനേ,
പക്ഷേ ആ കാലമെല്ലാം പോയി.
ഇപ്പോഴവർ മനസ്സില്ലാതെ കൈ തരുന്നു,
ആ നേരം അവരുടെ ഇടത്തേക്കൈ
എന്റെ ഒഴിഞ്ഞ പോക്കറ്റിൽ തപ്പുകയാകും.

‘സ്വന്തം വീടായി കരുതൂ’ ‘വീണ്ടും വരൂ’
അവർ പറയും; ഞാൻ വരും,
വീടായി കരുതും, ഒരു തവണ,
രണ്ടു തവണ, മൂന്നാമതൊന്നുണ്ടാകില്ല-
എനിക്കുനേരെയടച്ച വാതിലുകളാകും
പിന്നെക്കാണുക.

അങ്ങനെ പലതും ഞാൻ പഠിച്ചു മകനേ,
വസ്ത്രം പോലെ പല മുഖങ്ങൾ ധരിക്കാൻ—
വീട്ടുമുഖം, ഓഫീസ് മുഖം, തെരുവുമുഖം,
ആതിഥേയമുഖം, പലവിധമുഖങ്ങൾ
എല്ലാത്തിനുമിണങ്ങിയ ചിരികളും,
ഫോട്ടോയിലെ ചിരിപോലെ.

പല്ലുകൾ കാട്ടി മാത്രം ചിരിക്കാനും
മനസ്സില്ലാതെ ഹസ്തദാനം കൊടുക്കാനും
ഞാൻ പഠിച്ചിരിക്കുന്നു.
‘ഒന്നുപ്പോയിത്താ’യെന്നു മനസ്സിലോർത്ത്
ഗുഡ്ബൈ പറയാനും ഞാൻ പഠിച്ചു;
സന്തോഷമില്ലെങ്കിലും ‘കണ്ടതിൽ
സന്തോഷ’മെന്നു പറയാനും
മടുപ്പൻ സംസാരമായാലും
‘നിങ്ങളോട് സംസാരിക്കുന്നതിൽ
സന്തോഷ’മെന്നു പറയാനും
ഞാൻ പഠിച്ചിരിക്കുന്നു.

പക്ഷെ വിശ്വസിക്കൂ മകനേ,
നിന്നെപ്പോലെയായിരുന്നപ്പോൾ ഞാൻ
എങ്ങനെയായിരുന്നോ അങ്ങനെയാകണം
എന്നാണെനിക്കിപ്പോൾ, പഠിച്ചെടുത്ത
ഇക്കാര്യങ്ങളെല്ലാം മറക്കണം.
എല്ലാത്തിനേക്കാളും, ശരിക്കും
ചിരിക്കുന്നതെങ്ങനെയെന്ന്
വീണ്ടും പഠിച്ചെടുക്കണം,
കണ്ണാടിയിൽ എന്റെ ചിരിയിൽ
ആകെ കാണാനാകുന്നത്
പാമ്പിന്റേത് പോലുള്ള പല്ലു മാത്രം.

അതിനാൽ കാണിച്ചു തരൂ മകനേ,
എങ്ങനെയാണ് ചിരിക്കുന്നതെന്ന്;
ഞാൻ നിന്നെപ്പോലെയായിരുന്ന കാലത്ത്
എങ്ങനെയായിരുന്നു ചിരിച്ചിരുന്നതെന്നും
സന്തോഷിച്ചിരുന്നതെന്നും കാണിച്ചു തരൂ.

"Once Upon A Time" by Gabriel Okara

ഗബ്രിയേൽ ഒകാര (1921-2019): നൈജീരിയൻ കവിയും നോവലിസ്റ്റും. ആംഗ്ലോഫോൺ ആഫ്രിക്കയിലെ ആദ്യത്തെ ആധുനിക കവിയായി കണക്കാക്കപ്പെടുന്നു. കോമൺവെൽത്ത് കവിതാപുരസ്കാരം അടക്കം നിരവധി ബഹുമതികൾ.
»