ഒരാൾക്ക് അയാളുടെ ജീവിതത്തിൽ

ഒരാൾക്ക് അയാളുടെ ജീവിതത്തിൽ

യഹൂദ അമിഹായ്
യഹൂദ അമിഹായ്

ഒരാൾക്ക് അയാളുടെ ജീവിതത്തിൽ
എല്ലാത്തിനും സമയം കണ്ടെത്താൻ സമയമില്ല.
എല്ലാ കാര്യത്തിനുമുള്ള കാലത്തിനായി
ആവശ്യത്തിന് ഋതുക്കളില്ല.
മതഗ്രന്ഥങ്ങൾ അക്കാര്യത്തിൽ
തെറ്റായിരുന്നു.

ഒരേ നിമിഷം തന്നെ ഒരാൾക്ക്
സ്നേഹിക്കുകയും വെറുക്കുകയും വേണം,
ചിരിക്കുന്ന അതേ കണ്ണുകൾ കൊണ്ട് കരയണം,
കല്ലുകളെടുത്തെറിയുന്ന അതേ കൈകൾ കൊണ്ട്
അവ പെറുക്കിക്കൂട്ടുകയും വേണം,
യുദ്ധത്തിൽ പ്രേമിക്കണം
പ്രേമത്തിൽ യുദ്ധം ചെയ്യണം,
വെറുക്കണം പൊറുക്കണം
ഓർക്കണം മറക്കണം,
ഒരുക്കണം കുഴയ്ക്കണം,
കഴിക്കണം ദഹിപ്പിക്കണം,
ചരിത്രം വർഷങ്ങളെടുത്ത്
വർഷങ്ങൾ കൊണ്ട് ചെയ്യുന്നതെന്തോ
അതെല്ലാം ചെയ്യണം.

അയാൾക്കില്ല സമയം.
നഷ്ടമാകുമ്പോൾ അവൻ തേടുന്നു,
കണ്ടുകിട്ടുമ്പോൾ അവൻ മറക്കുന്നു,
മറക്കുമ്പോൾ അവൻ സ്നേഹിക്കുന്നു,
സ്നേഹിക്കുമ്പോൾ അവൻ
മറക്കാൻ തുടങ്ങുന്നു.

അവന്റേത് പാകംചെന്ന ആത്മാവ്,
യോഗ്യതയൊത്തത്.
അവന്റെ ശരീരം മാത്രം എന്നും
കുട്ടിക്കളി മാറാതെ നിൽക്കും.
അത് ശ്രമിക്കുന്നു, കിട്ടാതെപോകുന്നു,
എല്ലാം താറുമാറാക്കുന്നു, എന്നാൽ
ഒന്നും പഠിക്കുകയില്ല,
സുഖത്തിലും വേദനയിലും
അന്ധനും മദോന്മത്തനുമാകുന്നു.

ശരത്കാലത്തെ അത്തിപോലെ
അവൻ മരിക്കും, ചുളുങ്ങി,
തന്നെത്താൽ നിറഞ്ഞ്, മധുരിച്ച്
ഇലകൾ നിലത്ത് വീണുണങ്ങി.
ഇലയറ്റ ചില്ലകൾ ഒരിടം ചൂണ്ടിക്കാട്ടും
എല്ലാത്തിനും സമയമുള്ള ഒരിടം.

യഹൂദ അമിഹായ് (1924-2000): ഇസ്രയേലി കവി. ഹിറ്റ്ലറുടെ കാലത്ത് പലസ്തീനിലേക്ക് കുടിയേറി. 1948-ലെ അറബ്-ഇസ്രയേലി യുദ്ധകാലത്ത് അദ്ദേഹം ഇസ്രയേലി പ്രതിരോധ സേനയുടെ ഭാഗമായിരുന്നു. ഇക്കാലത്തെയും രണ്ടാം ലോകമഹായുദ്ധ കാലത്തെയും അനുഭവങ്ങൾ പല കവിതകളിലും കാണാം. ജർമ്മൻ ആയിരുന്നു കുടുംബത്തിന്റെ മാതൃഭാഷയെങ്കിലും പലസ്തീനിലേക്ക് കുടിയേറിയതിൽപ്പിന്നെ ഹീബ്രൂവിൽ എഴുത്തും വായനയും തുടരാനാണു അമിഹായി താല്പര്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹീബ്രൂ യൂണിവേഴ്സിറ്റിൽ പഠനം പൂർത്തിയാക്കി. കാവ്യഭാഷയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചതിനു 1982-ൽ അമിഹായിക്ക് കവിതയ്ക്കുള്ള ഇസ്രയേലി പ്രൈസ് ലഭിച്ചു.
« »