നമുക്ക് എന്താണുള്ളത്

നമുക്ക് എന്താണുള്ളത്

വാർസൻ ഷയർ

നമ്മുടെ ആണുങ്ങൾ നമ്മുടെ സ്വന്തമല്ല.
ഒരു ഉച്ചയ്ക്ക് ഞങ്ങളെ വിട്ടുപോയ
എന്റെ അച്ഛൻ പോലും എന്റേതല്ല.
ജയിലിൽ കഴിയുന്ന സഹോദരനും എന്റേതല്ല.
നാട്ടിലേക്ക് മടങ്ങി, തലയ്ക്ക് വെടിയേറ്റ
അമ്മാവന്മാർ പോലും എന്റേതല്ല.
തെരുവിൽ കുത്തേറ്റ
അകന്നസഹോദരങ്ങളും എന്റേതല്ല.

പിന്നെയുള്ളത് ഞങ്ങൾ പ്രേമിക്കാൻ
ശ്രമിച്ച ആണുങ്ങളാണ്,
അവർ പറയുന്നു:
ഞങ്ങൾ ഏറെ നഷ്ടം പേറുന്നവരാണെന്ന്,
കറുപ്പേറെ പൊതിഞ്ഞവരാണെന്ന്,
കനമേറിയവരായതിനാൽ കൂടെക്കൂട്ടാനാകില്ലെന്ന്,
പ്രേമിക്കാൻ ആകാത്തവിധം ദുഃഖിതരാണെന്ന്.
പിന്നെ അവരും വിട്ടുപോകുന്നു
ഞങ്ങൾ അവർക്കുവേണ്ടിയും കരയുന്നു.

ഇതിനായിട്ടാണോ നമ്മൾ ഇവിടെയുള്ളത്?
അടുക്കള മേശമേലിരുന്ന് വിരലുകളിൽ
മരിച്ചവരുടെയോ വിട്ടുപോയവരുടെയോ
പോലീസ് കൊണ്ട് പോയവരുടെയോ
ലഹരിയ്ക്ക് അടിമപ്പെട്ടു പോയവരുടെയോ
രോഗം ബാധിച്ച് ഇല്ലാതായവരുടെയും
മറ്റു പെണ്ണുങ്ങൾ തട്ടിയെടുത്തവരുടെയോ
എണ്ണമെടുക്കാൻ?

എന്തൊരു അസംബന്ധമാണ്!

നിന്റെ തൊലിമേൽ നോക്ക്,
അവളുടെ വായയിലേക്ക്,
ഈ ചുണ്ടുകളിലേക്ക്, ആ കണ്ണുകളിലേക്ക്,
എന്റെ ദൈവമേ, ആ പൊട്ടിച്ചിരി ഒന്ന് കേൾക്ക്.

നമ്മുടെ ജീവിതത്തിലേക്ക്
നമ്മൾ അനുവദിച്ചു കൊടുക്കേണ്ട
ഒരേയൊരു ഇരുട്ട് രാത്രിയുടേതാകണം,
അപ്പോൾപ്പോലും നമുക്ക് നിലാവുണ്ട്.

വാർസൻ ഷയർ (1988-): കെനിയയിൽ സൊമാലി ദമ്പതികളുടെ മകളായി 1988 ആഗസ്റ്റ് ഒന്നിന് ജനനം. വാർസൻ ഷയറിന് ഒരു വയസ്സുള്ളപ്പോൾ കുടുംബം യുകെയിലേക്ക് കുടിയേറി. ക്രിയേറ്റീവ് റൈറ്റിങ്ങിൽ ബിരുദം നേടി. Teaching My Mother How To Give Birth എന്ന പേരിൽ 2011-ൽ ഒരു ചാപ്പ്ബുക്ക് പ്രസിദ്ധീകരിച്ചു. Her Blue Body (2015), Bless the Daughter Raised by a Voice in Her Head (2022) എന്നിവ കവിത സമാഹാരങ്ങൾ. ബ്രുണൽ സർവ്വകലാശാലയുടെ പ്രഥമ ആഫ്രിക്കൻ പോയട്രി പ്രൈസ് 2013-ൽ വാർസൻ ഷയറിനായിരുന്നു. ഇതേവർഷം ലണ്ടന്റെ ആസ്ഥാന യുവകവിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിൽ അംഗമായി.