രണ്ട് കവിതകൾ

രണ്ട് കവിതകൾ

തഥേവ് ചഖ്ഹ്യാൻ
തഥേവ് ചഖ്ഹ്യാൻ

തിരിച്ചറിയപ്പെടാത്തത്


എൻ്റെ ജന്മസ്ഥലം
ചെക്കൊസ്ലൊവാക്യയാണെന്നുകണ്ട
കസിൻ പരിഹസിച്ചു ചിരിച്ചു:
“അങ്ങനെയൊരു രാജ്യമില്ല,
നീ ജനിച്ചത് ഇല്ലാത്ത ഒരിടത്താണ്,
നീതന്നെയുണ്ടോയെന്നാർക്കറിയാം"

എനിക്കെൻ്റെ നാക്കു വിഴുങ്ങേണ്ടിവന്നു,
ചരിത്രത്തിൻ്റെ വാതിൽക്കൽ ഉപേക്ഷിക്കപ്പെട്ട,
തുണികൊണ്ടുവരിഞ്ഞു ചുറ്റിയതിനാൽ നീലിച്ചുപോയ
നവജാതശിശുവിനെപ്പോലെയായി ഞാൻ.

ഇവിടെ, ഈ നാട്ടിലിപ്പോൾ മനോഹരമായ
ഒരു ഉദ്യാനമുണ്ട്, എന്നെപ്പോലെയുള്ള
ആളുകൾ തങ്ങളുടെ നായകളെ
നടത്താൻ കൊണ്ടുചെല്ലുന്ന സ്ഥലം.

എന്നെപ്പോലെയുള്ളവരെന്നാൽ
ചരിത്രത്താൽ തിരിച്ചറിയപ്പെടാത്തവർ,
വാടകഗർഭപാത്രത്തിൽ ജനിച്ചപോലെയായവർ.

‘unIDentical’ 

പരിഭാഷകർക്ക് സ്തുതി


ആദ്യം അവർ നിൻ്റെ ഉടൽ
പരിഭാഷപ്പെടുത്തും,
പിന്നീട് കവിതയും.
ഒടുവിൽ, അപ്രതീക്ഷിതമായി
ഒരു ദിവസം രാവിലെ അവർ
നിന്നെ വിട്ടുപോകും,
നിൻ്റെതന്നെ വാക്കുകൾക്കു മുന്നിൽ
തിരിച്ചറിയാനാകാത്തവിധം നിന്നെ
നഗ്നയാക്കിക്കിടത്തിക്കൊണ്ട്.
ചിന്താകുലയായി,
നിസ്സഹായയായി നീ നിൽക്കും,
തനിക്കറിയാത്ത ഭാഷ
സംസാരിക്കുന്നവരുടെ നഗരത്തിൽ
തൻ്റെനേരെനോക്കി കുരയ്ക്കുന്ന നായയെ
ശാന്തമാക്കുന്നതെങ്ങനെയെന്നറിയാതെ
നിൽക്കുന്ന അപരിചിതയെപ്പോലെ.

‘Ode to Translators’

തഥേവ് ചഖ്ഹ്യാൻ (ജനനം 1992): അർമേനിയൻ കവിയും പരിഭാഷകയും. കവിതകൾ നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പോളണ്ടിൽ ജീവിക്കുന്നു. 
« »