ഞാനെൻ്റെ കാൽപ്പാടുകൾ പെറുക്കിയെടുക്കുന്നു

ഞാനെൻ്റെ കാൽപ്പാടുകൾ പെറുക്കിയെടുക്കുന്നു

വാസിൽ ഹൊളൊബൊറൊഡ്കൊ
വാസിൽ ഹൊളൊബൊറൊഡ്കൊ

എൻ്റെ കാൽപ്പാടുകൾ
പെറുക്കിയെടുക്കാനായി ഞാൻ നിന്നു,
കാണുന്നവർ കരുതിയേക്കും
ഞാൻ കൂണുകളോ ഔഷധച്ചെടികളോ
പൂക്കളോ ശേഖരിക്കുകയാണെന്ന്,
എന്നാൽ അല്ല — ഞാൻ ശേഖരിക്കുന്നത്
എൻ്റെ കാൽപ്പാടുകളാണ്.
വർഷങ്ങളായുള്ള എൻ്റെ നടത്തം,
അതിൻ്റെ അടയാളങ്ങളെങ്ങുമുണ്ട്:
പുൽമേട്ടിൽ ആടുകളെ മേയ്ക്കുമ്പോൾ
ഞാൻ വിട്ടുപോന്ന കാൽപ്പാടുകളാണിത്,
ഇവിടെയിതാ ഞാൻ സ്കൂളിലേക്ക്
പോയിരുന്ന വഴി,
ഇവയാകട്ടെ ജോലിക്ക് പോകുന്ന
സമയത്തെ എൻ്റെ കാൽപ്പാടുകളാണ്.

"ഞാനെൻ്റെ കാൽപ്പാടുകൾ
ശേഖരിക്കുകയാണ്; അങ്ങനെയാകുമ്പോൾ
അന്യരാരും അവയെ ചവിട്ടിത്താഴ്ത്തില്ലല്ലോ,"
ചോദിക്കുന്നവരോടൊക്കെ ഞാനിത് പറയുന്നു.

(വെളിപാട്: കാൽപ്പാട് ഒരു സൂചകമാണ്;
കഴിഞ്ഞകാലത്തിൽ വേരാഴ്ത്തിയ എന്തിൻ്റെയോ)

എൻ്റെ മനസ്സിൽ,
അതിൻ്റെ താളുകൾക്കിടയിൽ
കാൽപ്പാടുകൾക്ക് അടിവഴുതുന്നു —
ഇപ്പോൾ എപ്പോഴൊക്കെ ഞാനൊരു
പുസ്തകം വായിക്കുന്നോ അപ്പോഴൊക്കെ
പഴയ കാൽപ്പാടിൽ ചെന്നുതട്ടുന്നു:
ഏറെനേരമായി ഞാനത് വായിക്കുന്നു,
കുഞ്ഞായിരുന്നപ്പോൾ ഞാൻ വിട്ടുപോന്ന
കാൽപ്പാടുകൾ ചെറിമരത്തിൻ്റെ
കീഴിലൂടെ നടക്കുന്നു.

അതുവരെയുള്ള കാൽപ്പാടുകളെല്ലാം ചേർന്ന്
എല്ലാ കാൽപ്പാടുകളുടെയും
ഹെർബേറിയമായ പുസ്തകങ്ങൾ—
അവ ഞാൻ ഒരൊറ്റ നിരയായി നിർത്തിയാലും
ആ വഴി എന്നെ വീട്ടിലേക്ക് നയിക്കില്ല.

'I Pick up my Footprints' by Vasyl Holoborodko

വാസിൽ ഹൊളൊബൊറൊഡ്കൊ (1945-): ഉക്രൈനിയൻ കവി. സോവിയറ്റ് യൂണിയൻ്റെ കാലഘട്ടത്തിൽ കെജിബിയുമായി സഹകരിക്കാത്തതിൻ്റെ വാസിൽ ഹൊളൊബൊറൊഡ്കൊയ്ക്ക് കവിതകൾ പ്രസിദ്ധീകരിക്കുന്നതിൽ വിലക്കേർപ്പെടുത്തപ്പെട്ടു. സർവ്വകലാശാലയിൽ നിന്നും വിലക്കപ്പെട്ടു. ഇതേത്തുടർന്ന് ഖനിത്തൊഴിലാളിയായും നിർമ്മാണത്തൊഴിലാളിയായും പിന്നീട് കർഷകനായും ജീവിച്ചു. 1988-ൽ ആദ്യമായി പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിച്ചു. ഉക്രെയിൻ നൽകുന്ന സാഹിത്യത്തിനു പരമോന്നത ബഹുമതി 1994ൽ ഇദ്ദേഹത്തിനായിരുന്നു. പതിനഞ്ചിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
« »