രണ്ട് കവിതകൾ

രണ്ട് കവിതകൾ

ടറെക് എൽതയ്യെബ്
ടറെക് എൽതയ്യെബ്

തെളിച്ചമുള്ള സംസാരം


ഭക്ഷണശാലകളിലും കഫേകളിലും
കാര്യങ്ങൾക്കെല്ലാം അൽപ്പായുസ്സേയുള്ളൂ.

ഒരു ഗ്ലാസ്സ് വീഴുന്നു,
പൊട്ടുന്നു,
വിളമ്പുകാരി ക്ഷമ ചോദിക്കുന്നു.
ഒരു ഗ്ലാസ്സ് ഇല്ലാതെയാകുന്നു,
മറ്റൊന്ന് ഇതിനോടകം തയ്യാറാകുന്നു.

ഒരു ഗ്ലാസ്സ് വീണുടയുന്നു,
ഒരു സംഭാഷണം മുറിയുന്നു,
വിളമ്പുകാരി ക്ഷമ ചോദിക്കുന്നു.
ഒരു സംഭാഷണം ഇല്ലാതെയാകുന്നു,
മറ്റൊരു സംഭാഷണത്തിന് തുടക്കമാകുന്നു.

കാപ്പിയും വെള്ളവും


ദിവസം ഒരു നൂറുതവണയെങ്കിലും
അവൻ പറയുന്നു: "എനിക്ക് മടങ്ങിപ്പോകണം.
ഇവിടെ ഒരു ദയയുമില്ല. അവിടെ, അവിടെയെത്ര
അനുഗ്രഹീതവും ദയയുള്ളതുമൊക്കെയാണ്..."
പിന്നെ അവൻ മിണ്ടാതെയിരിക്കും.

ഞാൻ അവനോട് ചോദിക്കും:
"അവിടെ? അവിടെയെന്നാൽ എവിടെ?"
അവൻ എവിടേക്കോ വിരൽചൂണ്ടും,
മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടാകില്ല,
പിന്നെയവൻ ഒട്ടും മിണ്ടാതെയാകും.

ഞാൻ അവൻ്റെ കൈപ്പിടിച്ചുകൊണ്ട്
ഒരു കഫേയിലെ ഒഴിഞ്ഞ മൂലയിലുള്ള
മേശയ്ക്കരികിൽ ചെന്നിരുന്നു;
അവനു കാപ്പി ഓർഡർ ചെയ്തു
എനിക്ക് വെള്ളവും.

അവനോട് അറബിയിൽ സംസാരിച്ചുകൊണ്ട്
കാപ്പിയിൽ ഞാൻ വെള്ളം ചേർത്തിളക്കി.
വെറിപിടിച്ചുകൊണ്ട് അവൻ പറഞ്ഞു:
"നിങ്ങൾക്കെന്താ വട്ടാണോ?"

അവൻ കാപ്പിയിൽ നിന്നും
വെള്ളം തിരിച്ചെടുക്കാൻ
ശ്രമിച്ചുകൊണ്ടിരുന്നു.

അവൻ ശ്രമിച്ചുകൊണ്ടേയിരുന്നു

വെള്ളത്തെ
വെള്ളത്തിലേക്കുതന്നെ
തിരിച്ചെടുക്കാൻ.

Tarek Eltayeb

ടറെക് എൽതയ്യെബ് (ജനനം 1959): ഈജിപ്ഷ്യൻ-സുഡാനീസ് എഴുത്തുകാരൻ. 1984 മുതൽ വിയന്നയിൽ താമസിക്കുന്നു.
« »