പരിഭാഷയിൽ കണ്ടുകിട്ടിയത്

പരിഭാഷയിൽ കണ്ടുകിട്ടിയത്

എലൈൻ എഗ്വി
എലൈൻ എഗ്വി
കവിത, പരിഭാഷയിൽ വായിക്കാൻ ഞാൻ എല്ലായിപ്പോഴും ഇഷ്ടപ്പെട്ടു, വാസ്തവത്തിൽ, അതാണ് ഞാൻ തിരഞ്ഞെടുക്കുന്ന രീതിയും.

മറ്റൊരു ഭാഷയിലേക്ക് പലായനം ചെയ്യുമ്പോൾ ഒരു ഭാഷയുണ്ടാക്കുന്ന ഒച്ചയാണ് കവിത.

പൊതുവെ പറയാറുള്ളതുപോലെ, നഷ്ടമായത് എന്താണെന്നാണോ നിങ്ങൾക്ക് തോന്നുന്നത് അതിനെ ഭാവനയ്ക്ക് വിട്ടുനൽകുന്നതാണ് നല്ലത്.

ഒരു സാധാരണ കവിതയ്ക്ക് പോലുമത് അവര്‍ണ്ണനീയമായ ഉൾക്കാമ്പ് നൽകുന്നു.

വായിക്കുന്ന ആളിൽ നിന്നും കൂടുതൽ പങ്കാളിത്തമുണ്ടാകുന്നത് മഹത്തായ ആനന്ദാനുഭൂതിയിലേക്ക് നയിക്കുന്നു.

ഒരു മോശം പരിഭാഷ, വികലമായ ഒന്നുതന്നെ, സവിശേഷരീതിയിൽ അത് മനോഹരമാകുന്നു.

ഒരു പരിഭാഷകന് ഇല്ലാതാക്കാനാകാത്തത് എന്താണോ അതാണ് കവിത.

അതിജീവിക്കാനുള്ള അതിൻ്റെ മനഃശക്തി, സ്വന്തം ഭൂമിയിൽ നിന്നും വേരുപിഴുത് പലായനം ചെയ്യാനുള്ള അതിൻ്റെ സന്നദ്ധത സ്‌തുത്യര്‍ഹമാണ്. ആൺകാമമെന്നുപോലും എനിക്ക് പറയാൻ തോന്നുന്നു.

പരിഭാഷ ചെയ്യാനാകാത്ത ഒരു കവിത, അത് അത്രത്തോളം അതിൻ്റെ എഴുത്തുകാരനോട് ചേർന്നുനിൽക്കുന്നു. അതത്രയും പരുക്കനാണ്.

പരിഭാഷ ചെയ്യാനാകാത്ത ഒരു കവിത, അതിൻ്റെ അർത്ഥം വെളിപ്പെടുത്തുന്നില്ലെങ്കിൽ, അതിൻ്റെ അതിരുകളിൽ അത്രത്തോളം കാവലുണ്ടെങ്കിൽ, പറയാതിരിക്കുന്നതാണ് നല്ലത്.

കാലങ്ങളായി ഞാൻ ലോകത്തെല്ലായിടത്തു നിന്നുമുള്ള എഴുത്തുകാരെ പകർത്തി, അങ്ങനെ ഒരു നാൾ അതെനിക്കും സംഭവിച്ചു. ചിലപ്പോൾ ഞാൻ അനുകരിച്ചിരുന്നത് പരിഭാഷകനെ ആയിരുന്നിരിക്കും, കവിയെ ആയിരിക്കില്ല. ഈ ആശയമെനിക്ക് ഇഷ്ടപ്പെട്ടു, അങ്ങനെ എനിക്കു കൂടുതൽ എഴുതണമെന്നായി.

വില്യം കാർലോസ് വില്യംസിനെ വായിക്കാൻ ഫ്രഞ്ച് പഠിക്കുന്നത് വളരെ നന്നായിരിക്കും.

പരിഭാഷകരാണ് യഥാർത്ഥത്തിൽ അനുഭവജ്ഞാനാതീതർ.

“Found in Translation” by Elaine Equi from Ripple Effect: New and Selected Poems

എലൈൻ എഗ്വി (1953-): അമേരിക്കൻ കവിയും അദ്ധ്യാപികയും. 
« »