മൂന്ന് കവിതകൾ

മൂന്ന് കവിതകൾ

സപാർഡി ജോക്കൊ ഡമോണോ
സപാർഡി ജോക്കൊ ഡമോണോ

ബൾബ്


മുറിയിൽ കത്തിജ്വലിച്ചു
നിൽക്കുകയാണ് ഒരു തൂക്കുബൾബ്.

അയാൾ തൻ്റെ വിരലുകൾ പിണച്ചുപിടിക്കുന്നു
അതിൻ്റെ നിഴൽ ചുവരിൽ വീഴുന്നു:
"ഇതാ ഒരു മാൻ" അയാൾ പറഞ്ഞു.
കുട്ടികൾ സന്തോഷത്താൽ ആർപ്പുവിളിച്ചു.
"ഇനി ഒരു കടുവ!"
"ഇതാ കടുവ" വീണ്ടും ആർപ്പുവിളികൾ.
"ഇനി ആന, കാട്ടുപന്നി, കുരങ്ങൻ..."

വിളക്കിന് സ്വയം കെടണമെന്നുണ്ട്.
കാടിനു നടുവിലകപ്പെട്ടതുപോലയാണ്
അതിന് അനുഭവപ്പെടുന്നത്.
മൃഗങ്ങളുടെ നിലവിളികൾ.
പൊടുന്നനെ, അപരിചിതത്വം അതിനെ
പിടികൂടുന്നു, ഒട്ടും സുരക്ഷിതമല്ലാത്ത
ഒരിടത്തായമട്ടിൽ.

രൂപമാറ്റം


അപരിചിതനായ ഒരാൾ
നിങ്ങളെ കണ്ണാടിയ്ക്കു മുന്നിലിരുത്തി
"ഇപ്പോൾ ഞാൻ ധരിക്കുന്നത്
ആരുടെ ഉടലാ"ണെന്നു ചോദിക്കാൻ
പ്രേരിപ്പിച്ചുകൊണ്ട് നിങ്ങളുടെ ഉടുപ്പുകൾ
ഒന്നൊന്നായി ഊരുകയാണ്.

അപരിചിതനായ അയാൾ
ശാന്തമായിരുന്ന്
നിങ്ങളുടെ ജീവിതകഥ
എഴുതിവെക്കുകയാണ്,
ജനന തീയ്യതിയിൽ തുടങ്ങി
നിങ്ങളുടെ മരണത്തിനു കാരണമാകുന്ന
ഒരു കഥ മെനഞ്ഞെടുക്കുകയാണ്

പതുക്കെ, ആ അപരിചിതൻ
നിങ്ങളായി മാറുകയാണ്.

എനിക്ക് വേണം


വളരെ ലളിതമായി വേണം
എനിക്കു നിന്നെ സ്നേഹിക്കാൻ:
ഉച്ചരിക്കപ്പെട്ടിട്ടില്ലാത്ത വാക്കുകൾ കൊണ്ട്,
ചാരമാക്കുന്ന തീയ്യിലേക്ക് മരത്തടിയായി.
വളരെ ലളിതമായിവേണം
എനിക്ക് നിന്നെ സ്നേഹിക്കാൻ.
വിനിമയം ചെയ്യപ്പെടാത്ത
അടയാളങ്ങൾകൊണ്ട്,
തനില്ലാതാകുന്ന മഴയിലേക്ക് മേഘമായി.

Sapardi Djoko Damono

സപാർഡി ജോക്കൊ ഡമോണോ (1940–2020): ഇന്തോനേഷ്യൻ കവിയും വിവർത്തകനും. ജകാർത്ത ആർട്ട്സ് കൗൺസിൽ സാഹിത്യ പുരസ്കാരം, അക്കാദമി ജകാർത്ത പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്.
« »