അഞ്ച് കഥകൾ

അഞ്ച് കഥകൾ

ലിഡിയ ഡേവിസ്
ലിഡിയ ഡേവിസ്

അവളുടെ പണ്ടത്തെ ആൾ


പണ്ട് അടുപ്പമുണ്ടായിരുന്ന ഒരാണുമായി അമ്മ ശൃംഗരിക്കുകയാണെന്ന് ഞാൻ കരുതുന്നു, എന്തായാലും അത് അച്ഛനല്ല. ഞാൻ എന്നോടുതന്നെ പറയുകയാണ്: ഇയാളുമായൊരു അവിഹിത ബന്ധം അമ്മയ്ക്ക് ഉണ്ടായിക്കൂടാ. "ഫ്രാൻസ്"! "ഫ്രാൻസ്" ഇയാളൊരു യൂറോപ്യൻ. അച്ഛൻ അകലെ കഴിയുന്ന സമയത്തു അമ്മ ഇയാളെ മറ്റേ രീതിയിൽ കാണുന്നത് ശരിയല്ലന്നേ ഞാൻ പറയൂ. പക്ഷേ പഴയൊരു യാഥാര്‍ത്ഥ്യത്തെ പുതിയൊരു യാഥാര്‍ത്ഥ്യവുമായി കൂട്ടിക്കുഴയ്ക്കുകയാണ് ഞാൻ: അച്ഛൻ എന്തായാലും വീട്ടിലേക്ക് മടങ്ങി വരാൻ പോകുന്നില്ല. വെർനോൺ ഹാളിൽ തന്നെ തുടരാനാകും അദ്ദേഹത്തിന്റെ തീരുമാനം. അമ്മയെ സംബന്ധിച്ചാണെങ്കിൽ, അവർക്കിപ്പോൾ തൊണ്ണൂറ്റിനാല് വയസ്സായി. തൊണ്ണൂറ്റിനാല് വയസ്സുള്ള ഒരു സ്ത്രീയ്ക്ക് എങ്ങനെയൊരു അവിഹിതബന്ധം ഉണ്ടാകാനാണ്? എന്നാൽ എന്നെ കുഴക്കുന്ന കാര്യം ഇതാകണം: ശരീരത്തിന് പ്രായമേറിയെങ്കിലും വഞ്ചിക്കാനുള്ള അമ്മയുടെ ശേഷി ഇപ്പോഴും യൗവ്വനയുക്തവും പുത്തനുമാണ്.


പതിമൂന്നാമത്തെ സ്ത്രീ


പന്ത്രണ്ട് സ്ത്രീകളുടെ പട്ടണത്തിൽ പതിമൂന്നാമതൊരുവൾ കൂടിയുണ്ടായിരുന്നു. അവൾ അവിടെ ജീവിക്കുന്നതായി ആരും അംഗീകരിച്ചിരുന്നില്ല, അവൾക്കായി കത്തൊന്നും വന്നില്ല, അവളെക്കുറിച്ച്‌ ആരുമൊന്നും പറഞ്ഞില്ല, അവൾക്കാരും റൊട്ടി വിറ്റില്ല, അവളിൽ നിന്നാരും ഒന്നും വാങ്ങിയില്ല, അവൾ നോക്കിയവരാരും അവളെ തിരിച്ചുനോക്കിയില്ല, അവളുടെ വാതിലിൽ ആരും മുട്ടിയില്ല; മഴ അവൾക്കുമേൽ വീണില്ല, വെയിൽ അവൾക്കുമേൽ തിളങ്ങിയില്ല, പകൽ അവൾക്കായി ഉദിച്ചില്ല, രാത്രി അവൾക്കായി വന്നില്ല, അവളെ സംബന്ധിച്ച് ആഴ്ചകളൊന്നും കടന്നുപോയില്ല, വർഷങ്ങൾ പോയിമറഞ്ഞതുമില്ല; അവളുടെ വീടിന് നമ്പർ പതിച്ചിരുന്നില്ല, അവളുടെ പൂന്തോട്ടം ആരും പരിപാലിച്ചിരുന്നില്ല, അവളുടെ വഴിയിലൂടെയാരും നടന്നില്ല, അവളുടെ മെത്തയിൽ ആരും കിടന്നില്ല, അവളുടെ ഭക്ഷണമാരും കഴിച്ചില്ല, അവളുടെ ഉടുപ്പുകളാരും ഉടുത്തില്ല; ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പട്ടണം തന്നോട് ചെയ്തതിലൊന്നും ഒരു വിദ്വേഷവും കൂടാതെ അവൾ അവിടെതന്നെ ജീവിതം തുടർന്നു.


മുപ്പതുകാരി


മുപ്പതുകാരിയായ ഒരു സ്ത്രീ താൻ ജനിച്ചുവളർന്ന വീടുവിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല.

ഞാനെന്തിന് വീടുവിട്ടുപോകണം? ഇവിടെയാണെന്റെ അച്ഛനും അമ്മയും, അവരെന്നെ സ്നേഹിക്കുന്നു.

എന്നോട് തർക്കിക്കുകയും ആക്രോശിക്കുകയും ചെയ്യുന്നൊരുത്തനെ ഞാനെന്തിന് കല്യാണം കഴിക്കണം?

എന്നിരുന്നാലും ജനലിനു മുന്നിൽ നിന്ന് തുണിയഴിക്കാൻ അവളിഷ്ടപ്പെടുന്നു. ഏതെങ്കിലുമൊരുത്തൻ തന്നെ നോക്കുകയെങ്കിലും ചെയ്യുമെന്നവൾ ആശിക്കുന്നു.


സംഭവിക്കാവുന്നത് (vs അനിവാര്യത)


അവന് ഞങ്ങളുടെ നായ ആകാമായിരുന്നു.
പക്ഷേ അവൻ ഞങ്ങളുടെ നായ അല്ല.
അതിനാൽ അവൻ ഞങ്ങൾക്കു നേരെ കുരയ്ക്കുന്നു.


സാധ്യമല്ല, ചെയ്യില്ല


അടുത്തിടെ എഴുത്തിനുള്ള ഒരു പുരസ്കാരം എനിക്കു നിഷേധിക്കപ്പെട്ടു, അവർ പറഞ്ഞത്, എനിക്കു മടി ആയിരുന്നെന്നാണ്. മടി എന്നതുകൊണ്ട് അവർ ഉദ്ദേശിച്ചത് ഞാൻ ചുരുക്കെഴുത്തുകൾ കൂടുതലായി ഉപയോഗിച്ചിരുന്നെന്നതാണ്: ഉദാഹരണത്തിന്, സാധിക്കുകയില്ല എന്നോ ചെയ്യുകയില്ല എന്നോ മുഴുവനായി എഴുതുന്നതിനു പകരം ഞാൻ അവയെ ചുരുക്കി സാധ്യമല്ല എന്നും ചെയ്യില്ല എന്നും എഴുതുന്നു.

ലിഡിയ ഡേവിസ് (ജനനം 1947): അമേരിക്കൻ എഴുത്തുകാരിയും വിവർത്തകയും. മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാര ജേതാവ്. സംക്ഷിപ്തരൂപത്തിലുള്ള ഇവരുടെ കഥകൾ മിക്കതും കവിതയോട് ചേർന്നു നിൽക്കുന്നവയാണ്. ലിഡിയയുടെ 'മാഡം ബോവറി', 'സ്വാൻസ് വേ' വിവർത്തനങ്ങൾ ശ്രദ്ധേയം.
« »