കവിതയ്ക്ക് ഒരു ആമുഖം

കവിതയ്ക്ക് ഒരു ആമുഖം

ബില്ലി കോളിൻസ്ബില്ലി കോളിൻസ്

ഒരു കവിതയെടുത്ത്
വർണ്ണച്ചില്ലെന്നപോലെ അതിനെ
വെളിച്ചത്തേക്കുയർത്തിപ്പിടിച്ചു നോക്കാൻ
ഞാൻ അവരോട് ആവശ്യപ്പെടുന്നു

അല്ലെങ്കിൽ അതിന്റെ
തേനറയോട് കാതുചേർത്തു വെക്കാൻ.

കവിതയ്ക്കുള്ളിലേക്ക് ഒരു എലിയെ ഇറക്കിവിട്ട്
അതെങ്ങനെ പുറത്തേക്കുള്ള വഴി
കണ്ടെത്തുന്നെന്ന് നോക്കാനും
ഞാൻ ആവശ്യപ്പെടുന്നു

അല്ലെങ്കിൽ കവിതയുടെ മുറിക്കുള്ളിലൂടെ
നടന്ന്, വെളിച്ചത്തിനായുള്ള സ്വിച്ചിനായി
പരതി ചുവരറിയാനും ഞാൻ പറയുന്നു.

തീരത്തുനിൽക്കുന്ന കവിയുടെ പേരിനു നേരെ
കൈവീശിക്കൊണ്ട് കവിതയുടെ പ്രതലത്തിലൂടെ
തെന്നിനീങ്ങണമെന്നാണ് എന്റെ ആഗ്രഹം.

എന്നാൽ അവർക്കു വേണ്ടത്
കവിതയെ ഒരു കസേരയിൽ കയറിൽക്കെട്ടി
പീഡിപ്പിച്ച് കുമ്പസാരിപ്പിക്കലും.

എന്താണത് ശരിക്കും അർത്ഥമാക്കുന്നതെന്നറിയാൻ
ഒരു നീണ്ട കുഴൽ കൊണ്ട് അവരതിനെ
പ്രഹരിക്കാൻ തുടങ്ങുന്നു.

ബില്ലി കോളിൻസ് (1941-): അമേരിക്കൻ കവി. 2001 മുതൽ 2003 വരെയുള്ള കാലയളവിൽ യു.എസ് പോയറ്റ് ലൂറെറ്റ് ആയിരുന്നു.
»