കുശവൻ

കുശവൻ

യാന്നിസ് റിറ്റ്സോസ്യാന്നിസ്‌ റിറ്റ്സോസ്

കുടങ്ങളും പാചകപ്പാത്രങ്ങളും
ചെടിച്ചട്ടികളും ഉണ്ടാക്കുന്ന
അയാളുടെ പതിവുപണി തീർന്നപ്പോൾ
അൽപ്പം കളിമണ്ണ് ശേഷിച്ചു,
അതുവെച്ച് അയാൾ ഒരു പെണ്ണിനെയുണ്ടാക്കി.
ഉടയാത്ത വലിയ മുലകളുള്ള പെണ്ണിനെ.
അയാളുടെ മനസ്സുലഞ്ഞു,
വീട്ടിൽ തിരിച്ചെത്താൻ വൈകി.
ഭാര്യ പലവട്ടം ചോദിച്ചിട്ടും
വൈകിയതെന്തുകൊണ്ടെന്നതിന്
അയാൾ മറുപടി പറഞ്ഞില്ല.
അടുത്ത ദിവസം അയാൾ
കുറേക്കൂടി കളിമണ്ണ് ബാക്കിയാക്കി,
തുടർന്നുള്ള ഓരോ ദിവസവും
ബാക്കിവരുന്ന കളിമണ്ണിന്റെ അളവുകൂടി.
അയാൾ വീട്ടിൽ പോകാതെയായി,
ഭാര്യ അയാളെ വിട്ടുപോയി.
അയാളുടെ കണ്ണുകൾ നീറി.
അർദ്ധനഗ്നനായ അയാൾ അരയിൽ
ഒരു ചുവന്ന അരപ്പട്ട കെട്ടിയിരുന്നു.
രാത്രിമൊത്തം അയാൾ
കളിമൺപ്പെണ്ണുങ്ങൾക്കൊപ്പം കിടന്നു.
എന്നും രാവിലെ കയ്യാലപ്പുരയ്ക്ക്
പിന്നിൽ അയാളുടെ പാട്ട് കേൾക്കാം.
പിന്നീട് അയാൾ അരപ്പട്ടയും ഊരിമാറ്റി,
നഗ്നനായി, പൂർണ്ണനഗ്നനായി.
ഒഴിഞ്ഞ കുടങ്ങളും പാത്രങ്ങളും ചട്ടികളും
അയാൾക്കു ചുറ്റിലും കൂടിക്കിടന്നു,
ഒപ്പം അന്ധരും മൂകരും ബധിരരുമായ
അഴകുള്ള ആ പെണ്ണുങ്ങളും
അവരുടെ കടിയേറ്റ മുലകളും.

The Potter by Yannis Ritsos

യാന്നിസ്‌ റിറ്റ്സോസ് (1909-1990): ഗ്രീക്ക് കവി. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്ന റിറ്റ്സോസിനു ലെനിൻ പീസ് പ്രൈസ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

« »