നഗര ചത്വരത്തിൽ ഒത്തുകൂടി
നാം എന്തിനായിട്ടാണ് കാത്തിരിക്കുന്നത്?
കിരാതന്മാർ ഇന്നെത്തുമെന്നാണ് കരുതുന്നത്.
നിയമസഭയിലെന്താണ് ഒന്നും നടക്കാത്തത്?
നിയമനിർമ്മാണമൊന്നും നടത്താതെ
സെനറ്റർമാർ കുത്തിയിരിക്കുന്നതെന്തേ?
എന്തെന്നാൽ കിരാതന്മാർ ഇന്നത്തും, പിന്നെന്തിന്
സെനറ്റർമാർ നിയമമുണ്ടാക്കണം? കിരാതന്മാർ,
അവരെത്തിയാൽ അവരുടെ നിയമം നടപ്പിലാക്കും.
കാലത്തേ എഴുന്നേറ്റ് നമ്മുടെ ചക്രവർത്തി, കിരീടവും ചൂടി
നഗരകവാടത്തിൽ ഇരിപ്പുറപ്പിച്ചതെന്തേ?
എന്തെന്നാൽ കിരാതന്മാർ ഇന്നെത്തും, ചക്രവർത്തി
അവരുടെ നേതാവിനെ സ്വീകരിക്കാൻ
തയ്യാറായിട്ടിരിക്കുകയാണ്. അയാൾക്ക്
നൽകാനായി പദവികളും ബഹുമതികളും
അദ്ദേഹം തയ്യാറാക്കി വെച്ചിരിക്കുന്നു.
നമ്മുടെ ന്യായാധിപന്മാരും ധനികരും
ചിത്രത്തുന്നലോടു കൂടിയ മേലങ്കികളണിഞ്ഞ്
പുറത്തിറങ്ങിയത് എന്തിനാണ്?
രത്നക്കല്ലുകളോടു കൂടിയ കൈത്തളകളും
മരതകം പതിച്ച തിളങ്ങുന്ന മോതിരങ്ങളും
എടുത്തണിഞ്ഞിരിക്കുന്നത് എന്തിനാണ്?
സ്വർണ്ണവും വെള്ളിയും കെട്ടിയ അധികാരദണ്ഡ്
കൈയ്യിലേന്തി അവരെന്തിനു നടക്കുന്നു?
എന്തെന്നാൽ കിരാതന്മാർ ഇന്നെത്തും, ഇവയെല്ലാം
അവരെ വശീകരിക്കാൻ സഹായിക്കും.
തങ്ങളുടെ അറിവും കാഴ്ചപ്പാടും പങ്കുവെക്കാനായി
പ്രഭാഷകരാരും ഇന്നെത്താത്തത് എന്തുകൊണ്ടാകാം?
എന്തെന്നാൽ കിരാതന്മാർ ഇന്നുവരുന്നുണ്ട്,
പ്രഭാഷണങ്ങൾ അവരിൽ മുഷിച്ചിലുണ്ടാക്കും.
നമ്മളിൽ എല്ലാവരിലും ഒരേ ആകാംക്ഷ
നിറഞ്ഞുനിൽക്കുന്നതെന്തേ?
എന്തിനാണ് ഇങ്ങനൊരു വിഭ്രാന്തി?
(എന്തൊരു ഗൗരവമാണ് ഓരോ മുഖത്തും)
കവലകളിൽ നിന്നും സഭകളിൽ നിന്നും
ആളുകൾ ചിന്താകുലരായി, വേഗത്തിൽ
ഒഴിഞ്ഞുപോകുന്നതെന്തേ?
എന്തെന്നാൽ രാത്രിയായിട്ടും കിരാതന്മാരെ കണ്ടില്ല.
അതിർത്തിയിൽ നിന്നും നമ്മുടെ ആളുകൾ
വന്നുപറഞ്ഞു: കിരാതന്മാരാരും വരുവാനില്ലിനി.
കിരാതന്മാരില്ലാതെ ഇനിയിപ്പോൾ നമ്മളെന്തു ചെയ്യും?
ആ മനുഷ്യർ നമുക്കൊരുതരം പ്രതിവിധിയായിരുന്നു.
സി. പി. കവാഫി (1863-1933): ഗ്രീക്ക് കവി. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ 1863 ഏപ്രിൽ 29നായിരുന്നു കോൺസ്റ്റാന്റിൻ പീറ്റർ കവാഫിയുടെ ജനനം. ഒമ്പത് മുതൽ പതിനാറാം വയസ്സ് വരെ ഇംഗ്ലണ്ടിൽ കഴിഞ്ഞ കവാഫി, പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലും ഫ്രാൻസിലും കുറച്ചുകാലം ജീവിച്ചു. 1885ൽ അലകസാൻഡ്രിയയിൽ തിരിച്ചെത്തി. അവിടെ ജലസേചന വകുപ്പിൽ ജീവനക്കാരനായി. ഇക്കാലത്താണ് കവിതയെഴുത്തിൽ സജീവമായത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ഗ്രീക്ക് ചരിത്രത്തിന്റെയും പുരാണത്തിന്റെയും ഭാവനാപരമായ പുനരാഖ്യാനം, സാങ്കൽപ്പിക ഭാഷണങ്ങൾ എന്നിങ്ങനെ ചരിത്രപരവും തത്വചിന്താപരവും മനഃശാസ്‌ത്രപരവുമായ പ്രമേയങ്ങളാണ് കവാഫി കവിതകളുടേത്.