വൈകുന്നേരവെയിൽ

വൈകുന്നേരവെയിൽ

സി. പി. കവാഫിസി. പി. കവാഫി

ഈ മുറി, എനിക്കെത്ര പരിചിതം.
ഇന്നിതും ഇതിനടുത്ത മുറിയുമെല്ലാം
വാടകയ്ക്ക് കൊടുത്തിരിക്കുന്നു.
വീടാകെ ബിസിനസ്സുകാരുടെ, ഇടനിലക്കാരുടെ,
കമ്പനികളുടെ ഓഫീസായി മാറിയിരിക്കുന്നു.

ഹാ! ഈ മുറി, എനിക്കെത്ര പരിചിതമെന്നോ!

വാതിലിനു അരികിലായി സോഫ കിടന്നിരുന്നു.
അതിനു മുമ്പിലായി ഒരു ടർക്കിഷ് ചവിട്ടടി.
അതിനടുത്ത് രണ്ട് മഞ്ഞപൂപാത്രങ്ങളുമായി അലമാര.
വലതുവശത്ത്—അല്ല, എതിർവശത്ത്
കണ്ണാടിയോടുകൂടിയ മേശ.
നടുവിലായി, അവന്റെ എഴുത്തുമേശയും
മൂന്ന് വലിയ ചൂരൽ കസേരകളും.
ഞങ്ങൾ പലപ്പോഴായി
രതിയിലേർപ്പെടാനുപയോഗിച്ച
കട്ടിൽ ജനലിനരികിലായിരുന്നു.

അവയെല്ലാം ഇപ്പോൾ മറ്റെവിടെയെങ്കിലും കാണും,
പാവം വസ്തുക്കൾ.

ജനലിനരികിലായിരുന്നു കിടക്ക, വൈകുന്നേരവെയിൽ
അതിനു പാതിയോളം വന്നുപതിക്കുമായിരുന്നു.

ഒരു വൈകുന്നേരം നാലുമണിക്ക്
വെറും ഒരാഴ്ചകാലത്തേക്ക് ഞങ്ങൾ പിരിഞ്ഞു.
കഷ്ടം! ആ ഒരാഴ്ച എന്നത്തേക്കുമായി.

'An Afternoon Sun' by C.P. Cavafy

സി. പി. കവാഫി (1863-1933): ഗ്രീക്ക് കവി. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ 1863 ഏപ്രിൽ 29നായിരുന്നു കോൺസ്റ്റാന്റിൻ പീറ്റർ കവാഫിയുടെ ജനനം. ഒമ്പത് മുതൽ പതിനാറാം വയസ്സ് വരെ ഇംഗ്ലണ്ടിൽ കഴിഞ്ഞ കവാഫി, പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലും ഫ്രാൻസിലും കുറച്ചുകാലം ജീവിച്ചു. 1885ൽ അലകസാൻഡ്രിയയിൽ തിരിച്ചെത്തി. അവിടെ ജലസേചന വകുപ്പിൽ ജീവനക്കാരനായി. ഇക്കാലത്താണ് കവിതയെഴുത്തിൽ സജീവമായത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ഗ്രീക്ക് ചരിത്രത്തിന്റെയും പുരാണത്തിന്റെയും ഭാവനാപരമായ പുനരാഖ്യാനം, സാങ്കൽപ്പിക ഭാഷണങ്ങൾ എന്നിങ്ങനെ ചരിത്രപരവും തത്വചിന്താപരവും മനഃശാസ്‌ത്രപരവുമായ പ്രമേയങ്ങളാണ് കവാഫി കവിതകളുടേത്.

« »