
വസന്തം വിജനമായിക്കിടന്നു.
ഒന്നും പ്രതിഫലിപ്പിക്കാതെ
എനിക്കരികിലൂടെ ഒഴുകുകയാണ്
ഇരുണ്ടവയലറ്റ് നിറത്തിൽ ഒരു തോട്.
ചില മഞ്ഞപൂവുകൾ മാത്രം
തിളങ്ങിനിൽക്കുന്നു.
വയലിൻ അതിന്റെ
കറുത്ത പെട്ടിയിലെന്നപോലെ
എന്റെ നിഴലിൽ ഞാൻ
വഹിക്കപ്പെടുന്നു.
എനിക്കു പറയാനുള്ള ഒരേയൊരു കാര്യം
എത്താനാകാത്തിടത്തു നിന്നു മിന്നുന്നു
—പലിശക്കാരന്റെ കൈവശമുള്ള
പണയപ്പണ്ടം പോലെ.
"April and Silence" by Tomas Tranströmer
റ്റൊമാസ് ട്രാൻസ്ട്രോമർ (1931-2015): 1931 ഏപ്രില്‍ 15 ന് സ്റ്റോക്ക്‌ഹോമില്‍ ജനിച്ച ട്രാൻസ്ട്രോമർ, സാഹിത്യചരിത്രത്തിലും പിന്നീട് മനഃശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി. സാന്ദ്രമായ ബിംബങ്ങളിലൂടെ, യാഥാർഥ്യത്തിലേക്കുള്ള പുത്തൻ വാതായനം തുറന്ന ട്രാൻസ്ട്രോമർക്ക് 2011ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അറുപതിലേറെ ഭാഷകളിലേക്ക് ട്രാൻസ്ട്രോമറുടെ കവിതകൾ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.