മുപ്പത്തിമൂന്നിൽ

മുപ്പത്തിമൂന്നിൽ

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ

— ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ

അവൾ പ്രതീക്ഷിച്ചിരുന്നതുപോലെയല്ലായിരുന്നു ഒന്നും.
എല്ലായിപ്പോഴും ആ തുരുമ്പെടുക്കുന്ന ഫോക്സ്വാഗണുകൾ.
ഒരിക്കൽ ആ റൊട്ടിക്കടക്കാരനുമായുള്ള
കല്യാണം വരെയെത്തിയിരുന്നു കാര്യങ്ങൾ.
ആദ്യമൊക്കെ അവൾ ഹെസ്സെയെ വായിച്ചു,
പിന്നീട് ഹാൻഡ്കെയേയും.
ഇപ്പോൾ വല്ലപ്പോഴും കിടക്കയിൽക്കിടന്ന്
പദപ്രശ്നം പൂരിപ്പിക്കുന്നു.
അവളിൽ ഒരാണും സ്വാതന്ത്ര്യമെടുത്തില്ല.
വർഷങ്ങളോളം അവൾ ട്രോട്സ്കിസ്റ്റായിരുന്നു,
അവളുടേതായ രീതിയിലായിരുന്നെന്നുമാത്രം.
അവൾ റേഷൻകാർഡ് കൈകാര്യം ചെയ്തിരുന്നില്ല.
കമ്പൂച്ചിയയെപ്പറ്റി ചിന്തിക്കുമ്പോളൊക്കെയും
അവൾക്ക് വല്ലാതെയാകുന്നു.
അവളുടെ ഒടുവിലത്തെ കാമുകൻ, ആ പ്രൊഫസ്സർ,
എപ്പോഴും അവളോട് അടിക്കാൻ ആവശ്യപ്പെട്ടു.
പച്ചനിറത്തിലുള്ള ബാടിക് വസ്ത്രങ്ങൾ
അവൾക്ക് വലിപ്പമേറിയതായിരുന്നു.
അവളുടെ സ്പർമാന്നിയയിലുണ്ട് പ്രാണികൾ.
അവൾ ശരിക്കും ചിത്രം വരയ്ക്കാൻ ആഗ്രഹിച്ചു,
അതല്ലെങ്കിൽ കുടിയേറിപ്പോകണമെന്ന്.
1500 മുതൽ 1512 വരെയുള്ള ഉൽമ് നഗരത്തിലെ
വർഗ്ഗസമരങ്ങളും നാടൻപാട്ടുകളിലെ അതിൻ്റെ
പരാമര്‍ശങ്ങളും
 എന്നതായിരുന്നു അവളുടെ തീസിസ്സ്.
ഗ്രാൻ്റുകൾ, തുടങ്ങിവെക്കലുകൾ,
പെട്ടി നിറഞ്ഞുകിടക്കുന്ന കുറിപ്പെഴുത്തുകൾ.
ഇടയ്ക്ക് അവളുടെ മുത്തശ്ശി കാശ് അയച്ചുകൊടുക്കും.
കുളിമുറിയിലെ അലസമായ ചുവടുവെക്കലുകൾ,
ഗോഷ്ടികാണിക്കലുകൾ, കണ്ണാടിയ്ക്കു മുന്നിൽ
മണിക്കൂറുകളോളമിരിക്കുന്ന വെള്ളരിയ്ക്കജ്യൂസ്.
അവൾ പറയും, എന്തൊക്കെ
സംഭവിച്ചാലും ശരി പട്ടിണിയാകരുത്.
കരയുമ്പോൾ അവൾ പത്തൊമ്പതുകാരിപ്പോലെ.

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ (1929-2022): ജർമ്മൻ കവിയും പരിഭാഷകനും ബുദ്ധിജീവിയും. 1929ൽ സ്വാബിയ എന്ന ചെറുപട്ടണത്തിൽ ജനനം. ജർമ്മൻ സാഹിത്യത്തിലും തത്വചിന്തയിലും ഉപരിപഠനം. അദ്ദേഹത്തിൻ്റെ കൗമാരപ്രായത്തിലായിരുന്നു നാസി ജർമ്മനിയുടെ തകർച്ച. രണ്ടാം ലോകമഹായുദ്ധാനന്തര ജർമ്മൻ സമൂഹത്തിൽ ഹിറ്റ്ലർ അനുകൂലികളോടും അവസരവാദികളോടും എതിരിട്ടും ഇടപഴകിയും രൂപപ്പെട്ട ബൗദ്ധികജീവിതമായിരുന്നു എൻസെൻസ്ബെർഗറുടേത്. പലതരം വിഷയങ്ങളും ശൈലികളും കവിതയിൽ ഉപയോഗപ്പെടുത്തിയ ഹെൻസെൻസ്ബെർഗർ, രണ്ടാം ലോകമഹായുദ്ധാനന്തര ജർമ്മൻ കവിതയിൽ ഏറ്റവും പ്രധാനപ്പെട്ട സ്വരമായി കണക്കാക്കപ്പെടുന്നു. 2022 നവംബറിൽ അന്തരിച്ചു.

അടിക്കുറിപ്പുകൾ

ഫോക്സ്വാഗൺ: ഹിറ്റ്ലർ സ്ഥാപിച്ച ജർമ്മൻ വാഹനനിർമ്മാണ കമ്പനി. ജർമ്മൻ ഭാഷയിൽ ഫോക്സ്വാഗൺ എന്ന വാക്കിനർത്ഥം ജനങ്ങളുടെ കാർ എന്നാണ്.

ഹെർമൻ ഹെസ്സെ: ജർമ്മൻ-സ്വിസ് കവിയും നോവലിസ്റ്റും ചിത്രകാരനും. അദ്ദേഹത്തിൻ്റെ കൃതികൾ വ്യക്തികളുടെ ആത്മീയാന്വേഷണങ്ങളെ വിശകലനം ചെയ്തിരുന്നു.

പീറ്റർ ഹാൻഡ്കെ: ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തും വിവർത്തകനും.

ട്രോട്സ്കിസ്റ്റ്: ലോകം മുഴുവന്‍ വിപ്ലവം വന്നാലേ കമ്മ്യൂണിസം വിജയിക്കൂ എന്നു വാദിച്ച ലിയോണ്‍ ട്രാട്‌സ്‌കിയുടെ സിദ്ധാന്തം പിൻപറ്റുന്നവർ.

കമ്പൂച്ചിയ: വിമോചന പ്രത്യയശാസ്ത്രമായി പിറവിയെടുത്ത മാര്‍ക്‌സിസത്തെ വിധ്വംസകമായും മനുഷ്യവിരുദ്ധമായും പ്രയോഗിച്ച, തീവ്ര മാവോയിസ്റ്റായ പോള്‍ പോട്ട് എന്ന സ്വേഛാധിപതിക്കു കീഴിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കമ്പൂച്ചിയ.

ബാടിക്: വസ്ത്രങ്ങൾ ഡൈ ചെയ്യാൻ പ്രയോഗിക്കുന്ന ഒരു ഇന്തോനേഷ്യൻ രീതി.

സ്പർമാന്നിയ: മാൽവേസീ കുടുംബത്തിൽപ്പെട്ട ഒരു സസ്യം. ഉഷ്ണമേഖലകളിൽ കൂടുതലായി കാണപ്പെടുന്നു.
« »