രണ്ട് ഹ്രസ്വഭാഷണങ്ങൾ

രണ്ട് ഹ്രസ്വഭാഷണങ്ങൾ

ആൻ കാർസൻ
ആൻ കാർസൻ

മോണോലിസയെക്കുറിച്ച്


എന്നും അയാൾ അയാളുടെ ചോദ്യം അവളിലേക്ക് പകർന്നുകൊണ്ടിരുന്നു, ഒരു വീപ്പയിലെ വെള്ളം നിങ്ങൾ മറ്റൊരു വീപ്പയിലേക്ക് പകരുന്ന മാതിരി, പിന്നീട് നേരെ തിരിച്ചും. അയാൾ അയാളുടെ അമ്മയെ, കാമുകിയെ, അങ്ങനെ ആരെയൊക്കെയോ ആണ് വരച്ചുകൊണ്ടിരുന്നതെന്നു മാത്രം എന്നോട് പറഞ്ഞേക്കരുത്. വെള്ളം ഒരു വീപ്പയിൽ നിന്നൊഴിയുകയും മറ്റേ വീപ്പയിൽ ഇല്ലാതിരിക്കുകയും ചെയ്യുന്ന നിമിഷമുണ്ട് — എത്ര കലശലായ ദാഹമാണത്, കാൻവാസ് പൂർണ്ണമായും ഒഴിയുമ്പോൾ നിർത്താം എന്നായിരുന്നു അയാൾ ഉദ്ദേശിച്ചിരുന്നത്. പക്ഷേ സ്ത്രീകൾ ശക്തരാണ്. വീപ്പകളെ അവൾക്കറിയാം, വെള്ളം അവൾക്കറിയാം, അടങ്ങുന്ന ദാഹമെന്തെന്നും അവൾക്കറിയാം.

വെള്ളംകടക്കാതാക്കുന്നതിനെക്കുറിച്ച്


ഫ്രാൻസ് കാഫ്ക ജൂതനായിരുന്നു. അയാൾക്കൊരു സഹോദരി ഉണ്ടായിരുന്നു, ഓട്ട്‌ല, ജൂത. ഓട്ട്‌ല ഒരു നിയമജ്ഞനെ വിവാഹം കഴിച്ചു, ജോസഫ് ഡേവിഡ്, അയാൾ ജൂതനായിരുന്നില്ല. 1942-ൽ ന്യൂറംബർഗ് നിയമങ്ങൾ ബൊഹീമിയ-മൊറാവിയയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ, ശാന്തയായ ഓട്ട്‌ല ജോസെഫ് ഡേവിഡിനോട് വിവാഹമോചനം നിർദേശിച്ചു. അയാൾ ആദ്യം അത് എതിർത്തു. കിടപ്പുരീതികൾ, സ്വത്ത്, അവരുടെ രണ്ട് പെണ്മക്കൾ എന്നിവയ്ക്കൊപ്പം യുക്തിയ്ക്ക് നിരക്കുന്ന സമീപനവും അവൾ മുന്നോട്ടുവെച്ചു. ഓഷ്‌വിറ്റ്സ് എന്ന് അവൾ സൂചിപ്പിക്കുകയുണ്ടായില്ല, കാരണം ആ നേരത്ത് അവൾ അറിഞ്ഞിരുന്നില്ല ആ വാക്ക്, 1943 ഒക്റ്റോബറിൽ അവിടെ അവൾ മരിക്കുമെന്നും. അപ്പാർട്ട്മെൻ്റിലെ എല്ലാം നേരെയാക്കിവെച്ച ശേഷം അവൾ തോൾസഞ്ചി പൊതിഞ്ഞെടുക്കുകയും ജോസഫ് ഡേവിഡ്, അവളുടെ ഷൂ മിനുക്കിക്കൊടുക്കുകയും ചെയ്തു. അയാൾ മെഴുകിൻ്റെ ഒരു പാളിതന്നെ ലേപനം ചെയ്തിരുന്നു. ഇപ്പോൾ ഇതിൽ വെള്ളം കടക്കില്ല, അയാൾ പറഞ്ഞു.

"On the Mona Lisa" and "On Waterproofing" by Anne Carson from Plainwater: essays and poetry

ആൻ കാർസൻ (ജനനം 1950-): കനേഡിയൻ കവിയും എഴുത്തുകാരിയും പരിഭാഷകയും. ഗ്രിഫിൻ പോയട്രി പ്രൈസ്, ലന്നൻ സാഹിത്യ പുരസ്കാരം, ടി. എസ്. എലിയറ്റ് പുരസ്കാരം, പെൻ/നബോകോവ് പുരസ്കാരം തുടങ്ങിയ നേടിയിട്ടുണ്ട്.
« »