ദുഃഖത്തിൻ്റെ പക്ഷി
ഒരു വെടിയുണ്ട
എൻ്റെ കഴുത്തിലൂടെ കടന്നുപോകുന്നു.
എൻ്റെ ചിറകുകളിലൂടെ എൻ്റെ രക്തം
സംസാരിക്കാൻ തുടങ്ങുന്നു.
വേട്ടക്കാരന് അറിയില്ല
അയാളുടെ മക്കളുടെ അത്താഴം
എല്ലാവരെയും അലട്ടുമെന്ന്.
വേട്ടക്കാരന് അറിയില്ല
എൻ്റെ മക്കളിപ്പോൾ
വിശന്നിരിക്കുകയാണെന്നും
എങ്ങോട്ടെന്നില്ലാതെ ഞാൻ
പറത്തം തുടരുമെന്നും.
വേട്ടക്കാരന് അറിയില്ല
കാലങ്ങളോളം അവരുടെ ഉദരത്തിൽ
ഞാൻ പറന്നുകൊണ്ടേയിരിക്കുമെന്നും
അയാളുടെ മക്കൾ പതിയെ
കൂട്ടിലടയ്ക്കപ്പെടുമെന്നും.
'The Bird of Sorrow' by Garous Abdolmalekian from Lean Against This Late Hour
സംശയങ്ങളും ആശങ്കയും
നിൻ്റെ നാമത്തിൽ പോലും
എനിക്ക് സംശയങ്ങളുണ്ട്
മരങ്ങളെക്കുറിച്ചും അതിൻ്റെ
ചില്ലകളെക്കുറിച്ചും, ഒരുപക്ഷേ
അവ വേരുകളായിരിക്കാം
ഇക്കാലമത്രയും നമ്മൾ
ജീവിച്ചുകൊണ്ടിരുന്നത്
ഭൂമിക്കടിയിലും.
ലോകത്തിന്
സ്ഥാനമാറ്റമുണ്ടാക്കിയത് ആരാണ്?
നമ്മുടെ വയറുകളിൽ കിളികൾ
വട്ടമിടുന്നതെന്തിനാണ്?
എൻ്റെ ജനനം ഒരു ഗുളിക
നീട്ടിവെയ്ക്കുന്നത് എന്തിനാകും?
ഇക്കാലമത്രയും നമ്മൾ
ജീവിച്ചുകൊണ്ടിരുന്നത്
ഭൂമിക്കടിയിലാകുന്നു.
ഒരുപക്ഷേ ഒരു നാൾ
എൻ്റെ എഴുപതുകളിൽ ഞാൻ ജനിക്കും,
നമ്മളെല്ലാം ധരിക്കാൻ പോകുന്ന
വസ്ത്രമാണ് മരണമെന്നു ഞാനറിയും,
അതിൻ്റെ കുടുക്കുകൾ ഒന്നുകിൽ
നമുക്കിടാം അല്ലെങ്കിൽ ഇടാതിരിക്കാം.
ഒരാൾ കൈ തെരുത്തുകയറ്റിവെച്ചേക്കും
അതല്ലെങ്കിൽ അയാൾ...
ചുവരുകൾക്കപ്പുറത്തെ ഋതുക്കളെക്കുറിച്ചുള്ള
തടവിലാക്കപ്പെട്ടവൻ്റെ ഊഹങ്ങളാകുന്നു ഞാൻ.
'Doubts and a Hesitation' by Garous Abdolmalekian from Lean Against This Late Hour
കാട്
അടഞ്ഞ കണ്ണുകൾ
വിശാലമായി തുറക്കപ്പെടുന്നു,
ഭൂദൃശ്യത്തെ വിപുലമാക്കുന്ന
യവനികയാകുന്നു കൺപോളകൾ.
നദി നിന്നിലൂടെ അരിച്ചെടുക്കപ്പെടട്ടെ,
അതിൻ്റെ മണൽ നിൻ്റെ തളർച്ചയിലേക്ക്
എക്കൽ കൊണ്ടിടട്ടെ,
നീ മരണത്തിൻ്റെ ജീവിക്കുന്ന ഭാഗമാകട്ടെ,
നിൻ്റെ ആഴങ്ങളിൽ
വേരുകൾക്ക് പ്രത്യാശയുണ്ടാകട്ടെ.
കാടേ,
ഒരായിരം വഴികളിലൂടെ
ഭൂമിയിൽ പലായനം ചെയ്യുന്ന
ഒരൊറ്റ മരമാകുന്നു നീ.
'Forest' by Garous Abdolmalekian from Lean Against This Late Hour
ഗരൗസ് അബ്ദൊൽമലെക്യൻ (1980-): ഇറാനിയൻ കവി. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ടെഹ്റാനിൽ ജനനം. അഞ്ചിലേറെ കവിതാസമാഹാരങ്ങൾ. ഇറാനിയൽ യൂത്ത് പോയട്രി ബുക്ക് പ്രൈസ് ലഭിച്ചിട്ടുണ്ട്.