— എനിക്ക് ആകാശം വരയ്ക്കണം.
— വരയ്ക്കൂ, കുഞ്ഞേ.
— വരച്ചു.
— എന്തിനാ ചായങ്ങൾ ഇങ്ങനെ
പരത്തി പൂശിയിരിക്കുന്നേ?
— ആകാശത്തിന് അറ്റമില്ലല്ലോ.
— എനിക്ക് ഭൂമി വരയ്ക്കണം.
— വരയ്ക്കൂ, കുഞ്ഞേ.
— വരച്ചു.
— അല്ല, ഇതാരാണ്?
— എന്റെ കൂട്ടുകാരി.
— അപ്പോ ഭൂമിയോ?
— ഭൂമി അവളുടെ തോള്‍സഞ്ചിയിൽ.
— എനിക്ക് ചന്ദ്രനെ വരയ്ക്കണം.
— വരയ്ക്കൂ, കുഞ്ഞേ.
— പറ്റുന്നില്ല.
— അതെന്താ?
— ഓളങ്ങളിൽ അത് ചിതറുന്നു.
— എനിക്ക് സ്വർഗം വരയ്ക്കണം.
— വരയ്ക്കൂ എന്റെ കുഞ്ഞേ.
— വരച്ചു.
— ഇതിൽ നിറങ്ങളൊന്നും കാണാനില്ലല്ലോ?
— സ്വർഗത്തിനു നിറമില്ലല്ലോ.
— എനിക്ക് യുദ്ധം വരയ്ക്കണം.
— വരയ്ക്കൂ, കുഞ്ഞേ.
— വരച്ചു.
— എന്താണ് ഈ വട്ടം?
— ഒന്നൂഹിച്ചു പറഞ്ഞേ.
— ചോരത്തുള്ളിയാണോ?
— അല്ല.
— വെടിയുണ്ട?
— അല്ലേയല്ല.
— പിന്നെയെന്താണ്?
— വെളിച്ചങ്ങൾ കെടുത്തുന്ന ബട്ടൺ.
"The Artist Child" by Dunya Mikhail from The War Works Hard.
ദുന്യ മിഖെയിൽ (ജനനം 1965): ഇറാഖിലെ ബാഗ്ദാദിൽ ജനനം. കവിയും പരിഭാഷകയും. സദ്ദാം ഹുസ്സൈൻ്റെ ശത്രുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് 1990കളിൽ അമേരിക്കയിലേക്ക് കുടിയേറി. അറബിയിലും ഇംഗ്ലീഷിലും എഴുതുന്നു.