ഇല മണ്ണിലേക്ക് വീണ് ദ്രവിച്ചുവിഘടിച്ച്
ചെറിയ അർത്ഥങ്ങളാകുന്നു—
ഈർപ്പം, നിറം, പാളി, ഓക്സിജൻ, ചൂട്, വെളിച്ചം;
ഒരാൾ അതിൻ്റെ മുഴുവൻ പേര് ഒരു അപരിചിതനോട്
ഉച്ചരിക്കുന്നമട്ടിൽ: കാർ-ബൺ-ഡൈ-ഓക്‌സ്-സൈഡ്.
മുന്നോട്ടുള്ള പോക്കിൽ ഒന്നും നഷ്ടമാകുന്നില്ല,
രാത്രിമഴയുമൊത്തുള്ള അതിൻ്റെ സംസാരമായാലും
കിളികളിൽ നിന്നുള്ള പറക്കലിൻ്റെ പാഠമായാലും:
അതെല്ലാം ദ്രവിച്ചു ചെറുഘടകങ്ങളാകുകയും
ഉറുമ്പുകളും കാടിൻ്റെ നിശബ്ദവായയും
നേരെയതിനെ സ്വാംശീകരിക്കുകയും ചെയ്യുന്നു.
അതുകൊണ്ടാണ് കാറ്റിൻ്റെ ഭാഷയ്ക്കും
ഭൂമിയ്ക്കടിയിൽ വന്നു സംസാരിക്കാനാകുന്നത്.
അതുകൊണ്ടാണ് പുഴുക്കൾ
ചിറകുകളുടുത്ത് നോക്കുന്നതും
പറന്നകലുന്നതും ശലഭമാകുന്നതും.
സകലതിലും കാര്യമുണ്ട്.
എല്ലാം പറക്കലിലേക്ക് രൂപാന്തരപ്പെട്ടിരിക്കുന്നു
കേവലമൊരു ഇല മണ്ണിലേക്ക് വീഴുമ്പോൾ.
'Semantics and Nutrition' by Gemma Gorga
ഗെമ്മ ഗോർഗ (ജനനം 1968-): സ്പെയിനിൽ നിന്നുള്ള കാറ്റലൻ ഭാഷയിലെ സമകാലീന കവികളിൽ പ്രധാനി. ഏഴിലേറെ കവിതാസമാഹാരങ്ങൾ. മിഗ്വൽ ഡി പലോൾ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ചെലവഴിച്ച കാലത്തെക്കുറിച്ച് 'ഇൻഡിവിസിബിൾ' എന്നൊരു ഗദ്യസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.