അവരുറങ്ങുമ്പോൾ
യുദ്ധമൊന്നും അപ്പോൾ അവരിലില്ല.
സ്വർഗ്ഗം പകർന്ന സ്വച്ഛതാളത്തിൽ
കൈകൾ വിടർത്തി
അവർ ശ്വാസമെടുക്കുന്നു.
കൊച്ചുകുഞ്ഞുങ്ങളെപ്പോലെ
അവർ ചുണ്ടുകൂർപ്പിക്കുന്നു
കൈകൾ പാതി തുറക്കുന്നു,
സൈനികരും രാജ്യതന്ത്രജ്ഞരും
സേവകരും യജമാനന്മാരും
അങ്ങനെ എല്ലാവരും.
നക്ഷത്രങ്ങൾ കാവലാകുന്നു
മൂടല്‍മഞ്ഞ് വാനിൽ മൂടുപടമിടുന്നു,
ആരും ആരെയും ദ്രോഹിക്കാത്ത
ഏതാനും മണിക്കൂറുകൾ.
നമ്മുടെ മനസ്സ് പാതിവിടർന്ന
പൂക്കളാകുന്ന ആ സമയത്താണ്
നമുക്ക് മറ്റൊരാളോട്
സംസാരിക്കാനാകുന്നുള്ളൂ
എന്ന് വരികയാണെങ്കിൽ,
വാക്കുകൾ
പൊൻതേനീച്ചകളെപ്പോലെ
ഒഴുകിവന്നേനെ — ദൈവമേ,
ഉറക്കത്തിന്റെ ഭാഷയെനിക്ക്
പഠിപ്പിച്ചു തന്നാലും.
സ്കൈലാബ്
ബഹിരാകാശനിലയത്തിൽ
അയാളുടെ മൂന്നാമത്തെ ആഴ്ചയിൽ
നീന്തിയൊഴുകുമ്പോൾ
ബഹിരാകാശയാത്രികൻ ആലോചിച്ചു,
അറിയാതെയാണെങ്കിലും
ഒരു ദൈവത്തിന്റെ കണ്ണിൽ തട്ടുകയുണ്ടായി
— അത്രത്തോളമെത്തിയിരിക്കുന്നു,
മുകളിലും താഴെയുമെന്നുള്ള
വേർതിരിവ് ഇനിയില്ല,
തെക്കും വടക്കുമില്ല,
ഭാരവും ഭാരക്കുറവുമില്ല.
ഇങ്ങനെയെങ്കിൽ എങ്ങനെയാകും
ശരിയായതെന്തെന്ന് നമ്മൾ അറിയുന്നത്.
അത്രത്തോളമെത്തിയിരിക്കുന്നു.
ഭാരമില്ലായ്മ, അടച്ചുറപ്പിച്ചിട്ട മുറിയിൽ
സൂര്യോദയങ്ങളെ അതിവേഗത്തിൽ
നമ്മൾ പിന്തുടരുന്നു.
ചെടികളുടെ പച്ചപ്പ് കാണാനും കൈയ്യിൽ
കല്ലെടുത്തു ഉയർത്തുന്നത് പോലുള്ള
ആയാസമറിയാനുമുള്ള ആഗ്രഹത്താൽ
ആകെ വല്ലാതെയായിരിക്കുന്നു.
തുറന്നുകിടക്കുന്ന
കണ്ണുപോലെയാണ് ഭൂമിയെന്ന്
ഒരു രാത്രി അയാൾ കണ്ടറിഞ്ഞു
പാതിരാത്രിയുണർന്ന
കുഞ്ഞിന്റെ കണ്ണുപോലെ
അത് അവനെ നോക്കി,
ഉത്കണ്ഠയോടെ.
കാവൽ മാലാഖ
ചിറകടിക്കുന്ന പക്ഷിയാണ് ഞാൻ,
നീയൊരിക്കലും അറിയാത്ത
നിൻ്റെ ഉറ്റമിത്രം, അന്ധനുവേണ്ടി
പ്രകാശിക്കുന്ന പൂങ്കുല.
കാടിൻ്റെ ഉച്ചിയിൽ വിളറിവെളുത്ത
കോടമഞ്ഞിൻ്റെ തിളക്കമാണ് ഞാൻ,
പള്ളിമേടയിൽ നിന്നുള്ള ഒച്ചയും ഞാൻ.
നടുച്ചയ്ക്ക് പൊടുന്നനെ നിന്നിലെത്തി
വിശിഷ്‌ടമായൊരാനന്ദം പകരുന്ന ചിന്ത.
കാലങ്ങളായി നീ സ്നേഹിച്ചയാളാണ് ഞാൻ.
എന്നുമെപ്പോഴും കൂടെ നടന്ന്
നിന്നെയുറ്റുനോക്കി നിൻ്റെ ഹൃദയത്തോട്
ഞാനെൻ്റെ ചുണ്ടുചേർക്കുന്നു,
നീയതറിയുന്നില്ലയെങ്കിലും.
ഞാൻ നിൻ്റെ മൂന്നാം കൈ,
രണ്ടാം നിഴൽ — നീയൊരിക്കലും
സമ്മതിക്കാത്ത, നിന്നെയൊരിക്കലും
മറക്കാനാകാത്ത, വെളുത്തനിഴൽ.
റോൾഫ് ജേക്കബ്സെൻ (1907–1994): നോർവ്വെയിലെ ആദ്യത്തെ ആധുനിക കവിയായി കണക്കാക്കപ്പെടുന്നു. ഇരുപതിലേറെ ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.