വസ്തുക്കൾ

വസ്തുക്കൾ

ലിസെൽ മ്യുള്ളെർ
ലിസെൽ മ്യുള്ളെർ

എന്താണ് സംഭവിച്ചതെന്നാൽ,
നമ്മൾ കൂടുതൽ തനിച്ചായി
വസ്തുക്കൾക്കിടയിൽ ജീവിക്കുകയായി,
അങ്ങനെ നമ്മൾ ക്ലോക്കിന് മുഖം നൽകി,
കസേരയ്ക്ക് ഒരു മുതുകും
മേശയ്ക്ക് ബലമുള്ള നാല് കാലും നൽകി,
അവയൊരിക്കലും ക്ഷീണമറിയുകയുമില്ല.

ഷൂവുകളിൽ നമ്മുടേത് പോലെ മൃദുവായ
ചേർച്ചയുള്ള നാവുകൾ ചേർത്തുവെച്ചു,
മണികൾക്കുള്ളിൽ നാവുകൾ തൂക്കിയിട്ടു,
അങ്ങനെ നമുക്ക് അവരുടെ
വൈകാരികഭാഷയ്ക്ക്
കാതോർക്കാമെന്നായി,

ഭംഗിയുള്ള രൂപങ്ങൾ നമുക്ക് ഇഷ്ടമായതിനാൽ
മൺകുടത്തിന് ചുണ്ടുകൾ ലഭിച്ചു,
കുപ്പിയ്ക്കു നീണ്ടു മെലിഞ്ഞ കഴുത്തും.

നമുക്കപ്പുറമുള്ളത് പോലും
നമ്മുടെ പ്രതിച്ഛായയിൽ
ഉടച്ചുവാർക്കപ്പെട്ടു;
രാഷ്ട്രത്തിനു നമ്മൾ ഹൃദയം നൽകി,
കൊടുങ്കാറ്റിനു കണ്ണ്,
ഗുഹയ്ക്ക് ഒരു വായ,
അങ്ങനെ നമുക്കതിലൂടെ
സുരക്ഷിതമാകാമെന്നായി.

"Things" by Lisel Mueller from Alive Together: New and Selected Poems

ലിസെൽ മ്യുള്ളെർ (1924-2020): ജർമ്മൻ-അമേരിക്കൻ കവിയും പരിഭാഷകയും. കവിതയ്ക്കുള്ള നാഷണൽ ബുക്ക് അവാർഡ്, പുലിറ്റ്സർ പ്രൈസ്, കാൾ സാൻഡ്ബർഗ് അവാർഡ് തുടങ്ങിയ ലഭിച്ചിട്ടുണ്ട്. എലൈവ് റ്റുഗദർ പ്രധാന പുസ്തകം.
പൊരുത്തപ്പെടൽ

പൊരുത്തപ്പെടൽ

റാഫേൽ കഡേനാസ്
റാഫേൽ കഡേനാസ്
കവിതേ, നമുക്കൊരു യോജിപ്പിലെത്താം.
നീ അർത്ഥമാക്കാത്ത കാര്യങ്ങൾ പറയാൻ
ഞാൻ നിന്നെ നിർബന്ധിക്കില്ല,
എൻ്റെ ആഗ്രഹങ്ങളോട് നിനക്ക്
ഇഷ്‌ടക്കേടുണ്ടാകാനും ഇടവരില്ല.
നമ്മളിരുവരും ഏറെ പോരടിച്ചിരിക്കുന്നു.
എനിക്ക് അറിവില്ലാത്ത പലതും
നിനക്ക് അറിയാമെന്നിരിക്കെ
എന്നെപ്പോലെയായിരിക്കാൻ
നീ ശഠിക്കുന്നതെന്തിന്?
എന്നിൽ നിന്നും വിടുതൽ നേടി
അകന്നു പോകൂ,
പിന്തിരിഞ്ഞു നോക്കാതിരിക്കൂ.
സമയം കളയാതെ വേഗം രക്ഷപ്പെടൂ.
നോക്കൂ, എപ്പോഴും നീ
എന്നെയും കവിഞ്ഞ് നിൽക്കാറുണ്ട്,
നിന്നെ പ്രചോദിപ്പിക്കുന്നത്
എങ്ങനെ പറയണമെന്ന് നിനക്കറിയാം,
എനിക്കതറിയില്ല,
കാരണം നീ നിന്നെയും കവിയുന്നു,
നിന്നിൽ സ്വയം അംഗീകരിക്കപ്പെടാൻ
ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.
എനിക്ക് പലവിധ മോഹങ്ങളുണ്ട്
നിനക്ക് അങ്ങനെയൊന്നുമില്ല,
കടന്നുപോകുന്ന കൈകളേതെന്ന് നോക്കാതെ
നീ നിൻ്റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നു,
നീ കൈവിട്ടുപോകുമ്പോൾ അത് കരുതുന്നു
നിന്നെയത് സ്വന്തമാക്കിയിട്ടുണ്ടെന്ന്,
എഴുന്നുനിൽക്കുന്ന ഒരു വസ്തുപോലെ.
എഴുതുന്നയാളെ നിൻ്റെ ദിശയിലേക്ക്
നിർബന്ധിച്ച് കൊണ്ടുവരൂ,
അയാൾക്കാകെ അറിയാവുന്നത്
എങ്ങനെ ഒളിപ്പിക്കാമെന്നും
പുതിയതിനെ മറച്ചുവെക്കാമെന്നും
എങ്ങനെ ഒന്നുമില്ലാതാക്കാമെന്നുമാണ്.
അയാൾ കാണിച്ചുതരുന്നത്
ആവർത്തിച്ചു പഴകി തളർന്നതിനെയാണ്.

കവിതേ,
നിന്നിൽ നിന്നും എന്നെ
അകറ്റി നിർത്തിയാലും.

“Las Paces” by Rafael Cadenas

റാഫേൽ കഡേനാസ് (1930-): വെനസ്വേലൻ കവിയും പരിഭാഷകനും. മിഗ്വേൽ ഡെ സെർവാന്റെസ് പ്രൈസ്, സാഹിത്യത്തിനുള്ള ദേശീയ പുരസ്കാരം, കവിതയ്ക്കുള്ള ഹുവാൻ അന്തോണിയോ പെരെസ് ബൊനാൾഡെ അന്താരാഷ്ട്ര പുരസ്കാരം, ഗാർസിയ ലോർക്ക പ്രൈസ് തുടങ്ങിയ ലഭിച്ചിട്ടുണ്ട്.
ശുചിമുറിച്ചുവരുകളിൽ കവികൾ

ശുചിമുറിച്ചുവരുകളിൽ കവികൾ

അഘ ഷാഹിദ് അലി
അഘ ഷാഹിദ് അലി

നമ്മൾ മില്ലർ ലൈറ്റ്സ് മൊത്തിക്കുടിക്കുമ്പോൾ
നീ പറഞ്ഞു, ഒരു ഇടവേള ആവശ്യമെന്ന്.
പ്രിയപ്പെട്ടവളേ, നീ പോയി, ഞാൻ നിന്നും
പെണ്ണുങ്ങൾ ഇരുന്നും കാര്യം സാധിക്കുന്ന
ഒഴിഞ്ഞുനിൽക്കും ഇടങ്ങളിലേക്ക്.

നീ തിരിച്ചെത്തുന്നത് ആരുടെയോ ചുവരെഴുത്ത്
മനപാഠമാക്കിക്കൊണ്ടായിരുന്നു:

"ഞാൻ തനിച്ചാണെന്നത് ലോകമൊട്ടാകെ
വെളിപ്പെട്ട കാര്യം. ഓരോ ദിവസമൊടുങ്ങുമ്പോഴും
എൻ്റെ ചുണ്ടിലെ തിളക്കം അതേപടിതന്നെ."

അതിനുള്ള മറുപടി മറ്റാരോ കുത്തിക്കുറിച്ചിരുന്നു, ചുവപ്പിൽ:

"നിന്റെ ദുഃഖത്തിന്റെ സാക്ഷ്യം രഹസ്യദൂതർ തന്നിരിക്കുന്നു.
ലോകമൊട്ടാകെ കണ്ടിട്ടും ഞാൻ നിന്നെ കണ്ടില്ലല്ലോ"

ആണുങ്ങളുടേതിൽ നിന്നും ഒന്നും കിട്ടാതെ
മടങ്ങിവന്ന ഞാൻ നിന്നോട് പറയുന്നു,
ആ രണ്ടുപെണ്ണുങ്ങളും കണ്ടുമുട്ടണം
എന്നതാണെൻ്റെ ആഗ്രഹമെന്ന്.
എനിക്കവർ കണ്ടുമുട്ടിയേ തീരൂ
അതിപ്പോൾ ലോകമതെങ്ങനെയായാലും.

(നാൻസി മക്ഗാർട്ട്ലാൻഡിന്)

"Poets on Bathroom Walls" from The Veiled Suite: The Collected Poems by Agha Shahid Ali

അഘ ഷാഹിദ് അലി (1949-2001): കാശ്മീരി-അമേരിക്കൻ കവി. 1949 ഫെബ്രുവരി നാലിന് ന്യൂ ഡൽഹിയിൽ ജനിച്ച് കാശ്മീരിൽ വളർന്ന അഘ ഷാഹിദ് അലി, കശ്മീരിലും ഡെൽഹി സർവകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കി. 1984ൽ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും പി.എച്.ഡി. നേടി. 1985ൽ അരിസോണ സർവ്വകലാശാലയിൽ നിന്നും എം.എഫ്.എ. നേടി. ഇന്ത്യയിലെയും യു.എസിലെയും സർവകലാശാലകളിൽ അദ്ധ്യാപകൻ ആയിരുന്നു.
മുപ്പത്തിമൂന്നിൽ

മുപ്പത്തിമൂന്നിൽ

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ

— ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ

അവൾ പ്രതീക്ഷിച്ചിരുന്നതുപോലെയല്ലായിരുന്നു ഒന്നും.
എല്ലായിപ്പോഴും ആ തുരുമ്പെടുക്കുന്ന ഫോക്സ്വാഗണുകൾ.
ഒരിക്കൽ ആ റൊട്ടിക്കടക്കാരനുമായുള്ള
കല്യാണം വരെയെത്തിയിരുന്നു കാര്യങ്ങൾ.
ആദ്യമൊക്കെ അവൾ ഹെസ്സെയെ വായിച്ചു,
പിന്നീട് ഹാൻഡ്കെയേയും.
ഇപ്പോൾ വല്ലപ്പോഴും കിടക്കയിൽക്കിടന്ന്
പദപ്രശ്നം പൂരിപ്പിക്കുന്നു.
അവളിൽ ഒരാണും സ്വാതന്ത്ര്യമെടുത്തില്ല.
വർഷങ്ങളോളം അവൾ ട്രോട്സ്കിസ്റ്റായിരുന്നു,
അവളുടേതായ രീതിയിലായിരുന്നെന്നുമാത്രം.
അവൾ റേഷൻകാർഡ് കൈകാര്യം ചെയ്തിരുന്നില്ല.
കമ്പൂച്ചിയയെപ്പറ്റി ചിന്തിക്കുമ്പോളൊക്കെയും
അവൾക്ക് വല്ലാതെയാകുന്നു.
അവളുടെ ഒടുവിലത്തെ കാമുകൻ, ആ പ്രൊഫസ്സർ,
എപ്പോഴും അവളോട് തന്നെ അടിക്കാൻ ആവശ്യപ്പെട്ടു.
പച്ചനിറത്തിലുള്ള ബാതിക് വസ്ത്രങ്ങൾ
അവൾക്ക് വലിപ്പമേറിയതായിരുന്നു.
അവളുടെ സ്പർമാന്നിയയിലുണ്ട് പ്രാണികൾ.
അവൾ ശരിക്കും ചിത്രം വരയ്ക്കാൻ ആഗ്രഹിച്ചു,
അതല്ലെങ്കിൽ കുടിയേറിപ്പോകണമെന്ന്.
1500 മുതൽ 1512 വരെയുള്ള ഉൽമ് നഗരത്തിലെ
വർഗ്ഗസമരങ്ങളും നാടൻപാട്ടുകളിലെ അതിൻ്റെ
പരാമര്‍ശങ്ങളും
 എന്നതായിരുന്നു അവളുടെ തീസിസ്സ്.
ഗ്രാൻ്റുകൾ, തുടങ്ങിവെക്കലുകൾ,
പെട്ടി നിറഞ്ഞുകിടക്കുന്ന കുറിപ്പെഴുത്തുകൾ.
ഇടയ്ക്ക് അവളുടെ മുത്തശ്ശി കാശ് അയച്ചുകൊടുക്കും.
കുളിമുറിയിലെ അലസമായ ചുവടുവെക്കലുകൾ,
ഗോഷ്ടികാണിക്കലുകൾ, കണ്ണാടിയ്ക്കു മുന്നിൽ
മണിക്കൂറുകളോളമിരിക്കുന്ന വെള്ളരിയ്ക്കജ്യൂസ്.
അവൾ പറയും, എന്തൊക്കെ
സംഭവിച്ചാലും ശരി പട്ടിണിയാകരുത്.
കരയുമ്പോൾ അവൾ പത്തൊമ്പതുകാരിപ്പോലെ.

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ (1929-2022): ജർമ്മൻ കവിയും പരിഭാഷകനും ബുദ്ധിജീവിയും. 1929ൽ സ്വാബിയ എന്ന ചെറുപട്ടണത്തിൽ ജനനം. ജർമ്മൻ സാഹിത്യത്തിലും തത്വചിന്തയിലും ഉപരിപഠനം. അദ്ദേഹത്തിൻ്റെ കൗമാരപ്രായത്തിലായിരുന്നു നാസി ജർമ്മനിയുടെ തകർച്ച. രണ്ടാം ലോകമഹായുദ്ധാനന്തര ജർമ്മൻ സമൂഹത്തിൽ ഹിറ്റ്ലർ അനുകൂലികളോടും അവസരവാദികളോടും എതിരിട്ടും ഇടപഴകിയും രൂപപ്പെട്ട ബൗദ്ധികജീവിതമായിരുന്നു എൻസെൻസ്ബെർഗറുടേത്. പലതരം വിഷയങ്ങളും ശൈലികളും കവിതയിൽ ഉപയോഗപ്പെടുത്തിയ ഹെൻസെൻസ്ബെർഗർ, രണ്ടാം ലോകമഹായുദ്ധാനന്തര ജർമ്മൻ കവിതയിൽ ഏറ്റവും പ്രധാനപ്പെട്ട സ്വരമായി കണക്കാക്കപ്പെടുന്നു. 2022 നവംബറിൽ അന്തരിച്ചു.

അടിക്കുറിപ്പുകൾ

ഫോക്സ്വാഗൺ: ഹിറ്റ്ലർ സ്ഥാപിച്ച ജർമ്മൻ വാഹനനിർമ്മാണ കമ്പനി. ജർമ്മൻ ഭാഷയിൽ ഫോക്സ്വാഗൺ എന്ന വാക്കിനർത്ഥം ജനങ്ങളുടെ കാർ എന്നാണ്.

ഹെർമൻ ഹെസ്സെ: ജർമ്മൻ-സ്വിസ് കവിയും നോവലിസ്റ്റും ചിത്രകാരനും. അദ്ദേഹത്തിൻ്റെ കൃതികൾ വ്യക്തികളുടെ ആത്മീയാന്വേഷണങ്ങളെ വിശകലനം ചെയ്തിരുന്നു.

പീറ്റർ ഹാൻഡ്കെ: ഓസ്ട്രിയൻ നോവലിസ്റ്റും നാടകകൃത്തും വിവർത്തകനും.

ട്രോട്സ്കിസ്റ്റ്: ലോകം മുഴുവന്‍ വിപ്ലവം വന്നാലേ കമ്മ്യൂണിസം വിജയിക്കൂ എന്നു വാദിച്ച ലിയോണ്‍ ട്രാട്‌സ്‌കിയുടെ സിദ്ധാന്തം പിൻപറ്റുന്നവർ.

കമ്പൂച്ചിയ: വിമോചന പ്രത്യയശാസ്ത്രമായി പിറവിയെടുത്ത മാര്‍ക്‌സിസത്തെ വിധ്വംസകമായും മനുഷ്യവിരുദ്ധമായും പ്രയോഗിച്ച, തീവ്ര മാവോയിസ്റ്റായ പോള്‍ പോട്ട് എന്ന സ്വേഛാധിപതിക്കു കീഴിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കമ്പൂച്ചിയ.

ബാതിക്: വസ്ത്രങ്ങൾ ഡൈ ചെയ്യാൻ പ്രയോഗിക്കുന്ന ഒരു ഇന്തോനേഷ്യൻ രീതി.

സ്പർമാന്നിയ: മാൽവേസീ കുടുംബത്തിൽപ്പെട്ട ഒരു സസ്യം. ഉഷ്ണമേഖലകളിൽ കൂടുതലായി കാണപ്പെടുന്നു.
വാചകം

വാചകം

തദേവുഷ് ഡബ്രോവ്സ്കി

തദേവുഷ് ഡബ്രോവ്സ്കി
ഉണരുമ്പോൾ തടവറയിലാണെന്നു വരികയും നിങ്ങൾക്കറിയാത്ത ഭാഷയിലെഴുതിയ ഒരു വാചകമുള്ള തുണ്ടുകടലാസ്സ് കീശയിൽ കണ്ടെത്തുകയും ചെയ്യുന്ന പോലെയാകാം അത്.

ആ വാചകം നിങ്ങളുടെ ജീവിതത്തിലേക്കുള്ള താക്കോലാണെന്നു നിങ്ങളുറപ്പിക്കുന്നു. തടവറയുടെ താക്കോലും അതുതന്നെ.

അതിൻ്റെ അർത്ഥമറിയാൻ നിങ്ങൾ വർഷങ്ങളോളം ചെലവഴിക്കുന്നു, അങ്ങനെ ഒടുവിൽ നിങ്ങളത് മനസ്സിലാക്കുന്നു. എന്നാൽ മനസ്സിലാക്കിയിരുന്നത് തെറ്റായിരുന്നെന്ന് പിന്നീട് തിരിച്ചറിയുന്നു. അതിൻ്റെ അർത്ഥം തീർത്തും മറ്റൊന്നായിരുന്നു. അങ്ങനെ നിങ്ങൾക്കു രണ്ട് വാചകങ്ങളുണ്ടാകുന്നു.

പിന്നെയത് മൂന്നും നാലും പത്തുമായി പെരുകുന്നു, അവവെച്ചു നിങ്ങളൊരു പുതിയ ഭാഷയുണ്ടാക്കുന്നതുവരെ.

ആ ഭാഷയിൽ നിങ്ങളുടെ ജീവിതം നിങ്ങൾ നോവലായി എഴുതുന്നു. തടവറ തുറന്നുകിടക്കുകയായിരുന്നെന്ന കാര്യം പ്രായമാകുമ്പോഴാണ് നിങ്ങൾ ശ്രദ്ധിക്കുന്നത്.

നിങ്ങൾ പുറംലോകത്തേക്കിറങ്ങുന്നു. അതിൻ്റെ നീളവും വീതിയും നടന്നെടുക്കുന്നു, നിങ്ങൾക്കറിയാത്ത ഭാഷയിലെ ആ ഒരൊറ്റ വാചകത്തിനായി ആഗ്രഹിച്ചുകൊണ്ട്, ഒരു വന്മരത്തിൻ്റെ തണൽ വരെ.

'Sentence' by Tadeusz Dabrowski from The New Yorker (July 22, 2019, Issue)

തദേവുഷ് ഡബ്രോവ്സ്കി (ജനനം 1979): പോളിഷ് കവിയും നിരൂപകനും. ആറിലേറെ കവിതാസമാഹാരങ്ങൾ. യൂറോപ്പിലെ സമീപകാല കവികളിൽ ഏറ്റവും പ്രധാനി. ടോപോസ് എന്ന മാസികയുടെ എഡിറ്റർ.
»