
അച്ഛൻ പിന്നെയും പോയി,
തെരുവുകൾ വിജനമായി.
ആളുകളെല്ലാവരും അകത്ത്,
സ്റ്റവിന്റെ ചുടുവെട്ടത്തിൽ
റേഡിയോയും കേട്ടിരിക്കുന്നു.
ഞങ്ങളുടെ ബൂട്ടുകൾക്കടിയിൽ
തണുപ്പിന്റെ ഞരക്കം. കാറ്റത്ത്
ഏന്തിവലിഞ്ഞ് ഞങ്ങളുടെ നടത്തം.
കാറ്റെന്റെ ഉടുപ്പിനുള്ളിലേക്ക്
മഞ്ഞ് തള്ളിക്കയറ്റുകയാണ്.
തന്റെ പഴഞ്ചൻ രോമക്കോട്ട് തുറന്ന്
അമ്മയെന്നെ അണച്ചുപിടിക്കുന്നു,
അമ്മയുടെ മണമെന്നെ പൊതിയുന്നു,
വയറ്റത്തെ ചൂടിലെന്റെ തലയുടെ
പിൻവശം അമരുന്നു.
ഞാൻ താഴേക്ക് നോക്കുംനേരം
കാണുന്നു ഞങ്ങളുടെ പാദങ്ങൾ,
അമ്മയുടേതിനിടയിൽ എന്റേത്,
ഒരു മൃഗം തുറസ്സ് താണ്ടും കാൽപ്പാട്,
അസാധാരണം ഈ രാത്രിയിൽ,
വീടിനുനേരെയായി.
'Mother and I, Walking' by Lorna Crozier
ലോർണ ക്രോസിയെർ (1948-): കനേഡിയൽ കവി. 1948-ൽ സസ്ക്കാറ്റ്ച്ചെവാനിലെ സ്വിഫ്റ്റ് കരന്റിൽ ജനനം. പതിനഞ്ചിലേറെ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോർട്ട് സാനിൻ സമ്മർ സ്കൂൾ ഓഫ് ദ് ആർട്ട്സ് സ്ഥാപിക്കാൻ മുൻകൈയ്യെടുത്തു. ഗ്രെയിൻ എന്ന പേരിലും സാൾട്ട് എന്ന പേരിലും രണ്ട് പ്രധാനപ്പെട്ട സാഹിത്യ ജേണലുകളും ക്രോസിയറിന്റെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ചു. 1978 മുതൽ കവി പാട്രിക് ലെയിനിനു ഒപ്പം ജീവിക്കാൻ തുടങ്ങി. 1992 ലെ ഗവർണർ ജനറൽസ് അവാർഡ് ക്രോസിയെർക്കായിരുന്നു. 2009-ൽ റോയൽ സൊസൈറ്റി ഓഫ് കാനഡയിൽ ഫെലോ ആയി. 2011-ൽ ഓഫീസർ ഓഫ് ദ് ഓർഡർ ഓഫ് ദ് കാനഡ പദവിയും ലഭിച്ചു.