ഒരാൾ ഒരു കല്ലിനെ പതിയിരുന്നാക്രമിച്ച് കൈക്കലാക്കി. ഇരുട്ടുമുറിയിൽ തടവിലിട്ടു. തന്റെ ശിഷ്ടകാലം മുഴുവൻ അതിനു കാവൽ നിന്നു.
എന്തിനാണ് ഇതെന്ന് അയാളുടെ അമ്മ ചോദിച്ചു.
അതിനെ പിടിച്ച് അടിമയാക്കിയതാണെന്നും അത് കീഴടക്കപ്പെട്ടതാണെന്നും അയാൾ പറഞ്ഞു.
നോക്ക്, കല്ല് ഉറക്കത്തിലാണ്, അമ്മ പറഞ്ഞു, താനൊരു പൂന്തോട്ടത്തിലാണോ അതോ മറ്റെവിടെയെങ്കിലുമാണോ എന്നൊന്നും അതറിയാൻ പോകുന്നില്ല. നിത്യതയും കല്ലും അമ്മയും മകളുമാണ്; പ്രായമേറുന്നത് നിനക്കാണ്, കല്ല് ഉറങ്ങുക മാത്രമാണ്.
പക്ഷേ അമ്മേ, ഞാനതിനെ കൈക്കലാക്കിയതാണ്. പിടിച്ചടക്കപ്പെട്ടതോടെ അത് എന്റേതായിരിക്കുന്നു, അയാൾ പറഞ്ഞു.
കല്ല് ആരുടേതുമല്ല, എന്തിന് അത് അതിന്റേതുപോലുമല്ല, ഇവിടെ കീഴടക്കപ്പെട്ടിരിക്കുന്നത് നീയാണ്. തടവിലുള്ളതിനെയും നോക്കിയിരിക്കുന്നത് നീയാണ്, അത് നീ തന്നെയാണ്, പുറത്തുപോകാൻ പേടിയുള്ളത് നിനക്കാണ്, അമ്മ പറഞ്ഞു.
അതെയതെ, എനിക്കു പേടിയാണ്, കാരണം നിങ്ങളൊരിക്കലും എന്നെ സ്നേഹിച്ചിരുന്നില്ലല്ലോ, അയാൾ പറഞ്ഞു.
അത് ശരിയാ, കല്ല് നിന്നോട് എങ്ങനെയാണോ അതേമട്ടിലായിരുന്നു നീ എല്ലായിപ്പോഴും എന്നോട്, അമ്മ പറഞ്ഞു.
A Stone Is Nobody's by Russell Edson
റസ്സൽ എഡ്സൺ (1928-2014): അമേരിക്കൻ കവിയും നോവലിസ്റ്റും ചിത്രകാരനും. ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിൽ ജനിച്ച എഡ്സൺ, 1950-കളിൽ കവിതകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ദ് ടണൽ: സെലക്റ്റഡ് പോയംസ് പ്രധാന കൃതി. റസ്സൻ എഡ്സൻ്റെ കവിതകളെക്കുറിച്ച് കൂടുതലറിയാം →